|    Sep 26 Wed, 2018 1:48 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

വ്യക്തിനിയമം: മുസ്‌ലിംരാജ്യങ്ങളിലെ നടപടികളും പഠിക്കുന്നു

Published : 25th January 2017 | Posted By: fsq

 

ന്യൂഡല്‍ഹി: മുസ്‌ലിം വ്യക്തിനിയമം സംബന്ധിച്ച മുസ്‌ലിം രാജ്യങ്ങളിലെ നടപടിക്രമങ്ങള്‍ ദേശീയ നിയമ കമ്മീഷന്‍ പഠിക്കുന്നു. രാജ്യത്ത് ഏക സിവില്‍കോഡ് നടപ്പാക്കുന്നതു സംബന്ധിച്ച് കമ്മീഷന്‍ നേരത്തേ ചോദ്യാവലി പുറത്തുവിട്ടതിനു തുടര്‍ച്ചയാണു നടപടി. മുത്വലാഖ് വിഷയത്തില്‍ മുസ്‌ലിംകള്‍ക്കിടയില്‍ ഭിന്നാഭിപ്രായമുണ്ടെന്ന് കമ്മീഷന്‍ അധ്യക്ഷന്‍ ബി എസ് ചൗഹാന്‍ പറഞ്ഞു. പാകിസ്താന്‍, തുര്‍ക്കി തുടങ്ങിയ 18 മുസ്‌ലിം രാജ്യങ്ങളില്‍ മുത്വലാഖ് നിരോധിക്കുകയോ പരിഷ്‌കരിക്കുകയോ ചെയ്തിട്ടുണ്ട്. വിവാഹമോചനത്തിനു മുമ്പ് നിയമാധികാരമുള്ള ഖാസിയുടെ പരിശോധന ചില രാജ്യങ്ങളില്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഒരു വ്യക്തി വിവാഹമോചനം ആവശ്യപ്പെട്ട് വന്നാല്‍ ഖാസി അതു പരിശോധിച്ച ശേഷമേ വിവാഹബന്ധം വേര്‍പ്പെടുത്താന്‍ അനുമതി ലഭിക്കൂ. വിവാഹമോചന ശേഷം 90 ദിവസത്തെ ഇദ്ദ (ഗര്‍ഭിണിയാണോ എന്ന് അറിയാനുള്ള കാത്തിരിപ്പു സമയം) ഇരിക്കുന്ന കാര്യത്തിലും പരിഷ്‌കരണം കൊണ്ടുവന്നിട്ടുണ്ട്. ഇത്തരം നടപടികള്‍ ഇന്ത്യയിലും നടപ്പാക്കുന്നതിനെക്കുറിച്ചു പഠിച്ചുവരുകയാണെന്നും കമ്മീഷന്‍ അധ്യക്ഷന്‍ പറഞ്ഞു.വിവാഹം, വിവാഹമോചനം, അനന്തരാവകാശം തുടങ്ങിയ മുസ്‌ലിം വ്യക്തിനിയമങ്ങള്‍ പരിഷ്‌കരിക്കണമെന്നാവശ്യപ്പെടുന്ന ഹരജികള്‍ നിലവില്‍ സുപ്രിംകോടതിയുടെ പരിഗണനയിലുണ്ട്. ഏകീകൃത വ്യക്തിനിയമം കൊണ്ടുവരേണ്ടതുണ്ടോ, നിലവിലെ വ്യക്തിനിയമം തന്നെ തുടരണോ, ഏക സിവില്‍കോഡ് ലിംഗനീതി ഉറപ്പാക്കുമോ തുടങ്ങിയ ചോദ്യങ്ങളടങ്ങിയ പട്ടിക ഒക്ടോബറിലാണ് നിയമകമ്മീഷന്‍ ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചത്. മുത്വലാഖും ബഹുഭാര്യത്വവും നിര്‍ത്തലാക്കണോ, ഏക സിവില്‍കോഡ് നടപ്പാക്കുന്നത് വിശ്വാസസ്വാതന്ത്ര്യത്തെ ഹനിക്കുമോ തുടങ്ങിയ 16 ചോദ്യങ്ങളാണ് സൈറ്റിലുള്ളത്. ചോദ്യാവലിയോട് പ്രതികരിക്കാനായി വിവിധ രാഷ്ട്രീയപ്പാര്‍ട്ടികള്‍, മുസ്‌ലിം മതസംഘടനകള്‍ എന്നിവയ്ക്കു കമ്മീഷന്‍ കത്തയച്ചിരുന്നു. ഇതിനുപുറമേ പൊതുജനങ്ങളില്‍ നിന്നും കമ്മീഷന്‍ മറുപടി ആരാഞ്ഞിരുന്നു. ചോദ്യാവലി ബഹിഷ്‌കരിക്കണമെന്നായിരുന്നു അഖിലേന്ത്യാ മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡ് ഉള്‍പ്പെടെയുള്ള മുസ്്‌ലിം സംഘടനകളുടെ നിലപാട്. 40,000 പ്രതികരണങ്ങള്‍ വന്നിട്ടുണ്ടെന്നും ഇതെല്ലാം പരിശോധിച്ചുകൊണ്ടിരിക്കുകയാണെന്നും ബി എസ് ചൗഹാന്‍ അറിയിച്ചു. വിവാഹമോചനത്തിന്റെ കാര്യത്തില്‍ ഏകീകൃത നിയമം അനിവാര്യമാണെന്ന കേരള ഹൈക്കോടതിയുടെ അഭിപ്രായപ്രകടനവും ഈ വിഷയത്തില്‍ കമ്മീഷന്‍ പരിഗണിക്കും. വിവാഹത്തിനും വിവാഹമോചനത്തിനും ഏകീകൃത നിയമം അനിവാര്യമാണെന്നും വിവാഹമോചനം ഖുര്‍ആന്‍ അനുശാസിക്കുന്നവിധത്തിലല്ല ഇന്ത്യയില്‍ നടക്കുന്നതെന്നും വിവിധ ഹരജികള്‍ പരിഗണിക്കവെ കഴിഞ്ഞ മാസം 17നാണ് കേരള ഹൈക്കോടതി അഭിപ്രായപ്പെട്ടത്. അനിയന്ത്രിതമായ വിവാഹമോചനംമൂലം മുസ്‌ലിംസ്ത്രീകള്‍ വളരെയധികം ദുരിതം അനുഭവിക്കുന്നുണ്ടെന്നും വിശാലമായ നിയമനിര്‍മാണത്തിലൂടെ മാത്രമേ ഇതിനു പരിഹാരം കാണാന്‍ കഴിയൂവെന്നും ജസ്റ്റിസ് എ മുഹമ്മദ് മുഷ്താഖ് വ്യക്തമാക്കിയിരുന്നു. കേരള ഹൈക്കോടതിയുടെ ഈ നിരീക്ഷണങ്ങളും നിലവില്‍ സുപ്രിംകോടതിയുടെ പരിഗണനയിലുള്ള കേസില്‍ നിയമകമ്മീഷന്‍ റഫറന്‍സായി എടുക്കും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss