|    Apr 28 Fri, 2017 2:04 am
FLASH NEWS

വ്യക്തിനിയമം മുറിപ്പെടുത്താന്‍ ഉദ്ദേശിക്കുന്നില്ല- നിയമ കമ്മീഷന്‍

Published : 15th November 2016 | Posted By: SMR

ന്യൂഡല്‍ഹി: ഒരു മതത്തിന്റെയും വ്യക്തിനിയമങ്ങളെ മുറിവേല്‍പിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നു നിയമ കമ്മീഷന്‍ ചെയര്‍മാന്‍. ഇന്ത്യാടുഡേക്ക് അനുവദിച്ച അഭിമുഖത്തിലാണ് ഏക സിവില്‍കോഡിനെക്കുറിച്ച് ഉയരുന്ന വിവാദങ്ങളെക്കുറിച്ച് ചെയര്‍മാന്‍ ബി എസ് ചൗഹാന്‍ പ്രതികരിച്ചത്. ഏക സിവില്‍കോഡിനെക്കുറിച്ചു ജനങ്ങളില്‍ നിന്ന് അഭിപ്രായം തേടുക മാത്രമാണ് ചെയ്തത്. ഒരു മതത്തിന്റെയും വ്യക്തിനിയമങ്ങള്‍ക്കു കോട്ടം തട്ടാത്ത രീതിയിലായിരിക്കും അന്തിമ തീരുമാനമെടുക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
കുടുംബനിയമങ്ങളും ലിംഗസമത്വവും കൂട്ടിയിണക്കാനുള്ള ശ്രമമാണ് നടത്തുന്നത്. ഓരോ മതത്തിനും അവരുടെ വ്യക്തിനിയമങ്ങള്‍ തുടര്‍ന്നും കൊണ്ടുപോകാം. അതില്‍ വരുത്തേണ്ട മാറ്റത്തെക്കുറിച്ചാണ് അഭിപ്രായം തേടുന്നത്. മതസ്വാതന്ത്ര്യത്തെ ബാധിക്കാത്ത തരത്തിലായിരിക്കും അത്. വ്യക്തിനിയമങ്ങള്‍ ഏകീകരിക്കേണ്ട ആവശ്യമുണ്ടെന്നു തോന്നുന്നില്ല. ഏക സിവില്‍കോഡില്‍ ലിംഗവിവേചനവും നീതിനിഷേധവുമില്ലെന്നാണ് മനസ്സിലാക്കുന്നത്. മുത്വലാഖ് വിഷയത്തില്‍, ഒറ്റയടിക്കു വിവാഹമോചനം നടത്തുന്ന കാര്യമാണ് പരിഗണിക്കുന്നതെന്നും ഇസ്‌ലാമിക നിയമത്തില്‍ വിവരിക്കുന്ന സാധാരണ ത്വലാഖിനെക്കുറിച്ചല്ലെന്നും ചൗഹാന്‍ പറഞ്ഞു. ഇപ്പോള്‍ കോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാല്‍ തീരുമാനം കോടതിവിധിക്കു വിധേയമായിട്ടായിരിക്കും. സിവില്‍കോഡും മതസ്വാതന്ത്ര്യവും ഒരുമിച്ചു നിലനിര്‍ത്താനാണ് ശ്രമം. പരിഷ്‌കാരം ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്ന മതേതരത്വം, സമത്വം, മതസ്വാതന്ത്ര്യം ഉള്‍െപ്പടെയുള്ള തത്ത്വങ്ങള്‍ക്ക് അനുസരിച്ചായിരിക്കും- അദ്ദേഹം പറഞ്ഞു.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day