|    Feb 26 Sun, 2017 2:21 am
FLASH NEWS

വ്യക്തിഗത വാസഗൃഹങ്ങള്‍ക്ക് താല്‍ക്കാലിക നമ്പര്‍ നല്‍കും

Published : 30th November 2016 | Posted By: SMR

കണ്ണൂര്‍: കെട്ടിടനിര്‍മാണ ചട്ടങ്ങള്‍ ലംഘിക്കപ്പെടുന്ന 1500 സ്‌ക്വയര്‍ഫീറ്റ് വരെയുള്ള വ്യക്തിഗത വാസഗൃഹങ്ങള്‍ക്ക് താല്‍ക്കാലിക നമ്പര്‍(യുഎ) നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവായി. നേരത്തെ 100 സ്‌ക്വയര്‍ ഫീറ്റ് വരെയുള്ള കെട്ടിടങ്ങള്‍ക്ക് യുഎ നമ്പര്‍ നല്‍കാന്‍ ഇറക്കിയ ഉത്തരവില്‍ ഭേദഗതി വരുത്തിയാണു നടപടി. യുഎ നമ്പര്‍ നല്‍കി എന്ന കാരണത്താല്‍ ഇത്തരം കെട്ടിടങ്ങള്‍ അനധികൃത നിര്‍മാണത്തിനെതിരേ സ്വീകരിക്കേണ്ട നിയമനടപടികളില്‍നിന്നു ഒഴിവാക്കപ്പെടുന്നില്ലെന്ന നിര്‍ദേശം മുമ്പ് പുറപ്പെടുവിച്ച ഉത്തരവിലുണ്ടായിരുന്നു. ഇതിലാണു ഭേദഗതി വരുത്തിയത്. 1500 സ്‌ക്വയര്‍ ഫീറ്റ് വരെയുള്ള അനധികൃത വ്യക്തിഗത വാസഗൃഹങ്ങള്‍ക്ക് നമ്പര്‍ ലഭിക്കാത്തത് കാരണം ഇത്തരക്കാര്‍ ഏറെ ബുദ്ധിമുട്ടിയിരുന്നു. ഇതുസംബന്ധിച്ച് പരാതികള്‍ വ്യാപകമായതോടെയാണ് ചട്ടത്തില്‍ സര്‍ക്കാര്‍ ഇളവുവരുത്തിയത്. പരിഷ്‌കരിച്ച ഉത്തരവ് പ്രകാരം താല്‍കാലിക റസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കി നിയമപ്രകാരമുള്ള സാക്ഷ്യപത്രങ്ങള്‍ അനുവദിക്കുന്നതിനും വസ്തുനികുതി ഈടാക്കുന്നതിനും അതാത് പഞ്ചായത്ത്, മുനിസിപ്പല്‍, കോര്‍പറേഷന്‍ സെക്രട്ടറിമാര്‍ക്ക് നിര്‍ദേശം നല്‍കി. റേഷന്‍കാര്‍ഡ്, വൈദ്യുതി കണക്ഷന്‍, കുടിവെള്ള കണക്ഷന്‍, വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കല്‍ എന്നിവയ്ക്ക് താല്‍കാലിക റസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റ് ഉപയോഗിക്കാം. എന്നാല്‍, ഇത്തരം വീടുകളുടെ പൂര്‍ണവിവരം മുനിസിപ്പല്‍, കോര്‍പറേഷന്‍, പഞ്ചായത്ത് അധികൃതര്‍ പ്രത്യേകം രജിസ്റ്ററില്‍ സൂക്ഷിക്കണം. ഇപ്രകാരം യുഎ നമ്പര്‍ നല്‍കുന്ന വീടുകള്‍ ഭാവിയില്‍ തുടര്‍നിര്‍മാണം ചടങ്ങള്‍ക്ക് വിധേയമായി മാത്രമേ നടത്താന്‍ പാടുള്ളൂ. ശാസ്ത്ര സാങ്കേതിക വകുപ്പ് മുഖേന തീരദേശ പരിപാലന നിയമം (സിആര്‍ഇസഡ്) കര്‍ശനമാക്കിയതോടെ തീരദേശത്തെ വീടുകള്‍ക്ക് താല്‍കാലിക നമ്പര്‍ (യുഎ) പോലും നല്‍കാന്‍ തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് കഴിഞ്ഞിരുന്നില്ല. 500 മീറ്റര്‍ പരിധിയില്‍ വീടുവയ്ക്കണമെങ്കില്‍ തീരപരിപാലന അതോറിറ്റിയുടെ അനുമതി വേണം. ഇതു ലംഘിച്ച് വീടു വയ്ക്കുകയോ അനുമതി നല്‍കുകയോ ചെയ്താല്‍ ഏഴുവര്‍ഷം തടവും ഒന്നര ലക്ഷം രൂപ പിഴയും ശിക്ഷ ലഭിക്കും. നിയമം കര്‍ശനമാക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. ഇതിനെതിരേ വ്യാപക പ്രതിഷേധം ഉയര്‍ന്നതോടെ സര്‍ക്കുലര്‍ മരവിപ്പിക്കുമെന്ന് കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ ഉറപ്പുനല്‍കിയിരുന്നെങ്കിലും നടപ്പായില്ല. അതേസമയം, സംസ്ഥാനത്ത് വ്യാപകമായി അനധികൃത നിര്‍മാണ പ്രവര്‍ത്തനം നടക്കുകയാണെന്ന് തദ്ദേശഭരണ വിഭാഗത്തിലെ വിജിലന്‍സ് റിപോര്‍ട്ട് ചെയ്തിട്ടുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 9 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക