|    Dec 17 Sun, 2017 7:34 pm
FLASH NEWS

വോട്ട് പിടിക്കാനായി രാഷ്ട്രീയ പാര്‍ട്ടികളുടെ നെട്ടോട്ടം; വെള്ളത്തിനും വഴിക്കുമായി കര്‍ഷകരും

Published : 29th October 2015 | Posted By: SMR

കെ വിസുബ്രഹ്മണ്യന്‍

കൊല്ലങ്കോട്: തിരഞ്ഞെടുപ്പിന് ആറ് ദിവസം ബാക്കി നില്‍ക്കേ വോട്ടഭ്യര്‍ഥന സജീവമാകുമ്പോള്‍ കുടിവെള്ളത്തിനും വഴിക്കുമായി ജനങ്ങള്‍ സ്ഥാനാര്‍ഥികളുടെ മുമ്പില്‍ ചോദ്യശരങ്ങളാകുന്നു. സ്ഥിരതയുള്ളതും അഴിമതിയും സ്വജനപക്ഷപാതവുമില്ലാത്ത ഭര്‍ണത്തിനാണ് ഇത്തവണ വോട്ട് രേഖപ്പെടുത്തുക എന്നാണ് പ്രദേശത്തെ വോട്ടര്‍മാരില്‍ നിന്നുയരുന്നത്.
കുടിവെള്ളം, പാര്‍പ്പിടം, പഞ്ചായത്ത് തലത്തില്‍ ചെറുകിട തൊഴില്‍ സംരംഭങ്ങള്‍ എന്നിവ നടപ്പിലാക്കാനും ശ്രമിക്കുന്നവര്‍ക്കാണ് വോട്ടു രേഖപ്പെടുത്തുക എന്നാണ് ഗ്രാമീണ ജനതയുടെ അഭിപ്രായം. എന്നാല്‍ ഭരിച്ചവര്‍, ഭരണ തുടര്‍ച്ച നിലനിര്‍ത്താല്‍ ശ്രമിക്കുമ്പോള്‍ മറുഭാഗത്ത് പഞ്ചായത്തംഗങ്ങളുടെ എണ്ണം വര്‍ധിപ്പിക്കാനുള്ള ശ്രമങ്ങളാണ് സാമ്പ്രദായിക രാഷ്ട്രീയപാര്‍ട്ടികള്‍ ആലോചിക്കുന്നത്. മാംഗോ സിറ്റി എന്നറിയപ്പെടുന്ന മുതലമട പഞ്ചായത്തില്‍ 20 അംഗങ്ങളാണ്. കോണ്‍ഗ്രസില്‍ നിന്നും ഭരണം പിടിക്കാന്‍ ഇടതുപക്ഷം ശ്രമിക്കുമ്പോള്‍ ഭരണ തുടര്‍ച്ചക്കായി കോണ്‍ഗ്രസും കിണഞ്ഞ് ശ്രമിക്കുന്നു. ബിജെപിയും വിജയപ്രതീക്ഷ തുടരുമ്പോള്‍ എസ്ഡിപിഐ, സ്വതന്ത്രര്‍, എഎപി പാര്‍ട്ടികള്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ജനകീയവിഷയങ്ങളുയര്‍ത്തി ശക്തമായ പ്രചരണമാണ് കാഴ്ചവെക്കുന്നത്.
കുടിവെള്ള പദ്ധതികള്‍ നടപ്പിലാക്കുന്നതില്‍ ഭരണ സമിതി വിജയിച്ചുവെന്ന് പറയുമ്പോഴും അഞ്ച് ഡാമുകളുള്ള പഞ്ചായത്തില്‍ കാര്‍ഷികാവശ്യത്തിന് മതിയായ തോതില്‍ വെളളം ലഭിക്കുന്നില്ല എന്നതും മീങ്കര, ചുള്ളിയാര്‍ ഡാമുകമുടെ ഉദ്യാനങ്ങള്‍ നവീകരിക്കുന്നതിലും വേണ്ടത്ര ശ്രദ്ധിച്ചില്ല എന്നും ഭരണ പ്രതിപക്ഷ അംഗങ്ങളുടെ സഹകരണത്തോടെ അനധികൃത ക്വാറികളുടെ പ്രവര്‍ത്തനവും എസ്ഡിപിഐ ജനങ്ങള്‍ക്കിടയില്‍ ഉയര്‍ത്തിക്കാട്ടുന്നു. വോട്ടു പിടിക്കാനായി രാഷ്ട്രീയ പാര്‍ട്ടിക്കാര്‍ നെട്ടോട്ടമോടുമ്പോള്‍ വിത്തിറക്കിയ കര്‍ഷകര്‍ കാര്‍ഷിക പണികള്‍ തുടര്‍ന്ന് ചെയ്യുന്നതിന് വെള്ളത്തിനായുള്ള ഓട്ടത്തിലാണ്. അതേസമയം മുതലമട 11ാം വാര്‍ഡില്‍ ഇത്തവണ ജനങ്ങള്‍ എത്രപേര്‍ വോട്ട് ചെയ്യുമെന്ന് കാത്തിരുന്ന് കാണേണ്ട സ്ഥിതിയാണ്.
പ്രചാരണത്തിനെത്തുന്ന 11 ാംവാര്‍ഡിനെ പ്രതിനിധീകരിച്ച യുഡിഎഫ് മെംബര്‍ക്കുമുമ്പിലും സ്ഥലം എംഎല്‍എ വി ചെന്താമരാക്ഷന് മുമ്പിലും പറമ്പിക്കുളം നിവാസികള്‍ കാലങ്ങളായി ചോദിക്കുന്ന റോഡ് ഇന്നും ഉയരുന്നു. പറമ്പിക്കുളത്തേക്ക് പോകണമെങ്കില്‍ തമിഴ്‌നാട് ചെക്‌പോസ്റ്റ് കടന്ന് മാത്രമേ കേരളത്തിലെ പഞ്ചായത്തായ ഇവിടേക്ക് എത്താന്‍ കഴിയൂ. പറമ്പിക്കുളത്തേക്ക് കേരളത്തിലൂടെ റോഡ് കൊണ്ടുവരണമെന്നും അതിനായി ആരും പരിശ്രമിക്കുന്നില്ലെന്നും പറമ്പിക്കുളം മേഖലയിലെ ആദിവാസികളുള്‍പ്പടെ ആവശ്യപ്പെടുന്നു.
കേരളാ അതിര്‍ത്തിയിലൂടെ വഴി എന്ന സ്വപ്‌നം ഇനിയും പ്രാവര്‍ത്തികമാക്കാന്‍ മാറി വരുന്ന സര്‍ക്കാരുകള്‍ക്കോ പഞ്ചായത്തിനെ പ്രതിനിധാനം ചെയ്യുന്നവര്‍ക്കോ ആയില്ല. വോട്ടു ചെയ്യാന്‍ വരെ തമിഴ്‌നാട് ചെക്ക്‌പോസ്റ്റ് കടന്നുവേണം. അതേസമയം വോട്ടിനായി മലയാളം തമിഴ് ഭാഷകളിലായുള്ള ചുമരെഴുത്തും ഫഌക്‌സുകളും പറമ്പിക്കുളം കോളനികളില്‍ സ്ഥാപിച്ചിരിക്കയാണ് സാമ്പ്രദായിക രാഷ്ട്രീയ പാര്‍ട്ടിക്കാര്‍. മുതലമട പഞ്ചായത്തിലെ 11ാം വാര്‍ഡില്‍ ഉള്‍പ്പെടുന്ന പറമ്പിക്കുളം വിധിയെഴുതുന്നത് അതുകൊണ്ട് തന്നെ ചരിത്രമാകും. കൊല്ലങ്കോട് പഞ്ചായത്തില്‍ സ്ഥിരമായ ഭരണ സംവിധാനമാണ് വോട്ടര്‍മാര്‍ താല്‍പര്യപ്പെടുന്നത്. 18 വാര്‍ഡുകളില്‍ യുഡിഎഫ്-9. എല്‍ഡിഎഫ്- 9 വന്നപ്പോള്‍ ടോസിലൂടെ ഭരണം യുഡിഎഫ് നേടിയെങ്കിലും ഗ്രൂപ്പ് തര്‍ക്കവും അഴിമതിയും അവിശ്വാസ പ്രമേയവും ഭരണം നഷ്ടപ്പെടുത്തി. പിന്നീട് എല്‍ഡിഎഫ് ഭരണം ഏറ്റെടുത്തത് മാസങ്ങള്‍ മാത്രമായെങ്കിലും ഒന്നും ചെയ്യാനായില്ല.
ഇടതു കോട്ടയെന്ന് പറയുമ്പോഴും വിഭാഗീയത വോട്ടുചോര്‍ച്ചക്ക് വഴിവെക്കുമോ എന്ന് കാണേണ്ടതുതന്നെയാണ്. വിമതര്‍, എസ്എന്‍ഡിപി സ്ഥാനാര്‍ഥികള്‍, സ്വതന്ത്രരും മല്‍സര രംഗത്തുണ്ട്. കുടിവെള്ള പ്രശനം, മാലിന്യ പ്രശ്‌നങ്ങള്‍, സര്‍ക്കാര്‍ ആശുപത്രിയില്‍ കിടത്തി ചികില്‍സ ഇല്ലായ്മ, ബസ് സ്റ്റാന്റ് റോഡ് അഴിമതി, ഗായത്രി പുഴ ചെക്ക്ഡാം അഴിമതി, അനധികൃത ഇഷ്ടികചൂളകള്‍ക്ക് അനുമതി നല്‍കല്‍ എന്നിവ തിരഞ്ഞെടുപ്പില്‍ ചൂടേറിയ ചര്‍ച്ചാ വിഷയമാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss