|    Jan 18 Thu, 2018 7:58 am
FLASH NEWS
Home   >  Editpage  >  Article  >  

വോട്ട് ചെയ്യാതിരിക്കാനും സ്വാതന്ത്ര്യം വേണം

Published : 15th May 2016 | Posted By: SMR

slug-avkshngl-nishdnglഅംബിക

”ഈ സ്വാതന്ത്ര്യം നുണയാണ്, അവരുടെ കള്ളക്കഥയാണ്”- കാതില്‍ മുഴങ്ങുന്നത് സുഹൃത്ത് പ്രശാന്തിന്റെ പാട്ടാണ്.
വീട്ടില്‍നിന്ന് ഇറങ്ങുമ്പോഴാണ് നാടിന്റെ ജനാധിപത്യം സംരക്ഷിക്കാന്‍ തങ്ങളുടെ സ്ഥാനാര്‍ഥിയെ വിജയിപ്പിക്കണമെന്ന അഭ്യര്‍ഥനയുമായി ഒരുസംഘം വന്ന് വോട്ട് ചോദിച്ചു പോയത്. ഇനിയൊരിക്കലും വോട്ട് ചെയ്യേണ്ടെന്ന തീരുമാനത്തിലേക്ക് ഞാനെത്തിയിട്ട് വര്‍ഷങ്ങളായിരിക്കുന്നു.
കേരളത്തില്‍ തിരഞ്ഞെടുപ്പു പ്രചാരണം ഉച്ചസ്ഥായിയിലാണ്. മുന്നിലൂടെ നീങ്ങിക്കൊണ്ടിരിക്കുന്നതു വിവിധ കക്ഷികളുടെ കാവിയും ചെങ്കാവിയും ത്രിവര്‍ണവും പച്ചയും നീലയും ഇടകലര്‍ന്ന വിവിധ കൊടികളും ബാനറുകളുംകൊണ്ട് അലങ്കരിച്ച രഥങ്ങള്‍. കിരീടമില്ലാത്ത രാജാക്കന്‍മാരെപ്പോലെ സ്ഥാനാര്‍ഥികളും അവരുടെ സില്‍ബന്ധികളും. കൊട്ടും പാട്ടും ബഹളവും.
69 ശതമാനം ഇന്ത്യക്കാരും എതിര്‍ത്ത് വോട്ട് ചെയ്തിട്ടും പ്രധാനമന്ത്രിയായ ആളാണ് നരേന്ദ്രമോദി. ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ ഗുജറാത്ത് വംശഹത്യക്ക് നേതൃത്വം കൊടുത്ത ആളുമാണ് അദ്ദേഹം. ഒരു വംശഹത്യയുടെ ആസൂത്രകനായ നരേന്ദ്രമോദി മതേതര ജനാധിപത്യ ഇന്ത്യയുടെ പ്രധാനമന്ത്രിപദത്തിലെത്തിയിരിക്കുന്നു. ഇത്തരമൊരു ജനാധിപത്യത്തില്‍ വോട്ട് ചെയ്യുന്നതിലെ കഥയില്ലായ്മ ബോധ്യപ്പെട്ടവര്‍ വോട്ട് ചെയ്യേണ്ടെന്നു തീരുമാനിക്കുന്നത് കുറ്റകരമാവുന്നതെങ്ങനെ? കേരളത്തില്‍ വോട്ട് ബഹിഷ്‌കരിക്കാന്‍ ആഹ്വാനംചെയ്തതിന്റെ പേരില്‍ ഏതാനും ദിവസങ്ങള്‍ക്കകം യുഎപിഎ ചുമത്തപ്പെട്ട് ജയിലിലടയ്ക്കപ്പെട്ടവരുടെ എണ്ണം എട്ടായിരിക്കുന്നു. ബഹിഷ്‌കരണം ആഹ്വാനം ചെയ്യുന്ന പോസ്റ്റര്‍ പതിച്ചു എന്നാരോപിച്ചാണ് കഴിഞ്ഞ ദിവസം കോഴിക്കോട്ട് രണ്ടുപേരെക്കൂടി അറസ്റ്റ് ചെയ്തിരിക്കുന്നത്.
വോട്ട് ചെയ്യാതിരിക്കാന്‍പോലും അവകാശമില്ലാത്ത സ്വാതന്ത്ര്യം സ്വാതന്ത്ര്യമല്ലെന്നുറപ്പാണ്. അത് യുഎപിഎ ചുമത്താവുന്ന കുറ്റമായി മാറുന്നതിലെ സാംഗത്യമാണു പിടികിട്ടാത്തത്. ഭൂരിപക്ഷം ജനങ്ങള്‍ എതിര്‍ക്കുന്നയാള്‍ ഭരിക്കുമ്പോള്‍ എങ്ങനെയാണ് അതു ജനാധിപത്യമാവുക എന്നതും ഏറെ കുഴക്കുന്ന പ്രശ്‌നം തന്നെ.
വിദേശപര്യടനപ്രിയനായ പ്രധാനമന്ത്രി നരേന്ദ്രമോദി ഇപ്പോള്‍ സഞ്ചാരം കേരളത്തിലേക്കു മാറ്റിയിരിക്കുന്നു. കേരളത്തില്‍ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ താമരവിരിയിക്കാമെന്നു കരുതിയോ അതോ കേരളത്തെ ഗുജറാത്താക്കാമെന്ന വ്യാമോഹത്താലോ എന്നറിയില്ല കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്കിടെ രണ്ടുപ്രാവശ്യമാണ് അദ്ദേഹം കേരളം സന്ദര്‍ശിച്ചത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കേരളത്തെ സോമാലിയയോട് മോദി ഉപമിക്കുകയുണ്ടായി. ഇപ്പോള്‍ എവിടെ തിരിഞ്ഞാലും കേള്‍ക്കുന്നതു സോമാലിയയാണ്. മാധ്യമങ്ങളിലും തിരഞ്ഞെടുപ്പുരംഗത്തുമെല്ലാം.
കേരളത്തിന്റെ വികസനമേന്മ മാത്രം പ്രചരിപ്പിക്കുന്നവരെല്ലാം ഒറ്റക്കെട്ടായി ആ പ്രയോഗത്തിനെതിരേ തിരിഞ്ഞതു സ്വാഭാവികം മാത്രം. അത്തരമൊരു പ്രയോഗത്തിനു വഴിയൊരുക്കിയത് തീര്‍ച്ചയായും ദലിത്-ആദിവാസി മേഖലകളില്‍ നടക്കുന്ന വര്‍ധിച്ച ശിശുമരണനിരക്കു തന്നെയാണ്. ലോകത്തിനു തന്നെ മാതൃകയാണ് കേരള വികസനമാതൃക എന്നാണ് പൊതുവെയുള്ള അഭിപ്രായം. വികസനരംഗത്ത് കേരളം ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഒന്നാമതാണ്. ഇതെല്ലാം അംഗീകരിക്കാം. പക്ഷേ, പാലക്കാട്ടെ അട്ടപ്പാടിയും മലപ്പുറം ജില്ലയിലെ നിലമ്പൂര്‍ ചേനപ്പാടിയും താഴേക്കോട് ആദിവാസി കോളനികളും വയനാട് ജില്ലയിലെ വാളയാടും തിരുനെല്ലി ആദിവാസി കോളനികളുമെല്ലാം കേരളത്തില്‍ തന്നെയാണ്. ഇവരെങ്ങനെ കേരള വികസനമാതൃകയ്ക്കു പുറത്തായി? ഇവരും ഇവിടത്തെ മനുഷ്യരില്‍ ഉള്‍പ്പെടുമെന്ന കാര്യം പാടെ മറന്ന്, ഇടതും വലതുമായി ഇക്കാലമത്രയും കേരളം ഭരിച്ചവര്‍ക്ക് അതിന്റെ ഉത്തരവാദിത്തത്തില്‍നിന്ന് ഒഴിഞ്ഞുമാറാനാവില്ല.
പക്ഷേ, കേരളത്തിലെ ആദിവാസി-ദലിത് ജീവിതാവസ്ഥയെക്കുറിച്ചു വികാരംകൊള്ളുന്ന പ്രധാനമന്ത്രി ഇന്ത്യയിലെ ഇതരസംസ്ഥാനങ്ങളിലെയോ അല്ലെങ്കില്‍ തന്റെ സ്വന്തം ഗുജറാത്തിലെയോ ദലിത് ജീവിതങ്ങളിലേക്കൊന്നു കണ്ണോടിച്ചാല്‍ നന്നായിരുന്നു. ഇന്ത്യയിലെ ദലിത് ജീവിതാവസ്ഥ സോമാലിയയിലേതിനു സമാനമാണെന്നു പറഞ്ഞാല്‍ അതിലൊട്ടുംതന്നെ അതിശയോക്തിയില്ല. അഞ്ചുവയസ്സില്‍ താഴെയുള്ള 20 ലക്ഷം കുട്ടികളാണ് ഇന്ത്യയില്‍ ഒരുവര്‍ഷം പട്ടിണികൊണ്ട് മരിക്കുന്നത്. ഓരോ 15 സെക്കന്‍ഡിലും ഒരു കുഞ്ഞ് പോഷകാഹാരക്കുറവുകൊണ്ട് മരിക്കുന്ന നാടാണ് ഇന്ത്യ. ഇത് യൂനിസെഫ് കണക്കാണ്. ലോകത്തെ മൂന്നിലൊന്ന് ദരിദ്രരും ഇന്ത്യയിലാണ് – 100 കോടി 20 ലക്ഷം! ഈ കണക്കൊന്നും അറിയാത്ത ആളല്ലല്ലോ നരേന്ദ്രമോദിയും അദ്ദേഹത്തിന്റെ ഉദ്യോഗസ്ഥവൃന്ദവും? അതുകൊണ്ട് കേരളത്തെ മാത്രം ഓര്‍ത്ത് മോദി വിഷമിക്കേണ്ട, ഇന്ത്യയിലെ ദലിത്-ആദിവാസി-ന്യൂനപക്ഷ വിഭാഗങ്ങളെയും ദരിദ്ര കര്‍ഷകരെയും ഇന്ത്യയുടെ ഭാഗമായി കാണാനും സോമാലിയയുടെ സ്ഥാനത്തേക്ക് ഇന്ത്യയെത്താതിരിക്കാനും ശ്രദ്ധിച്ചാല്‍ നന്ന്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day