|    Jan 17 Tue, 2017 12:22 pm
FLASH NEWS

വോട്ടുറപ്പിക്കാന്‍ നെട്ടോട്ടം; പ്രചാരണം ഫിനിഷിങ് പോയിന്റിലേക്ക്

Published : 12th May 2016 | Posted By: SMR

finishing-pointഎച്ച് സുധീര്‍

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ വിധിയെഴുത്തിന് ഇനി മൂന്നുനാള്‍ മാത്രം അവശേഷിക്കെ പോരാട്ടഭൂമിയില്‍ ചങ്കിടിപ്പേറി. പരസ്യപ്രചാരണം മറ്റന്നാള്‍ അവസാനിക്കും. പ്രചാരണം ഫിനിഷിങ് പോയിന്റിലേക്ക് എത്തിയതോടെ വോട്ടുറപ്പിക്കാനുള്ള നെട്ടോട്ടത്തിലാണു മുന്നണികളും പാര്‍ട്ടികളും.
അട്ടിമറികള്‍ക്കും അപ്രതീക്ഷിത മുന്നേറ്റങ്ങള്‍ക്കും ഇത്തവണത്തെ തിരഞ്ഞെടുപ്പ് സാക്ഷിയാവുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്ത ല്‍. ഒട്ടുമിക്ക മണ്ഡലങ്ങളും ത്രികോണ, ചതുഷ്‌കോണ മല്‍സരങ്ങളിലേക്കു നീങ്ങുന്നതിനൊപ്പം പലയിടങ്ങളിലും പ്രവചനവും അസാധ്യമാണ്. 77 മുതല്‍ 82 സീറ്റുകള്‍ വരെ നേടി അധികാരത്തിലെത്തുമെന്നാണ് ഇന്നലെ ചേര്‍ന്ന യുഡിഎഫ് തിരഞ്ഞെടുപ്പ് ഏകോപനസമിതിയുടെ വിലയിരുത്തല്‍. 90- 95 സീറ്റുകള്‍ വരെ നേടുമെന്നാണ് എല്‍ഡിഎഫ് കണക്കുകൂട്ടല്‍. അഞ്ച് സീറ്റുകളില്‍ വിജയസാധ്യതയുണ്ടെന്നാണ് എന്‍ഡിഎയുടെ പ്രതീക്ഷ.
സോളാര്‍, ബാര്‍കോഴ തുടങ്ങിയ അഴിമതി ആരോപണങ്ങളും അക്രമരാഷ്ട്രീയവുമായി ആരംഭിച്ച പ്രചാരണരംഗത്തിന്റെ രണ്ടാംഘട്ടത്തില്‍ ചര്‍ച്ചയായത് മുന്നണികളുടെ ബിജെപി, ആര്‍എസ്എസ് ബന്ധവും പെരുമ്പാവൂരിലെ ജിഷയെന്ന യുവതിയുടെ ക്രൂര കൊലപാതകവുമായിരുന്നു.
എന്നാല്‍, അന്തിമഘട്ടത്തി ല്‍ ദേശീയ നേതാക്കള്‍ കേരളത്തിലേക്ക് ഒഴുകിയെത്തിയതോടെ ദേശീയ വിഷയങ്ങളുടെ ചര്‍ച്ചയ്ക്കും മറുപടിക്കുമുള്ള വേദിയായി കേരളം മാറി.
അഗസ്ത വെസ്റ്റ്‌ലാന്റ് ഹെലികോപ്റ്റര്‍ അഴിമതിക്കേസുകളില്‍ വാക്‌പോരുമായി നരേന്ദ്രമോദി, സോണിയഗാന്ധി, സീതാറാം യെച്ചൂരി തുടങ്ങിയ പ്രമുഖ നേതാക്കളും കളം നിറഞ്ഞു.
അതിനിടെ, കേരളത്തെ സോമാലിയയോട് ഉപമിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവനയും വിവാദമായി. മോദിയുടെ പ്രസ്താവനയ്‌ക്കെതിരേ സോഷ്യല്‍ മീഡികളിലും മറ്റുമായി രാജ്യവ്യാപകമായ പ്രതിഷേധവും അലയടിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയെ മുന്‍നിര്‍ത്തി കേന്ദ്രമന്ത്രിമാരെയും ദേശീയ നേതാക്കളും വന്‍തോതില്‍ കേരളത്തിലേക്കെത്തിച്ച് ബിജെപിയും സീതാറാം യെച്ചൂരി, പ്രകാശ് കാരാട്ട്, സുധാകര്‍ റെഡ്ഡി തുടങ്ങിയവരുമായി എല്‍ഡിഎഫും സോണിയഗാന്ധി, എ കെ ആന്റണി, ഗുലാംനബി ആസാദ് തുടങ്ങിയവരുടെ നീണ്ടനിരയുമായി യുഡിഎഫും കളംനിറഞ്ഞതോടെ നിയമസഭാ തിരഞ്ഞെടുപ്പിനു ദേശീയപ്രസക്തിയും കൈവന്നു.
എസ്ഡിപിഐ-എസ്പി സഖ്യവും ആര്‍എംപി, വെല്‍ഫെയര്‍ പാര്‍ട്ടി, ബിഎസ്പി പാര്‍ട്ടികളും മല്‍സരരംഗത്തു നിര്‍ണായക ശക്തിയായതും വിമതരുടെയും അപരന്‍മാരുടെയും സാന്നിധ്യവുമാണു പല മണ്ഡലങ്ങളിലും ജയപരാജയങ്ങളുടെ ഗതിനിര്‍ണയിക്കുക.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 44 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക