|    May 26 Fri, 2017 2:56 pm
FLASH NEWS

വോട്ടുതേടിപ്പോയി; ആട്ടുവാങ്ങി വന്നു

Published : 16th May 2016 | Posted By: swapna en

slug--indraprastham
നിരീക്ഷകന്‍
തെക്കന്‍ സംസ്ഥാനങ്ങളിലും തിരഞ്ഞെടുപ്പു പ്രചാരണത്തിന്റെ കലാശക്കൊട്ടു കഴിഞ്ഞു. കേരളത്തിലും തമിഴ്‌നാട്ടിലും പുതുച്ചേരിയിലും നടക്കുന്ന തിരഞ്ഞെടുപ്പില്‍ കാര്യമായ പ്രതീക്ഷയൊന്നും ഭാരതീയ പശുവാദിപ്പാര്‍ട്ടിക്ക് ഉണ്ടെന്നു കരുതാനാവില്ല.
തമിഴ്‌നാട്ടില്‍ പാര്‍ട്ടിയുടെ സ്ഥിതി വളരെ മോശമായതായാണു വിലയിരുത്തല്‍. പഴയ ദ്രാവിഡരാഷ്ട്രീയം ഇപ്പോള്‍ അങ്ങനെ കടുത്ത ഊര്‍ജത്തോടെ നിലനില്‍ക്കുന്നില്ലെങ്കിലും ബിജെപിയുടെ ഉത്തരേന്ത്യന്‍ പരിവേഷവും സംസ്‌കാരവും എന്നും തമിഴ്ജനതയെ അകറ്റിനിര്‍ത്തിയിട്ടേയുള്ളൂ. അതിനാല്‍ പാര്‍ട്ടിക്ക് ഇന്നുവരെ കാര്യമായ നേട്ടമൊന്നും തമിഴ്മക്കള്‍ക്കിടയില്‍ ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടുമില്ല.
എന്നാല്‍, കേരളത്തില്‍ ഇന്നുവരെ ചക്കയിട്ടാല്‍ മുയലിനെ കിട്ടും എന്നുതന്നെയാണ് പാര്‍ട്ടിയുടെ ബുദ്ധിജീവികള്‍ കരുതിയിരുന്നത്. അതിനായി ചക്കയിടല്‍ വിദഗ്ധന്മാരെ രാജ്യത്തിന്റെ പലഭാഗത്തുനിന്നും സസ്യശ്യാമളകോമളമായ കേരളനാട്ടിലേക്ക് പലവിധ വാഹനങ്ങളില്‍ കയറ്റിയയക്കുകയും ചെയ്തിരുന്നു. കേന്ദ്രമന്ത്രിസഭയിലെ ഒരുഡസന്‍ കെങ്കേമന്മാരാണ് കേരളത്തില്‍ അങ്ങോളമിങ്ങോളം ഈ കൊടുംവേനലില്‍ പരക്കംപാഞ്ഞുനടന്നത്. നാട്ടില്‍ പ്ലാവുകള്‍ കായ്ച്ചുനില്‍ക്കുന്ന കാലമാണ്. ഇടാന്‍ ചക്കയ്ക്ക് യാതൊരു ക്ഷാമവുമില്ല. അതിനാല്‍ പണ്ടൊരു നാടന്‍പാട്ടില്‍ പറഞ്ഞപോലെ ”കള്ളന്‍ ചക്കേട്ടു; കണ്ടാല്‍ മിണ്ടണ്ട; കൊണ്ടോയ് തിന്നോട്ടെ” എന്നാണ് മലയാളികള്‍ കരുതിയത്.
അങ്ങനെ ചക്കയിടല്‍ മഹോല്‍സവം തിരുതകൃതിയായി അരങ്ങേറി. പക്ഷേ, കേരളത്തില്‍ പണ്ടത്തെ മാതിരി മുയലുകള്‍ അങ്ങനെ പെറ്റുപെരുകുന്ന കാലമല്ല. അതിനാല്‍ മുയലിറച്ചി ലാക്കാക്കി ചക്കയിട്ട കക്ഷികള്‍ക്ക് എന്താണു ശരിക്കും കിട്ടിയതെന്ന് 19ന് വോട്ട് എണ്ണിക്കഴിയുമ്പോഴേ അറിയാന്‍ കഴിയൂ.
ഈ ചക്കയിടല്‍ വിദഗ്ധന്മാരില്‍ മുമ്പനായ ഗുജറാത്ത് മഹോദയന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പക്ഷേ, വരമ്പത്തു തന്നെ കൂലി കിട്ടിയ മാതിരിയാണ്. ടിയാന്‍ പറഞ്ഞുപറഞ്ഞ് അങ്ങോട്ട് ഇരമ്പിക്കയറുകയായിരുന്നു. നാക്കിനു നാല്‍പ്പതുമുഴം നീളമുള്ള കരുത്തനാണ്. നെഞ്ചളവ് അമ്പത്താറിഞ്ചും. അതിനാല്‍ കേരളത്തില്‍ വന്ന് ആഞ്ഞുവെട്ടി. ഇടംവലംതിരിഞ്ഞും ഓതിരം കടകം മറിഞ്ഞും ആരോമല്‍ ചേകവരെപ്പോലെ അങ്കക്കലി തീര്‍ത്തു.
റിസല്‍ട്ട് ഗംഭീരമായിരുന്നു. ഒന്നാംറൗണ്ടില്‍ അരിഞ്ഞെടുത്തത് സോണിയാമ്മയുടെ തലയാണ്. ആള്‍ വന്‍ അഴിമതിക്കാരിയാണെന്ന് സ്ഥാപിച്ചു. ഇറ്റലിയില്‍ ഹെലികോപ്റ്റര്‍ കമ്പനിയുടെ ഏജന്റാണ്. താമസം ഇന്ത്യയിലാണെങ്കിലും ആളുടെ മനസ്സ് അങ്ങ് ഇറ്റലിയിലാണ്. അങ്ങനെയങ്ങനെ കത്തിക്കേറി.
സോണിയാമ്മ രണ്ടുനാള്‍ കഴിഞ്ഞു നല്‍കിയ തിരിച്ചടി മോദിക്കു താങ്ങാനാവുന്നതിലും അപ്പുറമായിരുന്നു. അതിഗംഭീരമായ പ്രസംഗമാണ് സോണിയ നടത്തിയത്. തന്റെ ജീവിതം ഇന്ദിരയുടെ പുത്രഭാര്യയായി 48 വര്‍ഷം മുമ്പ് ഇവിടെ വന്നതു മുതല്‍ ഇന്ത്യക്കാരിയായാണ്. ഇറ്റലിയില്‍ കുടുംബമുണ്ട്. സത്യസന്ധരായ മാതാപിതാക്കളുണ്ട്. ബന്ധുക്കളുണ്ട്. അവര്‍ അന്തസ്സായി തൊഴില്‍ ചെയ്തു ജീവിക്കുന്നവരാണ്. വല്ലവരുടെയും കീശയിലെ കാശ് ചൂണ്ടിയെടുത്ത് കഴിഞ്ഞുകൂടുന്നവരല്ല.
കാര്യം നേരെ ചൊവ്വേ പറയുന്ന ശീലമാണ് സോണിയാമ്മയ്ക്ക്. അവരുടെ വാക്കുകള്‍ മലയാളിസമൂഹം അത്യാവേശത്തോടെയാണ് സ്വീകരിച്ചത്. മാത്രമല്ല, റോമന്‍ കത്തോലിക്കാസഭ റോമില്‍ മാത്രമുള്ള സഭയല്ല. അത് കേരളത്തില്‍ ഏറ്റവും പ്രബലമായ സമുദായമാണ്. സോണിയാമ്മ ഹിന്ദുകുടുംബത്തിലാണ് വിവാഹംകഴിച്ചതെങ്കിലും അവരുടെ കുടുംബം റോമന്‍ കത്തോലിക്കാസഭയിലെ അംഗങ്ങളാണ്. മോദിയുടെ അടി സഭയുടെ നെഞ്ചത്താണു പതിച്ചതെന്നു സാരം.
അടുത്ത വരവിലാണ് കേരളത്തെ സോമാലിയയാക്കി മാറ്റിയ മാജിക്ക് മോദി പ്രകടിപ്പിച്ചത്. കാര്യം അട്ടപ്പാടിയിലും മറ്റും സ്ഥിതിഗതികള്‍ മോശമാണെങ്കിലും മോദി കേരളത്തെ മൊത്തം അപമാനിക്കുന്ന മട്ടിലാണ് പ്രസംഗം നടത്തിയത്. സത്യത്തില്‍ കേരളസമൂഹത്തിന്റെ ക്ഷേമരംഗത്തെ നേട്ടങ്ങളെ പ്രധാനമന്ത്രി കാണാതെപോയത് അദ്ഭുതമാണ്. കാരണം, ഈ മേഖലകളില്‍ രാജ്യത്ത് പതിറ്റാണ്ടുകളായി ഒന്നാംസ്ഥാനത്തു നില്‍ക്കുന്ന സംസ്ഥാനമാണ് കേരളം. എന്നാല്‍, അതൊന്നും മോദി പരിഗണിക്കുകയുണ്ടായില്ല. വോട്ടുചോദിച്ചുവരുന്നയാള്‍ക്ക് ആട്ടുകിട്ടിയ അനുഭവമാണ് മോദിയുടെ കാര്യത്തില്‍ സംഭവിച്ചത്. അതിനുപക്ഷേ, മലയാളികളെ കുറ്റപ്പെടുത്തിയിട്ടു കാര്യമില്ല. അതിഥിയായി വരുന്നയാള്‍ വീട്ടുകാരെ അപമാനിക്കുന്ന പരിപാടി ഗുജറാത്തില്‍ ചെലവാകുമോ എന്നു പിടിയില്ല. കേരളത്തില്‍ പക്ഷേ, ആ പരിപ്പ് വേവാന്‍ പ്രയാസമാണ്.                              ി

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day