|    Sep 22 Fri, 2017 6:57 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

വോട്ടിന് കോഴ; നായിഡുവിനെതിരായ അന്വേഷണം സ്‌റ്റേ ചെയ്തു

Published : 3rd September 2016 | Posted By: SMR

ഹൈദരാബാദ്: വോട്ടിനു കോഴ നല്‍കിയ കേസില്‍ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനെതിരേ അന്വേഷണം നടത്താനുള്ള കീഴ്‌കോടതി ഉത്തരവ് ഹൈദരാബാദ് ഹൈക്കോടതി സ്‌റ്റേ ചെയ്തു. അഴിമതി വിരുദ്ധ ബ്യൂറോ (എഡിബി) നായിഡുവിനെതിരേ അന്വേഷണം നടത്തണമെന്നായിരുന്നു എഡിബി കോടതി നിര്‍ദേശിച്ചിരുന്നത്.
എതിര്‍സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ എഡിബിക്ക് നിര്‍ദേശം നല്‍കിയ ഹൈക്കോടതി എട്ടാഴ്ചയ്ക്കുശേഷം കേസ് പരിഗണിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. വോട്ടിനു കോഴ കേസില്‍ തനിക്കെതിരേ വൈഎസ്ആര്‍ കോണ്‍ഗ്രസ് എംഎല്‍എ അല്ല രാമകൃഷ്ണ റെഡ്ഡി സമര്‍പ്പിച്ച സ്വകാര്യ അന്യായം റദ്ദാക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞദിവസമാണ് നായിഡു ഹൈക്കോടതിയെ സമീപിച്ചത്. എഡിബി കോടതി ഉത്തരവും റദ്ദാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. നാമനിര്‍ദേശം ചെയ്യപ്പെട്ട തെലങ്കാനയിലെ ഒരു എംഎല്‍എക്ക് നായിഡു പണം വാഗ്ദാനം ചെയ്തുവെന്നാണ് റെഡ്ഡി പരാതിയില്‍ പറഞ്ഞത്.
ആഗസ്ത് 29നാണ് എഡിബി കോടതി, നായിഡുവിനെതിരേ അന്വേഷണം നടത്തി സപ്തംബര്‍ 29ന് റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ ഉത്തരവിട്ടത്. അതേസമയം, എഡിബി അന്വേഷണം പൂര്‍ണമായി ഹൈക്കോടതി സ്‌റ്റേ ചെയ്തിതിട്ടില്ലെന്ന് പരാതിക്കാരന്റെ അഭിഭാഷകന്‍ പി സുധാകര്‍ റെഡ്ഡി പറഞ്ഞു. ജൂണ്‍ ഒന്നിന്, നിയമസഭാ കൗണ്‍സിലിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ തെലുങ്കുദേശം സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്യുന്നതിന് തെലങ്കാന ടിഡിപി എംഎല്‍എ രേവന്ത് റെഡ്ഡി തനിക്ക് അഞ്ചുകോടി രൂപ വാഗ്ദാനം ചെയ്തുവെന്നാരോപിച്ച് നാമനിര്‍ദേശം ചെയ്യപ്പെട്ട തെലങ്കാന എംഎല്‍എ എല്‍ വിസ് സ്റ്റീഫന്‍സാണ് പരാതി നല്‍കിയത്. കോഴപ്പണത്തിന് മുന്‍കൂറായി 50 ലക്ഷം സ്റ്റീഫന്‍സന് കൈമാറുമ്പോള്‍ മെയ് 31ന് രേവന്ത് റെഡ്ഡി, ബിഷപ്പ് സെബാസ്റ്റ്യന്‍ ഹാരി, രുദ്ര ഉദയ സിംഹ എന്നിവരെ എഡിബി അറസ്റ്റ് ചെയ്തിരുന്നു.
ഇവര്‍ക്കെല്ലാം പിന്നീട് ജാമ്യം ലഭിച്ചു. കേസില്‍ എഡിബി ജൂലൈ 27ന് കുറ്റപത്രം സമര്‍പ്പിച്ചു. കുറ്റപത്രത്തില്‍ നായിഡുവിന്റെ പേര് പരാമര്‍ശിച്ചിട്ടുണ്ടെങ്കിലും അദ്ദേഹം പ്രതിയല്ല. മെയ് 30ന് നായിഡുവും സ്റ്റീഫനും തമ്മില്‍ നടത്തിയ ടെലിഫോണ്‍ സംഭാഷണങ്ങള്‍ പത്രങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക