|    Sep 25 Tue, 2018 3:05 pm
FLASH NEWS
Home   >  Todays Paper  >  page 10  >  

വോട്ടിങ് ശതമാനം ഉയര്‍ത്താന്‍ തിരഞ്ഞെടുപ്പ് സാക്ഷരതാ ക്ലബ്ബുകള്‍

Published : 14th August 2018 | Posted By: kasim kzm

തിരുവനന്തപുരം: ധാര്‍മികമായി വോട്ടവകാശം രേഖപ്പെടുത്തുന്നതിന് വോട്ടറെ മാനസികമായി തയ്യാറാക്കുന്നതിന് തിരഞ്ഞെടുപ്പു സാക്ഷരതാ ക്ലബ്ബുകള്‍ക്ക് ഫലപ്രദമായി പ്രവര്‍ത്തിക്കാനാവുമെന്ന് ചീഫ് ഇലക്ടറല്‍ ഓഫിസര്‍ ടിക്കാറാം മീണ. വോട്ടിങ് നടപടികളില്‍ പങ്കാളികളാവേണ്ടതിന്റെ അനിവാര്യതയെക്കുറിച്ച് ബോധവല്‍ക്കരിക്കുന്നതിന് തിരഞ്ഞെടുപ്പു കമ്മീഷന്‍ നടപ്പാക്കുന്ന തിരഞ്ഞെടുപ്പ് സാക്ഷരതാ ക്ലബ്ബുകളുടെ മാസ്റ്റര്‍ ട്രെയിനര്‍മാര്‍ക്കുള്ള ജില്ലാതല പരിശീലന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കുന്നത് മുതലുള്ള തിരഞ്ഞെടുപ്പ് പ്രക്രിയകളെക്കുറിച്ച് വിദ്യാര്‍ഥികളിലും പൊതുജനങ്ങളിലും വേണ്ടത്ര അവബോധമുണ്ടാക്കാനും വോട്ടിങ് മെഷീന്‍, വിവിപാറ്റ് തുടങ്ങിയവയുടെ പ്രവര്‍ത്തനം മനസ്സിലാക്കുന്നതിനും തിരഞ്ഞെടുപ്പ് സാക്ഷരതാ ക്ലബ്ബുകള്‍ സഹായകരമാവും.
14 മുതല്‍ 19 വരെ പ്രായമുള്ള വിദ്യാര്‍ഥികള്‍ക്കും ഭിന്നശേഷിക്കാര്‍ അടക്കമുള്ള വിവിധ ജനവിഭാഗങ്ങള്‍ക്കും തിരഞ്ഞെടുപ്പ് പ്രക്രിയകളെക്കുറിച്ച് അവബോധം നല്‍കുന്നതിന് തിരഞ്ഞെടുപ്പ് സാക്ഷരതാ ക്ലബ്ബുകളുടെ മാസ്റ്റര്‍ ട്രെയിനര്‍മാര്‍ക്കുള്ള രണ്ടു ദിവസത്തെ പരിശീലന പരിപാടിക്കാണ് തിരുവനന്തപുരം തൈക്കാട് സ്റ്റേറ്റ് ഹെല്‍ത്ത് റിസോഴ്‌സ് സെന്ററില്‍ തുടക്കമായത്.
തിരഞ്ഞെടുപ്പ് പ്രക്രിയകളില്‍ കേരളത്തിലെ ജനങ്ങളുടെ പങ്കാളിത്തം 76, 77 ശതമാനത്തോളമാണ്. ഇത് മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കൂടുതലാണെങ്കിലും അവശേഷിക്കുന്ന വോട്ടര്‍മാരെ കൂടി തിരഞ്ഞെടുപ്പ് പ്രക്രിയയുടെ ഭാഗമാക്കേണ്ടതുണ്ടെന്ന് ചീഫ് ഇലക്ടറല്‍ ഓഫിസര്‍ പറഞ്ഞു. ചില മേഖലകളില്‍ കൂടുതല്‍ ശ്രദ്ധ നല്‍കണം. വിദ്യാര്‍ഥികള്‍ക്ക് ജനാധിപത്യ പ്രക്രിയയെക്കുറിച്ച് അവബോധം നല്‍കുന്നതിന് സിലബസില്‍ ജനാധിപത്യത്തിന്റെ വിവിധ ഘട്ടങ്ങളെക്കുറിച്ചുള്ള പാഠങ്ങള്‍ ഉള്‍ക്കൊള്ളിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഇതു കൂടാതെ, വിദ്യാര്‍ഥികളെയും വിവിധ ജനവിഭാഗങ്ങളെയും ബോധവല്‍ക്കരിക്കുന്നതിനാണ് തിരഞ്ഞെടുപ്പ് സാക്ഷരതാ ക്ലബ്ബുകള്‍ ആരംഭിക്കുന്നത്. സംസ്ഥാനതല മാസ്റ്റര്‍ ട്രെയിനര്‍മാര്‍ക്കുള്ള പരിശീലനം നാഷനല്‍ മാസ്റ്റര്‍ ട്രെയിനര്‍മാരുടെ നേതൃത്വത്തിലാണ് നടത്തുന്നത്. ചീഫ് ഇലക്ടറല്‍ ഓഫിസറുടെ നേതൃത്വത്തിലുള്ള സംസ്ഥാനതല മാസ്റ്റര്‍ ട്രെയിനര്‍മാര്‍ ജില്ലാതല മാസ്റ്റര്‍ ട്രെയിനര്‍മാര്‍ക്കും നോഡല്‍ ഓഫിസര്‍മാര്‍ക്കും പരിശീലനം നല്‍കും. വിവിധ വിദ്യാലയങ്ങളില്‍നിന്നുള്ള അധ്യാപകരായിരിക്കും നോഡല്‍ ഓഫിസര്‍മാര്‍.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss