|    Apr 24 Tue, 2018 10:35 am
FLASH NEWS

വോട്ടിങ് നൂറു ശതമാനമാക്കാന്‍ കര്‍മനിരതമായി ജില്ലാ ഭരണകൂടം

Published : 21st April 2016 | Posted By: SMR

തിരുവനന്തപുരം: ജില്ലയിലെ വോട്ടിങ് ശതമാനം നൂറു ശതമാനമാക്കാനും ഭയരഹിതമായും സ്വതന്ത്രമായും വോട്ട് രേഖപ്പെടുത്താന്‍ വോട്ടര്‍മാര്‍ക്ക് അവസരമൊരുക്കാനുമുള്ള അശ്രാന്തപരിശ്രമത്തിലാണ് ജില്ലാ ഭരണകൂടവും തിരഞ്ഞെടുപ്പു വിഭാഗവും.
വോട്ടര്‍മാരെ ആകര്‍ഷിക്കാനും വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കാനും ജില്ലയിലെ 14 മണ്ഡലങ്ങളിലും റിട്ടേണിങ് ഓഫിസര്‍മാരുടെ നേതൃത്വത്തില്‍ ബോധവല്‍ക്കരണ കാംപയിനുകള്‍ നടന്നുവരുകയാണെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസര്‍ കൂടിയായ ജില്ലാ കലക്ടര്‍ ബിജു പ്രഭാകര്‍ പറഞ്ഞു.
തിരഞ്ഞെടുപ്പില്‍ യുവാക്കളുടെ പങ്കാളിത്തം ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെ കലാലയങ്ങളിലും പൊതുസ്ഥലങ്ങളിലും ക്യാംപ് സംഘടിപ്പിച്ച് 18 വയസ്സ് തികഞ്ഞ എല്ലാവരെയും വോട്ടര്‍മാരാക്കാനുള്ള ഊര്‍ജിത ശ്രമങ്ങള്‍ നടന്നുവരുന്നു. ഇലക്ട്രോണിക് വോട്ടിങ് മെഷീനില്‍ വോട്ട് രേഖപ്പെടുത്താന്‍ പൊതുജനങ്ങളെ പരിചയപ്പെടുത്തുന്നതോടൊപ്പം ഈ തിരഞ്ഞെടുപ്പില്‍ നേമം, വട്ടിയൂര്‍ക്കാവ് മണ്ഡലങ്ങളില്‍ പുതുതായി നടപ്പാക്കുന്ന വിവി പാറ്റ് മെഷീനിന്റെ പ്രവര്‍ത്തനവും ക്യാംപുകളില്‍ കണ്ട് പരിചയപ്പെടാം. ഓരോ മണ്ഡലത്തിലും കുറഞ്ഞത് മൂന്നിടത്തെങ്കിലും മോഡല്‍ പോളിങ് സ്‌റ്റേഷനുകള്‍ സജ്ജമാക്കിയിട്ടുണ്ട്.
നെടുമങ്ങാട് നിയോജകമണ്ഡലത്തില്‍ വോട്ടര്‍ ബോധവത്കരണം ലക്ഷ്യമാക്കി നെഹ്‌റു യുവകേന്ദ്രയുടെ സഹകരണത്തോടെ സംഘടിപ്പിച്ച കൂട്ടയോട്ടത്തില്‍ ഇരുനൂറോളം പേര്‍ പങ്കെടുത്തു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ വോട്ടിങ് ശതമാനം തീരെ കുറഞ്ഞുപോയ പള്ളിപ്പുറം സിആര്‍പിഎഫ് ക്യാംപില്‍ ജവാന്മാര്‍ക്ക് മൂന്നു ദിവസം ബോധവത്കരണ ക്യാംപും മോക്‌പോളിങും നടത്തി.
ജവാന്മാര്‍ക്കിടയില്‍ നിന്ന് ഒരു അംബാസഡറെ തിരഞ്ഞെടുത്ത് ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ ചുമതലപ്പെടുത്തി. കരകുളം പഞ്ചായത്തിലെ അയല്‍ക്കൂട്ടം, ഐസിഡിഎസ് പ്രവര്‍ത്തകരായ സ്ത്രീകള്‍ക്കായി സംഘടിപ്പിച്ച അവയര്‍നെസ് ക്യാംപില്‍ ഇരുനൂറോളം പേര്‍ പങ്കെടുത്തു. കഴക്കൂട്ടം നിയോജകമണ്ഡലത്തിലെ കാര്യവട്ടം യൂനിവേഴ്‌സിറ്റി കാംപസില്‍ സജ്ജമാക്കിയ മോഡല്‍ പോളിങ് സ്‌റ്റേഷനില്‍ നൂറില്‍പരം വിദ്യാര്‍ഥികള്‍ വോട്ട് ചെയ്തു.
കാംപസിലെ ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിയായ യദുകൃഷ്ണന്‍ വിദ്യാര്‍ഥി അംബാസഡറായി ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം ചേര്‍ന്നതും വിദ്യാര്‍ഥികളില്‍ ആവേശം പകര്‍ന്നു. വട്ടിയൂര്‍ക്കാവ്, വര്‍ക്കല, ചിറയിന്‍കീഴ്, ആറ്റിങ്ങല്‍, തിരുവനന്തപുരം, പാറശ്ശാല, കാട്ടാക്കട, നെയ്യാറ്റിന്‍കര തുടങ്ങി ജില്ലയിലെ 14 നിയോജകമണ്ഡലങ്ങളിലും റസിഡന്‍സ് അസോസിയേഷന്‍ പ്രതിനിധികള്‍, അങ്കണവാടി ടീച്ചര്‍മാര്‍, ആശാ വര്‍ക്കര്‍മാര്‍, ജനപ്രതിനിധികള്‍, സാമൂഹിക പ്രവര്‍ത്തകര്‍ എന്നിവരുടെ സഹകരണത്തോടെ ബോധവത്കരണ പരിപാടികള്‍ നടക്കുകയാണെന്ന് ജില്ലാ കലക്ടര്‍ ബിജു പ്രഭാകര്‍ പറഞ്ഞു.
പൊതുജനങ്ങള്‍ ഒത്തുകൂടുന്ന പ്രധാന കേന്ദ്രങ്ങളില്‍ പോസ്റ്റര്‍, ബാനര്‍, സ്റ്റിക്കര്‍ തുടങ്ങിയ മാധ്യമങ്ങളിലൂടെയും കൂട്ടയോട്ടം, സായാഹ്നങ്ങളില്‍ മെഴുകുതിരി കത്തിച്ചുള്ള മാര്‍ച്ച്, വാഹനങ്ങളില്‍ അനൗണ്‍സ്‌മെന്റ് തുടങ്ങിയ പരിപാടികള്‍ ഏറെ ജനശ്രദ്ധയാകര്‍ഷിക്കുന്നവയാണ്.
കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിരീക്ഷകയായ നാനു ഭാസിന്‍ നിയോജകമണ്ഡലങ്ങള്‍ സന്ദര്‍ശിച്ച് ബോധവത്കരണ പ്രവര്‍ത്തനങ്ങളില്‍ സംതൃപ്തി രേഖപ്പെടുത്തി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss