|    Mar 18 Sun, 2018 11:12 pm
FLASH NEWS

വോട്ടര്‍മാര്‍ക്ക് മരത്തൈകള്‍; നൂതന പദ്ധതിയുമായി വയനാട്

Published : 23rd March 2016 | Posted By: SMR

കല്‍പ്പറ്റ: വോട്ട് ചെയ്യുക എന്ന പൗര ധര്‍മത്തോടൊപ്പം ഒരു മരം നട്ട് പ്രകൃതി സംരക്ഷണത്തില്‍ പങ്കാളിയാവാനും അവസരമൊരുക്കി ‘ഓര്‍മമരം’ എന്ന നൂതന പദ്ധതിയുമായി വയനാട്. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്ന 18, 19, 20 വയസ്സുള്ളവര്‍ക്കും 75 വയസ്സിന് മുകളിലുള്ളവര്‍ക്കും രണ്ട് മരങ്ങളുടെ തൈകള്‍ സൗജന്യമായി നല്‍കുന്നതാണ് ‘ഓര്‍മമരം’ പദ്ധതിയെന്ന് പദ്ധതി വിശദീകരിക്കാന്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസറായ ജില്ലാ കലക്ടര്‍ കേശവേന്ദ്ര കുമാര്‍ അറിയിച്ചു. വോട്ട് ചെയ്തതിന്റെ ഓര്‍മയ്ക്കായി ഈ തൈകള്‍ നടാം.
പോളിങ് സ്‌റ്റേഷനിലോ മറ്റ് പൊതുസ്ഥലത്തോ വോട്ടര്‍ക്ക് ഒരു തൈ നടാം. ഒരു തൈ സ്വന്തം വീട്ടിലും നടാം.ആര്യവേപ്പ്, കൂവളം, മഹാഗണി, സീതപ്പഴം, മാതളപ്പഴം, നെല്ലി, പൂവരശ്, മന്ദാരം, മണിമരുത് തുടങ്ങിയ മരങ്ങളുടെ തൈകളാണ് തയാറാക്കിയിട്ടുള്ളത്. ഇതിനൊപ്പം ഈ വര്‍ഷം തെരഞ്ഞെടുപ്പ് ജോലിക്ക് നിയോഗിക്കപ്പെടുന്ന മുഴുവന്‍ ജീവനക്കാരും പോലിസ് ഉദ്യോഗസ്ഥരും കേന്ദ്ര പോലിസ് സേനയും ഇത്തരത്തില്‍ തൈ നടും. ഇതിലൂടെ ഈ വര്‍ഷം 15,000 മുതല്‍ 20,000 വരെ തൈകള്‍ നടാനാണ് ഉദ്ദേശിക്കുന്നത്. സംസ്ഥാന വനം വകുപ്പിന്റെ സാമൂഹിക വനവത്കരണ വിഭാഗവുമായി ചേര്‍ന്നാണ് പദ്ധതി തയാറാക്കിയിട്ടുള്ളത്.
പോളിങ് സ്‌റ്റേഷനില്‍ നടുന്ന തൈകള്‍ രണ്ടു വര്‍ഷത്തേക്ക് സംരക്ഷിക്കുന്നതിനുള്ള ഉത്തരവാദിത്തം സ്ഥാപനത്തിന്റെ മേധാവിക്കായിരിക്കും.കലക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന വാര്‍ത്താ സമ്മേളനത്തില്‍ പദ്ധതിയുടെ ലോഗോ പ്രകാശനവും കലക്ടര്‍ നിര്‍വഹിച്ചു. ‘ജനാധിപത്യത്തിന് വോട്ട് ചെയ്യുക; പരിസ്ഥിതിക്കായി വോട്ട് ചെയ്യുക’ എന്നതാണ് പദ്ധതിയുടെ മുദ്രാവാക്യം. പരിസ്ഥിതി സംരക്ഷണത്തിന്റെ സന്ദേശം എല്ലാവരിലേക്കം പകരാനും തെരഞ്ഞെടുപ്പ് പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനമായി മാറ്റാനും അവസരം ഒരുക്കുകയാണ് ഇതിലൂടെ.
കൂടാതെ ജില്ലയില്‍ 47 പോളിംഗ് സ്‌റ്റേഷനുകള്‍ മോഡല്‍ പോളിംഗ് സ്‌റ്റേഷനുകളാക്കി മാറ്റും. 30 പോളിംഗ് ബൂത്തുകളില്‍ പൂര്‍ണമായും വനിതാ ഉദ്യോഗസ്ഥരെ നിയോഗിക്കും. തെരഞ്ഞെടുപ്പിന്റെ സന്ദേശം കാട്ടുനായ്ക്ക, പണിയ ഭാഷകളില്‍ റെക്കോഡ് ചെയ്ത് എഫ്.എം റേഡിയോ ചാനലിലൂടെ പ്രക്ഷേപണം ചെയ്യും. എല്ലാ പോളിംഗ് സ്‌റ്റേഷനുകളിലും കുടിവെള്ളം, വൈദ്യുതി, കാത്തിരിപ്പ് സ്ഥലം, ടോയ്‌ലെറ്റ് തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളും ഒരുക്കും. വ്യക്തമായ പദ്ധതികളിലൂടെ പരമാവധി വോട്ടിങ് ഉറപ്പാക്കാനും വോട്ടര്‍മാര്‍ക്ക് പോളിംഗ് സ്‌റ്റേഷനുകളില്‍ പരമാവധി സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താനും നടപടി സ്വീകരിച്ചുകഴിഞ്ഞു.തിരഞ്ഞെടുപ്പ് ചെലവുകള്‍ നിരീക്ഷിക്കുന്നതിനുള്ള സംഘങ്ങളും ഫൈ്‌ലയിംഗ് സ്‌ക്വാഡുകളും പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് ജോലിക്കായി ഉദ്യോഗസ്ഥരെ നിയമിക്കുന്ന പ്രക്രിയ അവസാനഘട്ടത്തില്‍ എത്തിയിട്ടുണ്ട്. വോട്ടിങ് യന്ത്രങ്ങള്‍ സുസജ്ജമാണ്.
കൃത്യമായ സുരക്ഷാ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. സുതാര്യമായും കാര്യക്ഷമമായും തെരഞ്ഞെടുപ്പ് നടത്താന്‍ ആവശ്യമായ എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. വാര്‍ത്താ സമ്മേളനത്തില്‍ ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ എ അബ്ദുല്‍ നജീബ്, അസി. ഫോറസ്റ്റ് ഓഫിസര്‍ അനൂപ് എന്നിവര്‍ പങ്കെടുത്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss