|    Jan 22 Sun, 2017 7:22 am
FLASH NEWS

വോട്ടര്‍പ്പട്ടികയിലെ തെറ്റുതിരുത്തല്‍; ബിഎല്‍ഒമാര്‍ നെട്ടോട്ടത്തില്‍

Published : 24th September 2016 | Posted By: SMR

ഇരിക്കൂര്‍: കുറ്റമറ്റവോട്ടര്‍ പട്ടിക തയ്യാറാക്കുന്നതിന്റെ ഭാഗമായുള്ള തെറ്റുതിരുത്തലിന്റെ ഫീല്‍ഡ് വെരിഫിക്കേഷന്റെ തിയ്യതി ഇന്ന് അവസാനിക്കാനിരിക്കെ ബിഎല്‍ഒമാര്‍ നെട്ടോട്ടത്തില്‍. തുടര്‍ച്ചയായ അവധി ദിവസങ്ങളും മഴയും കാരണം ഫീല്‍ഡ് വെരിഫിക്കേഷന്‍ പാതിപോലും പൂര്‍ത്തിയാക്കാനായില്ലെന്നാണു വിവരം. അധികൃതരുടെ ഭാഗത്തു നിന്നുണ്ടായ വീഴ്ചയും വെരിഫിക്കേഷനെ ബാധിച്ചതായി ബിഎല്‍ഒമാര്‍ കുറ്റപ്പെടുത്തുന്നു. ആഗസ്ത് 24നു തുടങ്ങി സപ്തംബര്‍ 24ന് അവസാനിപ്പിക്കേണ്ട രീതിയിലാണ്
ബിഎല്‍ഒമാരുടെ വീടുകള്‍ കയറിയുള്ള പരിശോധന നിശ്ചയിച്ചിരുന്നത്. ഇതുപ്രകാരം ഇന്നു തിയ്യതി അവസാനിക്കുന്നതാണ് തിരിച്ചടിയാവുന്നത്. ബിഎല്‍ഒമാര്‍ക്കുള്ള ഫോര്‍മാറ്റും അനുബന്ധ നോട്ടിസും മരണപ്പെട്ടവരുടെ ബന്ധുക്കള്‍ നല്‍കേണ്ട സത്യപ്രസ്താവനയും ആഗസ്ത് 23ന് മുമ്പ് ബിഎല്‍ഒമാര്‍ക്ക് വിതരണം ചെയ്യുമെന്നാണ് അറിയിച്ചിരുന്നത്. എന്നാല്‍ ഇവയൊന്നും കൃത്യസമയത്ത് നല്‍കിയില്ലെന്നു മാത്രമല്ല പലര്‍ക്കും കിട്ടിയത് സപ്തംബര്‍ 10 മുതലായിരുന്നു. കനത്ത മഴയും ബലിപെരുന്നാളും ഓണാവധിയുമെല്ലാം കഴിഞ്ഞ് വിദ്യാലയങ്ങള്‍ തുറന്നത് തന്നെ സപ്തംബര്‍ 19നാണ്.
ഇക്കാലയളവില്‍ ഫീല്‍ഡ് വെരിഫിക്കേഷന്‍ യഥാവിധി നടത്താനാവില്ലെന്ന് നേരത്തേ ബിഎല്‍ഒമാര്‍ അറിയിച്ചിരുന്നെങ്കിലും തിയ്യതി നീട്ടാന്‍ ഇതുവരെ അധികൃതര്‍ തയ്യാറാവാത്തതാണ് ബിഎല്‍ഒമാര്‍ക്കു തിരിച്ചടിയായത്. ഓരോ ബിഎല്‍ഒമാര്‍ക്കും 300ലധികം വീടുകളും 1500ലധികം വോട്ടര്‍മാരെയും സന്ദര്‍ശിച്ചാണ് തെറ്റുതിരുത്തേണ്ടിയിരുന്നത്. വോട്ടര്‍മാരെ യാതൊരു കാരണവശാലും വീട്ടിലേക്കോ ഓഫിസുകളിലേക്കോ മറ്റേതെങ്കിലും സ്ഥലങ്ങളിലേക്കോ വിളിച്ചുവരുത്തരുതെന്നും നിര്‍ദേശം നല്‍കിയിരുന്നു.
എല്ലാവീടുകളും സന്ദര്‍ശിച്ച് വോട്ടര്‍മാരുടെ വീടുകളിലിരുന്ന് തന്നെ ഫോറും പൂരിപ്പിക്കണമെന്നും കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. ഫോര്‍മാറ്റില്‍ പുതിയ വാര്‍ഡിന്റെയും വീടിന്റെ നമ്പറുകള്‍, പൂര്‍ണമായ മേല്‍വിലാസം, ഓരോരുത്തരുടെയും മൊബൈല്‍ ഫോണ്‍ നമ്പര്‍, ഇ-മെയില്‍ വിലാസം എന്നിവ ചേര്‍ക്കണം. കുടുംബത്തിലെ മുതിര്‍ന്ന അംഗത്തിന്റെയും ബിഎല്‍ഒയുടെയും ഒപ്പും രേഖപ്പെടുത്തണം. താമസം മാറിയവര്‍, സ്ഥലത്തില്ലാത്തവര്‍, വിവാഹം കഴിച്ചുപോയവര്‍ തുടങ്ങിയവരെയെല്ലാം പ്രത്യേകം രേഖപ്പെടുത്തണം. ഒന്നിലധികം വോട്ടുള്ളവരെയും കണ്ടെത്തണം. ഒരു ഫോറത്തില്‍പെടാത്തവരുണ്ടെങ്കില്‍ അവരെയും പ്രത്യേകം ചേര്‍ക്കണം. ഒരു വീട്ടു നമ്പറില്‍ ഒന്നിലധികം കുടുംബങ്ങള്‍ ഉണ്ടെങ്കില്‍ പുതിയ നമ്പര്‍ നല്‍കി രേഖപ്പെടുത്തണം. 2016 ജനുവരി രണ്ടിനുമുമ്പ് പ്രായപൂര്‍ത്തിയായതും വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കുന്നതിന് യോഗ്യതയുണ്ടായിട്ടും നാളിതുവരെ പേര് ചേര്‍ത്തിട്ടില്ലാത്തവരുമായ കുടുംബാങ്ങളുടെ വിവരങ്ങളും ശേഖരിക്കണം.
2016 ജനുവരി 2നും 2017ജനുവരി ഒന്നിനും ഇടയില്‍ 18 വയസ്സ് പൂര്‍ത്തിയാക്കുന്ന കുടുംബാംഗങ്ങളുടെ വിവരങ്ങളും ശേഖരിച്ച് രേഖപ്പെടുത്തണം. ഇത്തരത്തില്‍ ഏറെ സമയമെടുത്ത് തീര്‍ക്കേണ്ട പ്രധാനപ്പെട്ട ജോലിക്കാവട്ടെ ഡ്യൂട്ടി ലീവ് പോലും അനുവദിച്ചിരുന്നില്ല. ഇതിനുപുറമെ, പുതുതായി വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാനും തിരുത്താനും ഓണ്‍ലൈനായി അപേക്ഷ നല്‍കിയവരുടെ വീടുകളിലെത്തി വെരിഫിക്കേഷന്‍ നടത്തുകയും ചെയ്യണം. വിശ്രമമില്ലാതെ ജോലിയെടുത്താല്‍ പോലും പ്രവൃത്തി പൂര്‍ത്തീകരിക്കാനാവാത്ത വിധം ദിവസങ്ങള്‍ കുറവായിരുന്നുവെന്ന് ബിഎല്‍ഒമാര്‍ ആരോപിച്ചു. ബിഎല്‍ഒമാര്‍ വീടുകളില്‍ പോയാല്‍ വീട്ടുകാരെയും വോട്ടര്‍മാരെയും കാണാത്ത അവസ്ഥയുമുണ്ട്.
അവധി ദിനങ്ങള്‍ ഒന്നിച്ചെത്തിയതിനാല്‍ പലരും ബന്ധുവീടുകളിലോ വിനോദയാത്രയ്‌ക്കോ പോയിട്ടുണ്ടെങ്കിലും വോട്ടര്‍മാരെ കാണാനാവാത്ത അവസ്ഥയുണ്ടായിരുന്നു. ഇതൊന്നും പരിഗണിക്കാതെയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍, വെരിഫിക്കേഷന്‍ പൂര്‍ത്തീകരിച്ച് ഇന്ന് വില്ലേജ് ഓഫിസുകളില്‍ രേഖകളെത്തിച്ച് ഇആര്‍ഒക്ക് നല്‍കാന്‍ നിര്‍ദേശം നല്‍കിയത്. ബിഎല്‍ഒമാരുടെ കൈവശമുള്ള ഫോര്‍മാറ്റ് നാലും ഓണ്‍ലൈന്‍ ഫോമുകളും ഇന്നുതന്നെ വില്ലേജിലും താലൂക്ക് ഓഫിസിലും എത്തിക്കണമെന്ന് ഫോണ്‍ വഴി സന്ദേശവും ലഭിച്ചിട്ടുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 27 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക