വോട്ടര്‍പട്ടിക ശുദ്ധീകരിക്കാന്‍ കമ്മീഷന്റെ പ്രത്യേക പരിപാടി
Published : 16th February 2016 | Posted By: SMR
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് പ്രസിദ്ധീകരിച്ച വോട്ടര്‍പട്ടിക ശുദ്ധീകരിക്കുന്നതിനായി 29 വരെ തിരഞ്ഞെടുപ്പ് കമ്മീഷന് പ്രത്യേക യജ്ഞം നടത്തുന്നു. വിവിധ രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നു ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണിത്.
പട്ടികയില്‍ കടന്നു കൂടാനിടയുള്ള ഇരട്ടിപ്പുകള്‍, മരിച്ചുപോയവരുടെ പേരുകള്‍, ഒന്നിലധികം സ്ഥലത്ത് ചേര്‍ക്കപ്പെട്ടിട്ടുള്ള വോട്ടര്‍മാരുടെ പേരുകള്‍ എന്നിവ നീക്കം ചെയ്ത് കുറ്റമറ്റ വോട്ടര്‍പട്ടിക തയ്യാറാക്കുകയാണ് ലക്ഷ്യമെന്ന് കമ്മീഷന് അറയിച്ചു. വോട്ടര്‍പട്ടികയുടെ ഡാറ്റാ ബേസില്‍ അതതുസ്ഥലത്തെ മുഖ്യതിരഞ്ഞെടുപ്പ് ഓഫിസര്‍മാര്‍ ഒരോ പോളിങ് ബൂത്തിന്റേയും പട്ടികയിലുള്ള ഇരട്ടിപ്പുകളും മറ്റും കണ്ടെത്തണം. ഒരേ നമ്പറില്‍ ഒന്നിലധികം തിരിച്ചറിയല്‍ കാര്ഡുകളുണ്ടെങ്കില് അതിന്റെ വിവരങ്ങളും കണ്ടെത്തണം. മരിച്ചുപോയവരുടെ വിവരങ്ങള്‍ ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങള്‍ / റവന്യൂ വകുപ്പ് എന്നിവിടങ്ങളില്‍ നിന്നു ശേഖരിച്ച് അവരുടെ പേരുകള്‍ വോട്ടര്‍പട്ടികയിലില്ലെന്ന് ഉറപ്പുവരുത്തണം.
മരിച്ചുപോയവരുടേയും ഒന്നിലധികം സ്ഥലത്ത് പേര് ചേര്‍ക്കപ്പെട്ടതും ഒഴിവാക്കുന്നതിന് വിപുലമായ പ്രചാരണം നല്‍കണം. ഇതുസംബന്ധിച്ച് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പരാതികള്‍ എന്തെങ്കിലുമുണ്ടെങ്കില്‍ അവ സമയബന്ധിതമായി പരിഹരിക്കുന്നതിന് സംസ്ഥാന തലത്തിലും ജില്ലാ തലത്തിലും അവരുടെ യോഗങ്ങള്‍ വിളിച്ചു ചേര്‍ക്കണം. എല്ലാ പോളിങ് ബൂത്തുകളിലും ബൂത്ത് തല ഉദ്യോഗസ്ഥരെ സഹായിക്കുന്നതിന് രാഷ്ട്രീയ പാര്‍ട്ടികളുടെ ബൂത്തുതല ഏജന്റുമാരെ നിയമിക്കുന്നതിന് നിര്‍ദേശം നല്‍കണം. ഇത്തരത്തിലുള്ളവരുടെ ലിസ്റ്റിന്മേല് ബൂത്തുതല ഉദ്യോഗസ്ഥര്‍ ആവശ്യമായ അന്വേഷണം നടത്തണം. അന്വേഷണം നടത്താന്‍ ഉദ്ദേശിക്കുന്ന തിയ്യതികള്‍ മുന്‍കൂട്ടി ബന്ധപ്പെട്ടവരെ അറിയിക്കണം. ബൂത്ത് അടിസ്ഥാനത്തില്‍ തയ്യാറാക്കിയിട്ടുള്ള ഇത്തരം ലിസ്റ്റുകള്‍ ഗ്രാമസഭകള്‍, റസിഡന്റ്സ് അസോസിയേഷനുകള്‍, ബൂത്ത് തല ബോധവല്‍ക്കരണ സംഘങ്ങള്‍ (ബിഎജി) എന്നിവിടങ്ങളില്‍ മുന്‍കൂട്ടി അറിയിച്ചിട്ടുള്ള തിയ്യതികളില്‍ വായിച്ചു കേള്‍പ്പിക്കണം.
ഇതുസംബന്ധിച്ച് മുഖ്യതിരഞ്ഞെടുപ്പ് ഓഫിസര്‍ എല്ലാ തിരഞ്ഞെടുപ്പ് രജിസ്ട്രേഷന് ഓഫിസര്‍മാര്‍ക്കും ബൂത്തുതല ഓഫിസര്‍മാര്‍ക്കും പരിശീലന പരിപാടികള്‍ സംഘടിപ്പിക്കണമെന്നും കമ്മീഷന് നിര്‍ദേശിച്ചു.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.