|    Mar 24 Fri, 2017 7:23 pm
FLASH NEWS

വൈസ് ചെയര്‍മാനെതിരായ ആരോപണത്തില്‍ ഉറച്ചുനില്‍ക്കുന്നു: ഷാഹുല്‍ ഹമീദ്

Published : 19th October 2016 | Posted By: Abbasali tf

തൊടുപുഴ: നഗരസഭാ തിരഞ്ഞെടുപ്പില്‍ ജനം തിരസ്‌ക്കരിച്ച കോണ്‍ഗ്രസ് ബ്ലോക്ക് ആക്ടിങ് പ്രസിഡന്റിന് താന്‍ ഇലക്ഷനില്‍ വിജയിച്ചതിലുളള വിരോധമാണ് പാര്‍ട്ടിയില്‍ നിന്നുളള തന്റെ സസ്‌പെന്‍ഷന് പിന്നിലെന്ന് കോണ്‍ഗ്രസ് നഗരസഭാ കൗണ്‍സിലര്‍ എം കെ ഷാഹുല്‍ ഹമീദ്.തന്നെ സസ്‌പെന്റ് ചെയ്തതായി പത്രക്കുറിപ്പ് പുറത്തിറങ്ങി രണ്ടു ദിവസത്തിന് ശേഷമാണ് കാരണം കാണിക്കല്‍ നോട്ടീസ് കിട്ടുന്നത്. വൈസ് ചെയര്‍മാനുമായി ബന്ധപ്പെട്ട് നഗരസഭാ കൗണ്‍സിലില്‍ ഉന്നയിച്ച അഴിമതി ആരോപണത്തില്‍ ഉറച്ചു നില്‍ക്കുന്നതായും ഷാഹുല്‍ ഹമീദ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.പാര്‍ട്ടിക്ക് ജയസാധ്യതയില്ലാത്ത മുതലിയാര്‍മഠം വാര്‍ഡില്‍ താന്‍ രണ്ടു വട്ടവും ഒരു തവണ ഭാര്യയും വിജയിച്ചത് വ്യക്തിബന്ധം കൊണ്ടാണ്.ഒരു വര്‍ഷത്തേക്കെങ്കിലും വൈസ് ചെയര്‍മാന്‍ പദവി നല്‍കണമെന്ന ന്യായമായ ആവശ്യം  ഉന്നയിച്ചിരുന്നു.പാര്‍ട്ടി നേതൃത്വത്തിലെ ഭൂരിപക്ഷത്തിനും ഇക്കാര്യത്തില്‍ എതിര്‍പ്പുണ്ടായിരുന്നില്ല.ആക്ടിങ് ബ്ലോക്ക് പ്രസിഡന്റ് ഡിസിസി പ്രസിഡന്റിനെ സ്വാധീനിച്ച് ഇത് അട്ടിമറിക്കുകയായിരുന്നു. താന്‍ മുന്‍കൈയെടുത്ത് കെ കരുണാകരന്‍ അനുസ്മരണ സമ്മേളനം നടത്തിയതും എ വിഭാഗക്കാരനായ പ്രസിഡന്റ് അടക്കമുളളവരെ ചൊടിപ്പിച്ചു.അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യാന്‍ ഡിസിസി പ്രസിഡന്റിനെ നേരില്‍ ക്ഷണിച്ചെങ്കിലും അദ്ദേഹം വിസമ്മതിച്ചു.യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ അഡ്വ.എസ് അശോകന്‍ ഉദ്ഘാടനം ചെയ്ത സമ്മേളനത്തില്‍ നിന്നും ഒരു വിഭാഗം നേതാക്കള്‍ വിട്ടു നിന്നു. സ്വന്തമായി ഇതുവരെ ഒരു ജോലിയും ചെയ്യാത്ത അക്ടിങ് ബ്ലോക്ക് പ്രസിഡന്റ് തന്നെ പണപ്പിരിവുകാരനായി ചിത്രീകരിക്കുകയാണ്. പാര്‍ട്ടി പരിപാടികള്‍ക്കോ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കോ അല്ലാതെ യാതൊരു വിധ ഫണ്ടുപിരിവും നടത്തിയിട്ടില്ല.അനധികൃത പണപ്പിരിവ് നടത്തിയതിന് തെളിവു നല്‍കിയാല്‍ കൗണ്‍സിലര്‍ സ്ഥാനം രാജിവെക്കാം.ലക്ഷങ്ങള്‍ വെട്ടിച്ചതിന് ഒളിവില്‍ കഴിയുന്ന ഡിസിസി നേതാവിനും ചൂതുകളിക്ക് പിടിയിലായ മറ്റൊരു ഡിസിസി നേതാവിനും എതിരെ നടപടി എടുക്കാന്‍ മടിക്കുന്നവരാണ് തന്നെ ക്രൂശിക്കുന്നത്. കഴിഞ്ഞ അഞ്ചിന് ചേര്‍ന്ന കൗണ്‍സിലില്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് വ്യക്തമായി തെളിവുണ്ട്. കൗണ്‍സിലിന്റെ അനുമതിയില്ലാതെയാണ് പാര്‍ക്ക് നവീകരണവും മിനി ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചതും. ഇതിലെ അഴിമതി വിജിലന്‍സ് അന്വേഷണത്തിന് വിടണം. തന്റെ വാര്‍ഡിലെ കുടിവെളള പദ്ധതിക്ക് പണം അനുവദിക്കാതെ പാര്‍ക്ക് നവീകരണത്തിന് പണം വഴിവിട്ട് ചെലവിട്ടതിനെതിരെ പ്രതിഷേധം തുടരും. ഓഫിസ് സമയത്തിന് ശേഷം രാത്രി വൈകും വരെ വൈസ് ചെയര്‍മാന്റെ ഓഫിസ് പ്രവര്‍ത്തിക്കുന്നതില്‍ ദുരൂഹതയുണ്ട്. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി കെപിസിസി പ്രസിഡന്റിന് പരാതി നല്‍കിയിട്ടുണ്ട്.താനുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അന്വേഷിക്കുന്നതിന് നിയോഗിച്ച ബാലന്‍പിളള കമ്മീഷന്‍ ഇതുവരെ തന്റെ വിശദീകരണം തേടിയിട്ടില്ല. തന്റെ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ പാര്‍ട്ടിയില്‍ നിന്നു           രാജിവെക്കുമെന്ന് പറഞ്ഞ ഷാഹുല്‍ ഹമീദ്, കൗണ്‍സിലര്‍ സ്ഥാനത്ത് തുടരുമെന്നും വ്യക്തമാക്കി.

(Visited 16 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക