|    Jan 24 Tue, 2017 6:37 am

വൈവിധ്യങ്ങളുമായി സ്‌കൂള്‍ വിപണി; വിലയില്‍ വിട്ടുവീഴ്ചയില്ല

Published : 27th May 2016 | Posted By: SMR

പത്തനംതിട്ട: സ്‌കൂള്‍ തുറക്കാന്‍ ഏതാനും ദിവസങ്ങള്‍ക്കൂടി ബാക്കി നില്‍ക്കെ വൈവിധ്യമാര്‍ന്ന ഉല്‍പന്നങ്ങളുമായി സ്‌കൂള്‍ വിപണി സജീവമായി. ജില്ലയിലെ പ്രധാന നഗരങ്ങളിലെല്ലാം, കടകളില്‍ നല്ല തിരക്ക് അനുഭവപ്പെടുന്നുണ്ട്. അതേസമയം, വിലയില്‍ കഴിഞ്ഞവര്‍ഷത്തേക്കാള്‍, അഞ്ചു ശതമാനം മുതല്‍ പത്തുശതമാനം വരെ വില വര്‍ധന ഉണ്ടായിട്ടുള്ളതായി രക്ഷിതാക്കളും കച്ചവടക്കാരും പറയുന്നു.
മുന്‍കാലങ്ങളെ അപേക്ഷിച്ച് പ്രമുഖ ബ്രാന്‍ഡുകളുടെ ഉല്‍പന്നങ്ങള്‍ക്കാണ് സ്‌കൂള്‍ വിപണിയില്‍ ആവശ്യക്കാര്‍ ഏറെയും. ടിവിയിലും മറ്റും നല്‍കുന്ന പരസ്യങ്ങളുടെ സ്വാധീനത്താല്‍ കുട്ടികള്‍ കൂടുതലായി ഇത്തരം ഉല്‍പന്നങ്ങള്‍ തിരഞ്ഞെടുക്കാനാണ് താല്‍പര്യം കാട്ടുന്നത്. അതുകൊണ്ടു തന്നെ, സ്‌കൂള്‍ സീസണില്‍ വിപണിയില്‍ വില നിയന്ത്രിക്കുന്നത് പ്രമുഖ ബ്രാന്‍ഡുകളുടെ ഉല്‍പാദകരാണെന്ന് കച്ചവടക്കാര്‍ പറയുന്നു. ബാഗ്, കുട, നോട്ട് ബുക്ക്, പെന്‍സില്‍, പേന, ബോക്‌സ്, ലഞ്ച് ബോക്‌സ് തുടങ്ങിയവയിലെല്ലാം പുതിയ പരീക്ഷണങ്ങളാണു കമ്പനികള്‍ നടത്തുന്നത്. 180 രൂപ മുതല്‍ 2200 രൂപ വരെയുള്ള സ്‌കൂള്‍ ബാഗുകള്‍ വിപണിയിലുണ്ട്. 250-500 രൂപ വിലയുള്ള ബാഗുകള്‍ക്കാണ് ആവശ്യക്കാര്‍ കൂടുതല്‍. ചില കടകള്‍ ബാഗിനൊപ്പം കുട്ടികള്‍ക്കാവശ്യമായ മറ്റുപകരണങ്ങള്‍ സൗജന്യമായി നല്‍കുന്ന ഓഫറുകളും വയ്ക്കുന്നുണ്ട്.
ബാഗിനൊപ്പം ട്യൂഷന്‍ കിറ്റ്, പുസ്തകം പൊതിയാനുള്ള കടലാസ്, പേന, പെന്‍സില്‍, പെന്‍സില്‍ ബോക്‌സ്, സ്‌നാക്‌സ് ബോക്‌സ് തുടങ്ങിയവ നല്‍കുന്ന കടകളുമുണ്ട്.
ചിലര്‍ ബാഗുകള്‍ക്ക് ആറു മാസം സൗജന്യ സര്‍വീസ് വാറന്റിയും നല്‍കുന്നുണ്ട്. 190 രൂപ മുതല്‍ മുകളിലേക്കാണു സ്‌കൂള്‍ ഷൂസിന്റെ വില. പെണ്‍കുട്ടികള്‍ക്കും ആണ്‍കുട്ടികള്‍ക്കും പ്രത്യേകം പെന്‍സില്‍ ബോക്‌സ് ഉണ്ട്.
പെന്‍സില്‍ ബോക്‌സിനുള്ളില്‍ കാല്‍ക്കുലേറ്റര്‍ വരുന്ന മോഡല്‍ ആണ് ഇപ്പോള്‍ ജനപ്രിയം. 250 രൂപയാണു വില. 50 രൂപ മുതല്‍ വിലയുള്ള പെന്‍സില്‍ ബോക്‌സുകളുണ്ട്. ഇതിനു പുറമേ, പല മോഡല്‍ പെന്‍സില്‍ പൗച്ചുകളും ഉണ്ട്. ലഞ്ച് ബോക്‌സ് ഭക്ഷണം കൊണ്ടു പോയി കഴിക്കാന്‍ മാത്രമല്ല, വെറുതേയിരിക്കുമ്പോള്‍ ഗെയിം കളിക്കുകയും ചെയ്യാം. ബോക്‌സിന്റെ മുകളില്‍ പ്രത്യേകതരം ഗെയിം കളിക്കാനുള്ള സൗകര്യവുമായാണു ലഞ്ച് ബോക്‌സുകള്‍ തയ്യാറാക്കിയിരിക്കുന്നത്.
വീട്ടിലുണ്ടാക്കുന്ന ഭക്ഷണം ചൂടാറാതെ കുട്ടികള്‍ കഴിക്കണമെന്നാണെങ്കില്‍ കാസറോള്‍ മാതൃകയിലുള്ള ലഞ്ച് ബോക്‌സുകള്‍ 250 രൂപ മുതല്‍ ലഭിക്കും. പലതരം വിഭവങ്ങള്‍ കലര്‍ന്നു പോവാതെ സ്‌കൂളില്‍ കൊണ്ടുപോയി കഴിക്കണമെങ്കില്‍ പല അറകളുള്ള സ്‌നാക്‌സ് ബോക്‌സുകളും ലഭിക്കും.
നോട്ട് ബുക്കുകള്‍ 20 രൂപ മുതല്‍ ലഭിക്കും.ഗുണമേന്മ അനുസരിച്ചു വില കൂടും. സ്‌കൂള്‍ തുറക്കുന്നതിനു മുന്‍പേ മഴയെത്തിയതിനാല്‍ കുട വിപണിയും സജീവമായി.
പ്രീപ്രൈമറി മുതല്‍ പ്ലസ് ടു വരെയുള്ള കുട്ടികളുടെ മനസ്സു കീഴടക്കുന്നവിധം വ്യത്യസ്തമായ കുടകള്‍ വിപണിയിലുണ്ട്. 150 രൂപ മുതല്‍ കുടകള്‍ ലഭ്യമാണ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 72 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക