|    Jan 24 Tue, 2017 10:59 pm
FLASH NEWS

വൈറ്റില-അരൂര്‍ ദേശീയ പാതയിലെ ടോള്‍ കൊള്ള യാത്രക്കാരെ വലയ്ക്കുന്നു

Published : 1st July 2016 | Posted By: SMR

മരട്: വൈറ്റില-അരൂര്‍ ദേശീയ പാതയിലെ കുമ്പളം ടോള്‍ പ്ലാസയുടെ ടോള്‍ കൊള്ള യാത്രക്കാരെ വലയ്ക്കുന്നു. കുമ്പളം ടോള്‍ പ്ലാസയിലെ പഴയ നിരക്കായ ചെറുവാഹനങ്ങള്‍ക്കു ഒരു വശത്തേക്ക് 15 രൂപ, 20 രൂപയായി ഉയര്‍ത്തി ടോള്‍ കൊള്ള അധികരിപ്പിച്ച് കൊണ്ടിരിക്കുകയാണ്. കൂടാതെ ഈ പാതയിലൂടെ കടന്ന് പോവുന്നതിന് എല്ലാ വാഹനങ്ങള്‍ക്കും വന്‍ വര്‍ധനവാണ് പുതിയതായി ഇറക്കിയ ദേശീയപാതയുടെ ടോള്‍ നിരക്കിലുള്ളത്. എന്നാല്‍ ടോള്‍ പ്ലാസ ഓട്ടോമാറ്റിക് സംവിധാനമാക്കിയെങ്കിലും വൈറ്റില-അരൂര്‍ ദേശീയ പാതയിലൂടെ കടന്ന് പോവേണ്ടവര്‍ക്ക് ദുരിതങ്ങള്‍ മാത്രമേ ഉള്ളൂ. വൈറ്റില മുതല്‍ തൈക്കൂടം വരെയും മാടവന മുതല്‍ അരൂര്‍ വരെയും യാത്രക്കാര്‍ ഇരുട്ടിലൂടെ വേണം ദേശീയ പാത കടക്കാന്‍. കൂടാതെ ദേശീയപാതയിലെ വൈറ്റില മുതല്‍ അരൂര്‍ വരെയുള്ള റോഡിനോട് ചേര്‍ന്നുള്ള കാനകള്‍ക്ക് സ്ലാബില്ലാത്തതും അപകടങ്ങള്‍ ക്ഷണിച്ച് വരുത്തുന്നു. മുകളില്‍ പുല്ലും ചെടികളും പിടിച്ച് നില്‍ക്കുന്നതിനാല്‍ കാന ഉണ്ടെന്ന് പോലും അറിയാന്‍ സാധിക്കാത്തതും അപകടത്തിന് മറ്റൊരു കാരണമാവുന്നു.
കൂടാതെ മരട് നഗരസഭയുടെ സമീപത്തും കുമ്പളം പഞ്ചായത്തിലുമായി സ്ഥിതി ചെയ്യുന്നവര്‍ക്ക് ടോള്‍ നിരക്ക് നല്‍കേണ്ടി വരുന്നു എന്നുള്ളത് സമീപവാസികളെ കൂടുതല്‍ ദുരിതത്തിലാക്കുകയാണ്. ഇന്നും ഈ പറയുന്ന പ്രദേശങ്ങളിലുള്ളവര്‍ ടോള്‍ നല്‍കി പോകേണ്ട ഗതികേടിലാണ്.
എന്നാല്‍ കുമ്പളം പഞ്ചായത്ത് അധികൃതരെ ടോളില്‍ നിന്നും ഒഴിവാക്കുമെന്ന് കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ ബന്ധപ്പെട്ട മന്ത്രി പ്രസ്താവന ഇറക്കിയെങ്കിലും ഇതെല്ലാം കാറ്റില്‍ പറക്കുകയാണ്. കൂടാതെ കുമ്പളം നിവാസികളെ ടോളില്‍ നിന്ന് ഒഴിവാക്കണമെങ്കില്‍ പഞ്ചായത്ത് അധികൃതര്‍ പണം നല്‍കണമെന്ന് ദേശീയ പാത അധികൃതരും പണമടക്കാതെ കുമ്പളം നിവാസികളെ ടോളില്‍ നിന്നും ഒഴിവാക്കണമെന്നു പഞ്ചായത്തും പറഞ്ഞ് കൊണ്ട് തര്‍ക്കത്തില്‍ കിടക്കുകയല്ലാതെ കുമ്പളം നിവാസികള്‍ക്കും പരിസരവാസികള്‍ക്കും ഒരു ഗുണവും ലഭിച്ചിട്ടില്ല. നേരത്തെയൊക്കെ കുമ്പളം എന്ന് പറഞ്ഞാല്‍ വാഹനങ്ങള്‍ ചിലതൊക്കെ കടത്തിവിടുമായിരുന്നെങ്കിലും ഇപ്പോള്‍ അതിന് സാധിക്കാത്തതും ഇരുട്ടടിയായിരിക്കുകയാണ്. ടോള്‍ പ്ലാസയിലെ തൊഴിലാളികള്‍ മുഴുവന്‍ അന്യസംസ്ഥാന തൊഴിലാളികളാണ് എന്നുള്ളതാണ് പ്രശ്‌നം. 2010ലാണ് ടോള്‍ പിരിവ് ആരംഭിച്ചതെങ്കിലും ഇപ്പോള്‍ പിരിവ് നടക്കുന്നത് മെയിന്റനന്‍സിനും കൂടിയാണ് എന്ന് ആക്കിയിരിക്കുന്നത് കാരണം കാലാവധി ഇല്ലാതെ എത്ര നാള്‍ വേണമെങ്കിലും തുടരാം. കുമ്പളം പഞ്ചായത്തിന്റെ പരിധിയില്‍ താമസിക്കുന്ന വിദ്യാര്‍ഥികളുമായി പോകുന്ന സ്‌കൂള്‍ വാഹനങ്ങള്‍ ബലമായി തടഞ്ഞ് നിര്‍ത്തി ടോള്‍ പിരിക്കുന്ന കുമ്പളം ടോള്‍ പ്ലാസ അധികൃതരുടെ നടപടി പ്രതിഷേധാര്‍ഹമാണെന്നും ടോള്‍ അധികൃതര്‍ ഇനിയും ഇതാവര്‍ത്തിച്ചാല്‍ ശക്തമായ സമരപരിപാടികള്‍ ആവിഷ്‌കരിക്കുമെന്നും എസ്ഡിപി ഐ തൃപ്പൂണിത്തുറ മണ്ഡലം സെക്രട്ടറി നഹാസ് ആബിദ്ദീന്‍ വാര്‍ത്താകുറിപ്പില്‍ പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 50 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക