|    Mar 22 Thu, 2018 12:28 am
FLASH NEWS
Home   >  Pravasi   >  

വൈറല്‍ ഹെപറ്റൈറ്റിസ് നിര്‍മാര്‍ജനം ചെയ്യാന്‍ എച്ച്എംസി പിന്തുണ

Published : 2nd August 2017 | Posted By: fsq

 

ദോഹ: വൈറല്‍ ഹെപറ്റൈറ്റിസ് (ഹെപറ്റൈറ്റിസ് എ, ബി, സി, ഡി, ഇ) രോഗത്തെ 2030ഓടെ ലോകത്ത് നിന്ന് തുടച്ചുനീക്കുന്നതിനുള്ള ലോകാരോഗ്യ സംഘടനാ (ഡബ്ല്യുഎച്ച്ഒ) പദ്ധതിക്ക് ഹമദ് മെഡിക്കല്‍ കോര്‍പറേഷന്റെ (എച്ച്എംസി) പൂര്‍ണ പിന്തുണ. ഈ രോഗത്തെ സംബന്ധിച്ച ബോധവല്‍ക്കരണം വ്യാപകമാക്കുകയും ചികിത്സ ലഭ്യമാക്കുന്നത് വര്‍ധിപ്പിക്കാനും ലക്ഷ്യമിട്ടുള്ളതാണ് കര്‍മപദ്ധതി.കഴിഞ്ഞ വര്‍ഷങ്ങളില്‍ കരള്‍ രോഗവുമായി ബന്ധപ്പെട്ട പ്രധാന സംഭവങ്ങളൊന്നും ഖത്തറില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. രാജ്യത്ത് പിറക്കുന്ന ഓരോ കുഞ്ഞിനും ഹെപറ്റൈറ്റിസ് ബി കുത്തിവയ്പ്പ് നടത്തുന്നുണ്ട്. രക്ത കൈമാറ്റത്തിന് മുമ്പായി രക്തവും രക്തവുമായി ബന്ധപ്പെട്ട എല്ലാം പരിശോധിക്കുക, ഗര്‍ഭാവസ്ഥയില്‍ ഹെപറ്റൈറ്റിസ് ബി, സി പരിശോധന, ആരോഗ്യ മേഖലയിലെ എല്ലാ ജീവനക്കാര്‍ക്കുമുള്ള പരിശോധന, ഹെപറ്റൈറ്റിസ് ബി കുത്തിവയ്പ്പ് എടുക്കാത്തവര്‍ക്ക് സൗജന്യ കുത്തിവയ്പ്പ് തുടങ്ങി നിരവധി പദ്ധതികള്‍ രാജ്യത്തു നടപ്പാക്കുന്നുണ്ട്. പകര്‍ച്ചവ്യാധികളെ നിരീക്ഷിക്കുന്നതിനും തടയുന്നതിനുമുള്ള പ്രത്യേക കര്‍മ സംഘത്തിന്റെ പ്രവര്‍ത്തനങ്ങള്‍ പുനരവലോകനം ചെയ്യുന്ന ഗ്ലോബല്‍ വാക്‌സിന്‍ ആക്ഷന്‍ പ്ലാന്‍ ആന്റ് ദി ഗ്ലോബല്‍ റസ്‌പോണ്‍സ് ടു വെക്ടര്‍ കണ്‍ട്രോള്‍ യോഗത്തിന് ആരോഗ്യ മന്ത്രി ഡോ. ഹനാന്‍ മുഹമ്മദ് അല്‍കുവാരി അധ്യക്ഷത വഹിച്ചിരുന്നു. ലോകാരോഗ്യ സമ്മേളനത്തോടനുബന്ധിച്ച് ജനീവയിലാണ് യോഗം നടന്നത്. വൈറല്‍ ഹെപറ്റൈറ്റിസ് നിശബ്ദ കൊലയാളിയാണെന്ന് എച്ച്എംസിയിലെ പകര്‍ച്ചവ്യാധി യൂനിറ്റ് സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. ഹുസാം അല്‍സൗബ് പറയുന്നു. ഹെപറ്റൈറ്റിസ് എ, ബി, സി, ഡി, ഇ വൈറസുകള്‍ ബാധിച്ചയാള്‍ പരിമിത ലക്ഷണങ്ങളെ കാണിക്കൂ. ചിലപ്പോള്‍ യാതൊരു രോഗ ലക്ഷണവുമുണ്ടാകില്ല. മഞ്ഞപ്പിത്തം, മൂത്രത്തിന് ഇരുണ്ട നിറം, അതിയായ ക്ഷീണം, ഛര്‍ദി, ഉദര വേദന തുടങ്ങിയവയാണ് ഇവയുടെ ലക്ഷണങ്ങള്‍. ഹെപറ്റൈറ്റിസ് എയും ഇയും അണുബാധയുള്ള ഭക്ഷണത്തിലൂടെയും വെള്ളത്തിലൂടെയുമാണ് പകരുക. ബിയും സിയും ഉപയോഗിച്ച സൂചി വഴിയും. രക്തകൈമാറ്റം വഴിയും ഗര്‍ഭാവസ്ഥയില്‍ അമ്മയില്‍ നിന്ന് കുഞ്ഞിലേക്കും ലൈംഗികബന്ധം വഴിയും ഈ വൈറസുകള്‍ പകരാം. ഹെപറ്റൈറ്റിസ് ബിയുള്ളവര്‍ക്ക് ഡി പകരാനും സാധ്യതയുണ്ട്. ഹെപറ്റൈറ്റിസ് എയും ഇയും ബാധിച്ചയാളില്‍ നിന്ന് അണുക്കള്‍ കരളിനെ ബാധിക്കാതെ തന്നെ സ്വന്തം നിലക്ക് പോകും. അതേസമയം, ബിയും സിയും വിട്ടുമാറാത്ത രോഗമായും കരള്‍വീക്കത്തിനും കരള്‍ അര്‍ബുദത്തിനും കാരണമാകും. രോഗം നേരത്തെ കണ്ടെത്തുന്നതിന് പരിശോധനയല്ലാതെ മാര്‍ഗമില്ലെന്നും അല്‍സൗബ് ചൂണ്ടിക്കാട്ടുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss