|    May 24 Wed, 2017 2:16 am
FLASH NEWS

വൈറല്‍ ലോഡ് ടെസ്റ്റിങ് മെഷീനില്ല : എച്ച്‌ഐവി ബാധിതര്‍ പരിശോധനയ്ക്ക് ചെന്നൈയെ ആശ്രയിക്കണം

Published : 17th March 2017 | Posted By: fsq

hiv-aids_

എ പി വിനോദ്

കാഞ്ഞങ്ങാട്: എച്ച്‌ഐവി ബാധ തടയാന്‍ സംസ്ഥാന സര്‍ക്കാര്‍ വിവിധ പദ്ധതികള്‍ ആവിഷ്‌കരിക്കുമ്പോഴും വൈറല്‍ ലോഡ് ടെസ്റ്റിങ് മെഷീനില്ലാത്തതിനാല്‍ രണ്ടാംഘട്ട പരിശോധനയ്ക്ക് ചെന്നൈയില്‍ പോകേണ്ട അവസ്ഥയിലാണ് രോഗികള്‍. എച്ച്‌ഐവി രോഗബാധിതരുടെ ഒരു മില്ലിഗ്രാം രക്തത്തില്‍ എത്ര എച്ച്‌ഐവി വൈറസ് ഉണ്ടെന്നു കണ്ടെത്തുന്നതിനാണ് വൈറല്‍ ലോഡ് ടെസ്റ്റ് നടത്തുന്നത്. ഇതനുസരിച്ചാണ് രോഗിയുടെ ആരോഗ്യനിലയും രോഗപ്രതിരോധശേഷിയും കണ്ടെത്തുന്നത്. എന്നാല്‍, സംസ്ഥാനത്ത് ഈ സൗകര്യമില്ലാത്തതിനാല്‍ നിര്‍ധന രോഗികള്‍ പാതിവഴിയില്‍ ചികില്‍സ ഉപേക്ഷിക്കുകയാണ്. എച്ച്‌ഐവി ബാധിതനാണെന്നു കണ്ടാല്‍ പ്രതിരോധശേഷി കണ്ടെത്താന്‍ ചെയ്യുന്ന സിഡി-4 പരിശോധനയക്കും സംസ്ഥാനത്ത് സൗകര്യങ്ങള്‍ കുറവാണ്. പരിശോധന നടത്താന്‍ സംസ്ഥാനത്ത് തിരുവനന്തപുരം, പാലക്കാട്, തൃശൂര്‍ എന്നിവിടങ്ങളില്‍ മാത്രമാണ് സൗകര്യമുള്ളത്. കോഴിക്കോട്ടെ പരിശോധനാ മെഷീന്‍ കേടായിരിക്കുകയാണ്. കാസര്‍കോട് ജില്ലയില്‍ മെഷീന്‍ 2010ല്‍ സ്ഥാപിച്ചതു മുതല്‍ തകരാറിലാണ്. കാസര്‍കോട്ടെ രോഗികളുടെ രക്തസാംപിളുകള്‍ പരിശോധനയ്ക്ക് മംഗളൂരു വെന്‍ലോക്ക് ആശുപത്രിയിലേക്കു കൊണ്ടുപോവുകയായിരുന്നു പതിവ്. എന്നാല്‍, ഇവിടെയും രണ്ടു മാസമായി മെഷീ ന്‍ കേടാണ്. സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ കൗണ്‍സില്‍ ഓഫ് പീപ്പിള്‍ ലിവിങ് വിത്ത് എച്ച്‌ഐവി-എയ്ഡ്‌സ് ഇന്‍ കേരള (സിപികെ പ്ലസ്)യുടെ കീഴിലാണ് എയ്ഡ്‌സ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നത്. സര്‍ക്കാര്‍ ഫണ്ട് വെട്ടിക്കുറച്ചതിനാല്‍ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളും കാര്യക്ഷമമായി നടത്താന്‍ സാധിക്കുന്നില്ലെന്നും എച്ച്‌ഐവി ബാധിതര്‍ക്ക് പരിചരണവും പിന്തുണയും നല്‍കുന്ന കെഡിഎന്‍പി പ്ലസ് ഡയറക്ടര്‍ കുഞ്ഞികൃഷ്ണന്‍ തേജസിനോട് പറഞ്ഞു.  എച്ച്‌ഐവി രോഗബാധിതരുടെ ചികില്‍സ അവകാശമാക്കാന്‍ നിലവിലെ ബില്ലില്‍ ഭേദഗതി കൊണ്ടുവരണമെന്നാണ് ഈ രംഗത്തെ സംഘടനകളുടെ ആവശ്യം.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day