|    Dec 13 Thu, 2018 12:52 am
FLASH NEWS
Home   >  Todays Paper  >  page 12  >  

വൈരുദ്ധ്യങ്ങളുടെ അബ്ദുല്‍ ഗനി ലോണ്‍

Published : 6th September 2018 | Posted By: kasim kzm

കശ്മീര്‍: നിഗൂഢതയുടെ വലക്കണ്ണികള്‍- 2

കെ എ സലിം

ശുജാഅത്ത് വധത്തില്‍ മാത്രമല്ല, ഹുര്‍രിയത്ത് നേതാവ് അബ്ദുല്‍ ഗനി ലോണ്‍ വധത്തിലും ഉണ്ടായിരുന്നു സമാനമായ സങ്കീര്‍ണതകള്‍. 2001 മെയ് 21ന് പൊതുപരിപാടിക്കിടെയാണ് ലോണ്‍ വെടിയേറ്റു മരിക്കുന്നത്. കൊല്ലപ്പെടുന്നതിനു ദിവസങ്ങള്‍ക്കു മുമ്പ് ദുൈബയിലായിരുന്നു ലോണ്‍. അവിടെ നിന്ന് ലണ്ടനിലേക്കും അമേരിക്കയിലേക്കും ക്വാലാലംപൂരിലേക്കും പോയി. പിന്നെ സിംഗപ്പൂരില്‍ കുറച്ചു ദിവസം കഴിയേണ്ടതായിരുന്നു. അപ്പോഴാണ് മീര്‍വായിസ് ഉമര്‍ ഫാറൂഖിന്റെ ഫോണ്‍ വരുന്നത്. ഉമര്‍ ഫാറൂഖിന്റെ പിതാവും ലോണിന്റെ സുഹൃത്തുമായ മീര്‍വായിസ് മുഹമ്മദ് ഫാറൂഖ് കൊല്ലപ്പെട്ടതിന്റെ 20ാം വാര്‍ഷിക അനുസ്മരണ ചടങ്ങിലേക്ക് ക്ഷണിക്കാനായിരുന്നു അത്.

ലോണ്‍ സിംഗപ്പൂരിലേക്ക് പോയില്ല. പകരം മെയ് 18നു ഡല്‍ഹിയിലെത്തി. 20നു തിരിച്ച് ശ്രീനഗറിലേക്കും. അനുസ്മരണച്ചടങ്ങിലേക്ക് ലോണ്‍ ചെല്ലുമ്പോ ള്‍ അലിഷാ ഗീലാനി ഒഴികെയുള്ളവരെല്ലാം സ്‌റ്റേജില്‍ ഉണ്ടായിരുന്നു. അബ്ദുല്‍ ഗനി ഭട്ട്, മൗലവി അബ്ബാസ് അന്‍സാരി തുടങ്ങിയവരെല്ലാം സംസാരിച്ചു. അസാധാരണമായിരുന്നത് എന്തെന്നുവച്ചാല്‍, ലോണ്‍ അന്നൊന്നും സംസാരിച്ചില്ല. ഉമര്‍ ഫാറൂഖിന്റേതായിരുന്നു അവസാന പ്രസംഗം. പ്രസംഗം തീര്‍ന്നതോടെ ആരോ ‘ഗ്രനേഡ്’ എന്ന് അലറിവിളിച്ചു. നേതാക്കള്‍ ഉടനെ വേദി വിട്ടിറങ്ങി. ലോണ്‍ എണീറ്റതേയുണ്ടായിരുന്നുള്ളൂ. അപ്പോഴേക്കും വെടിയേറ്റു. ആളുകള്‍ ചിതറിയോടുന്നതിനിടയില്‍ ആരാണ് വെടിവച്ചതെന്ന് ആരും കണ്ടില്ല. 20 വെടിയുണ്ടകള്‍ ഏറ്റിരുന്നു ലോണിന്.

കൊല്ലപ്പെടുമ്പോള്‍ ഇന്ത്യ-പാക് സമാധാന ചര്‍ച്ചയ്ക്ക് മധ്യസ്ഥത വഹിക്കുകയായിരുന്നു അബ്ദുല്‍ ഗനി ലോണ്‍. ലോണ്‍ മനുഷ്യാവകാശ ഏകോപന സമിതിയുടെ ക്ഷണമനുസരിച്ചു കേരളം സന്ദര്‍ശിച്ച് തിരിച്ചെത്തി ഏതാനും ആഴ്ചകളേ ആയിരുന്നുള്ളൂ. ”എന്തായിരുന്നു ലോണ്‍ കേരളത്തില്‍ വച്ചു സംസാരിച്ചത്” എന്ന് മാധ്യമപ്രവര്‍ത്തകനായ നുഅ്മാന്‍ ചോദിച്ചു. ”സ്വയംനിര്‍ണയാവകാശത്തിനു വേണ്ടിയായിരുന്നു”വെന്ന് മറുപടി. ”അദ്ഭുതകരമായിരിക്കുന്നു”- നുഅ്മാന്‍ പറഞ്ഞു: ”ലോണ്‍ വ്യക്തിപരമായി ഒരുകാലത്തും ഇത്തരമൊരു നിലപാട് സ്വീകരിച്ചിരുന്നില്ല. കശ്മീരില്‍ ലോണ്‍ സ്വയംനിര്‍ണയാവകാശത്തെക്കുറിച്ച് സംസാരിച്ചിരുന്നില്ല.

എക്കാലത്തും ഇന്ത്യയുമായാണ് ലോണിന് അടുത്ത ബന്ധമുണ്ടായിരുന്നത്.” കൊല്ലപ്പെടുന്നതിനു തൊട്ടുമുമ്പ് കശ്മീര്‍ മുഖ്യമന്ത്രിയാവാനുള്ള സാധ്യതകള്‍ കല്‍പിക്കപ്പെട്ടിരുന്നു. ഇന്ത്യയും പാകിസ്താനുമായി ഒരുമിച്ചല്ലാതെ ഏതെങ്കിലും ഒരു കക്ഷിയുമായി മാത്രം ചര്‍ച്ച നടത്തരുതെന്ന ഹുര്‍രിയത്തിന്റെ നിലപാടില്‍ വെള്ളം ചേര്‍ത്തത് അബ്ദുല്‍ ഗനി ലോണാണ്. അബ്ദുല്‍ ഗനി ഭട്ടിനെപ്പോലുള്ള നേതാക്കളെ ലോണ്‍ ഡല്‍ഹിയില്‍ എത്തിച്ചു. ലോണിന്റെ കൊലയിലേക്കും പിന്നീട് ഹുര്‍രിയത്തിലെ പിളര്‍പ്പിലേക്കും നയിച്ചത് ഈ നിലപാടുകളാണ്. മികച്ച രാഷ്ട്രീയക്കാരനായിരുന്നു ലോണ്‍. അക്കാലത്ത് ഹുര്‍രിയത്തില്‍ ആര്‍ക്കുമില്ലാത്ത നയചാതുരി ഉണ്ടായിരുന്നു. പ്രധാനമന്ത്രിയായിരുന്ന വാജ്‌പേയിയുടെ രാജ്യസുരക്ഷാ ഉപദേഷ്ടാവ് ബ്രജേഷ് മിശ്രയുമായും രാജ്യത്തിന്റെ ചാരസംഘടനയായ റിസര്‍ച്ച് ആന്റ് അനാലിസിസ് വിങ് മേധാവി അമര്‍ജിത് സിങ് ദുലാത്തുമായും അടുപ്പം പുലര്‍ത്തിയിരുന്നു. ഇക്കാര്യം തന്റെ പുസ്തകത്തില്‍ ദുലാത്ത് ശരിവയ്ക്കുന്നുണ്ട്.

1999ല്‍ കാര്‍ഗില്‍ യുദ്ധത്തിനു തൊട്ടുപിന്നാലെയുള്ള വസന്തകാലത്ത് അമേരിക്കയില്‍ നിന്ന് തിരിച്ചുവരുന്നതിനിടെ ലോണ്‍ ഇടയ്ക്ക് അല്‍പ നാള്‍ ദുൈബയില്‍ തങ്ങിയത് പാകിസ്താന്‍ ചാരസംഘടനയായ ഐഎസ്‌ഐയുടെ ഉപമേധാവി മേജര്‍ ജനറല്‍ ജംഷിദ് ഗുല്‍ഹര്‍ കയാനിയുമായി ചര്‍ച്ച നടത്താനായിരുന്നു. കയാനിയോട് കശ്മീര്‍ പ്രശ്‌നത്തില്‍ ഇടപെടുന്നത് അവസാനിപ്പിക്കാന്‍ ലോണ്‍ ആവശ്യപ്പെട്ടെന്നാണ് റോ കരുതുന്നത്. ഇത് ലോണിന്റെ കൊലയിലേക്ക് നയിച്ചെന്ന് കരുതുന്നവരുണ്ട്. 1988-90 കാലത്ത് ഇന്ത്യക്ക് ഒട്ടും താല്‍പര്യമില്ലാത്ത ആളായിരുന്നു ലോണെന്ന് ദുലാത്ത് പറയുന്നുണ്ട്. ഫാറൂഖ് അബ്ദുല്ലയും രാജീവ് ഗാന്ധിയും തമ്മിലുള്ള ബന്ധത്തിന്റെ തടവുകാരായിരുന്നു ഇന്ത്യന്‍ ഇന്റലിജന്‍സ് ഏജന്‍സികള്‍. കശ്മീരില്‍ ഫാറൂഖ് അബ്ദുല്ല മാത്രമായിരുന്നു ഡല്‍ഹിയുടെ സ്വന്തക്കാരന്‍.

അക്കാലത്ത് ഇന്റലിജന്‍സ് ബ്യൂറോ തലവനായിരുന്ന എം കെ നാരായണന്‍ ഫാറൂഖുമായി എപ്പോഴും അടുപ്പം പുലര്‍ത്തിപ്പോന്നു. അഞ്ചു വര്‍ഷത്തിനു ശേഷമാണ് ഫാറൂഖിനേക്കാള്‍ വലുതാണ് കശ്മീരെന്ന് ഇന്ത്യ മനസ്സിലാക്കുന്നതെന്ന് ദുലാത്ത് പറയുന്നുണ്ട്. തങ്ങള്‍ക്കൊപ്പം ക്ലബ്ബില്‍ റമ്മി കളിക്കുന്ന ലോണിനെക്കുറിച്ച് ശ്രീനഗറിലെ പഞ്ചാബികളായ സുഹൃത്തുക്കളാണ് ആദ്യം പറയുന്നതെന്ന് ദുലാത്ത് പറയുന്നു. ചൂതുകളിയോട് വല്ലാത്തൊരു താല്‍പര്യമുണ്ടായിരുന്നു ലോണിന്. ശ്രീനഗറിലെ മദ്യവും ചൂതുകളിയും പതിവായ പഞ്ചാബി ക്ലബ്ബുകളിലെ സ്ഥിരം സന്ദര്‍ശകന്‍. ജമ്മു-കശ്മീര്‍ പോലിസ് ഐജിയായിരുന്ന അമര്‍ കപൂറായിരുന്നു ലോണിന്റെ സ്വന്തക്കാരന്‍. ലണ്ടനിലെ ഒരു യുക്തിവാദ ഫെഡറേഷനില്‍ അംഗവുമായിരുന്നു. ഇന്ത്യന്‍ ഇന്റലിജന്‍സിന് ലോണിലേക്കുള്ള ദൂരം കുറച്ചത് ഈ സാഹചര്യമാണ്.

എന്നാല്‍, ഇത് അലിഷാ ഗീലാനി പക്ഷക്കാരായ ജമാഅത്തുകാര്‍ നടത്തുന്ന കുപ്രചാരണമാണെന്നാണ് അതേക്കുറിച്ച് ചോദിച്ചപ്പോള്‍ മകന്‍ സജ്ജാദ് ഗനി ലോണ്‍ വിശദീകരിച്ചതെന്ന് ദുലാത്ത് പറയുന്നുണ്ട്. ലോണ്‍ ഇടതുപക്ഷക്കാരനും സോഷ്യലിസ്റ്റുമായിരുന്നെന്ന് സജ്ജാദ് പറഞ്ഞു. അതോടൊപ്പം ദൈവവിശ്വാസിയുമായിരുന്നു. എന്നാല്‍ വൈരുദ്ധ്യമായിരുന്നു അബ്ദുല്‍ ഗനി ലോണ്‍. അഭിഭാഷകനായിരുന്ന ലോണ്‍ ആദ്യം ചേര്‍ന്നത് കശ്മീരിലെ അവസാനത്തെ പ്രധാനമന്ത്രിയായിരുന്ന ജി എം സാദിഖിന്റെ ഡെമോക്രാറ്റിക് നാഷനല്‍ കൗണ്‍സിലില്‍. മാര്‍ക്‌സിസ്റ്റായിരുന്നു സാദിഖ്. മാര്‍ക്‌സിസ്റ്റ് സിദ്ധാന്തങ്ങള്‍ തന്നെയായിരുന്നു ലോണിനെയും സ്വാധീനിച്ചത്.

ശക്തരായ ഇന്ത്യന്‍ സര്‍ക്കാറിനോട് പൊരുതുന്നത് ഫലമുണ്ടാക്കാത്തതാണെന്ന സാദിഖിന്റെ സിദ്ധാന്തത്തില്‍ ആകൃഷ്ടനായിരുന്നു ലോണ്‍. ചെറുത്തുനില്‍ക്കുന്നതിനു പകരം ഇന്ത്യയുടെ ഭാഗമാവുകയും കശ്മീര്‍ ജനതയെ വിശ്വാസത്തിലെടുക്കാന്‍ ഇന്ത്യാ സര്‍ക്കാരിനെ പ്രേരിപ്പിക്കുകയുമാണ് നല്ല വഴിയെന്ന് ലോണ്‍ കരുതിയിരുന്നു. 1972ല്‍ സാദിഖിനു പിന്നാലെ വന്ന സയ്യിദ് മീര്‍ ഖാസിം സര്‍ക്കാരില്‍ ആരോഗ്യ-വിദ്യാഭ്യാസ മന്ത്രിയായിരുന്ന ലോണ്‍ ബോംബെയില്‍ നടന്ന ഒരു പരിപാടിയില്‍ പ്രസംഗിച്ചത്, കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയുടെ 370ാം വകുപ്പ് കശ്മീരിനും ഇന്ത്യയുടെ മറ്റു ഭാഗങ്ങള്‍ക്കും ഇടയിലുള്ള വൈകാരിക തടസ്സമാണെന്നാണ്. അക്കാലത്ത് ലോണ്‍ കോണ്‍ഗ്രസ്സില്‍ ചേര്‍ന്നിരുന്നു.

1976ല്‍ ശെയ്ഖ് അബ്ദുല്ലയുമായി സൗഹൃദത്തിലായ ലോണ്‍ നാഷനല്‍ കോണ്‍ഫറന്‍സില്‍ ചേര്‍ന്നു. വൈകാതെ പുറത്തായി. 1984ല്‍ ഫാറൂഖ് അബ്ദുല്ലയെ മുഖ്യമന്ത്രിസ്ഥാനത്തു നിന്ന് നീക്കിയപ്പോള്‍ തുടര്‍ന്നു വന്ന ജി എം ഷാ സര്‍ക്കാരില്‍ ലോണിന് ഉപമുഖ്യമന്ത്രി പദവി വാഗ്ദാനം ലഭിച്ചെങ്കിലും ലോണ്‍ സ്വീകരിച്ചില്ല. ഇത് ഫാറൂഖിനെയും ലോണിനെയും സുഹൃത്തുക്കളാക്കി. വൈകാതെ ഫാറൂഖ് അബ്ദുല്ല മീര്‍വായിസ് മുഹമ്മദ് ഫാറൂഖുമായി സഖ്യത്തിലായി. പല പാര്‍ട്ടികളില്‍ നിന്നും ഓഫര്‍ ലഭിച്ചെങ്കിലും ലോണ്‍ ഒന്നിലും ചേര്‍ന്നില്ല. വൈകാതെ ലോണ്‍ സ്വതന്ത്ര കശ്മീരിനു വേണ്ടി പോരാടുന്ന ജെകെഎല്‍എഫിന്റെ സ്വന്തക്കാരനായി. ലോണ്‍ അതുവരെ പുലര്‍ത്തിപ്പോന്ന രാഷ്ട്രീയ വീക്ഷണങ്ങള്‍ക്കു വിരുദ്ധമായിരുന്നു അത്. നാല് ഇന്ത്യന്‍ എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരെ കൊലപ്പെടുത്തിയ കേസില്‍ കുറ്റാരോപിതനായിരുന്ന ജെകെഎല്‍എഫ് നേതാവ് യാസീന്‍ മാലിക് ഒളിവില്‍ കഴിഞ്ഞിരുന്നത് ലോണിന്റെ വീട്ടിലായിരുന്നു. നാളെ: റാവല്‍പിണ്ടിയിലേക്കുള്ള കുതിരസവാരിക്കാര്‍

മൂന്നാം ഭാഗം: റാവല്‍പിണ്ടിയിലേക്കുള്ള കുതിരസവാരിക്കാര്‍

ഒന്നാംഭാഗം ഇവിടെ വായിക്കാം:-ഒരു കൊലയും നിരവധി സിദ്ധാന്തങ്ങളും

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss