|    Jan 23 Mon, 2017 1:59 am
FLASH NEWS

വൈപ്പിന്‍ വലയിലാക്കാന്‍ മുന്നണികള്‍

Published : 23rd April 2016 | Posted By: SMR

പി എം സിദ്ദീഖ്

വൈപ്പിന്‍: വേനല്‍ ചൂടിനെ വെല്ലുന്ന തിരഞ്ഞെടുപ്പ് ചൂടിലാണ് വൈപ്പിന്‍ തീരദേശം. തീരത്ത് വറുതിയുടെ കാലമാണെങ്കിലും നാലാള്‍ കൂടുന്നിടത്തൊക്കെ ചര്‍ച്ച തിരഞ്ഞെടുപ്പിനെ കുറിച്ച് തന്നെയാണ്. ഹാട്രിക് വിജയം തേടി എല്‍ഡിഎഫും, കഴിഞ്ഞ രണ്ടുതവണ കൈവിട്ട മണ്ഡലം തിരിച്ചു പിടിക്കാന്‍ യുഡിഎഫും പ്രചരണരംഗത്ത് സജീവമായതോടെ വൈപ്പിന്‍ മണ്ഡലത്തില്‍ ഇക്കുറി വേനല്‍ചൂടിനേക്കാളും കനത്ത ചൂടുള്ള പോരാട്ടമാണ് നടക്കുന്നത്.
പ്രമുഖ മുന്നണികള്‍ക്കൊപ്പം എന്‍ഡിഎ സ്ഥാനാര്‍ഥിയും വെല്‍ഫെയര്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയും പ്രചരണ രംഗത്ത് എത്തിയിട്ടുണ്ട്. ഇടതുപക്ഷ സ്ഥാനാര്‍ഥിയായി സിറ്റിങ് എംഎല്‍എ എസ് ശര്‍മയാണ് മല്‍സരിക്കുന്നത്.
രണ്ടു തവണ കൈവിട്ട മണ്ഡലം തിരിച്ചു പിടിക്കാന്‍ യുഡിഎഫ് രംഗത്തിറക്കിയിരിക്കുന്നത് നാട്ടുകാരന്‍ തന്നെയായ കെ ആര്‍ സുഭാഷിനെയാണ്. എല്‍ഡിഎഫ് സ്ഥാനാര്‍ഥി എസ് ശര്‍മയുടെ സ്ഥാനാര്‍ഥി പ്രഖ്യാപനവും പ്രചരണവും ആരംഭിച്ച ശേഷമാണ് യുഡിഎഫ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത്. ഇതുകൊണ്ട് തന്നെ ഇടതു സ്ഥാനാര്‍ഥിയുടെ രണ്ടാം ഘട്ട പ്രചരണം ആരംഭിച്ചിട്ടും യുഡിഎഫ് സ്ഥാനാര്‍ഥിയുടെ ഒന്നാം ഘട്ട പ്രചരണം പൂര്‍ത്തിയായിട്ടില്ല.
യുഡിഎഫ് സ്ഥാനാര്‍ഥി പ്രചരണ രംഗത്ത് സജീവമായതോടെ തിരഞ്ഞെടുപ്പ് രംഗത്ത് വീറും വാശിയും കൂടിയിട്ടുണ്ട്. ഇതുകൊണ്ട് തന്നെ ഇരുമുന്നണികളുടെയും പ്രമുഖ നേതാക്കള്‍ വൈപ്പിനിലെത്തിയിരുന്നു. ശര്‍മയുടെ തിരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണെങ്കില്‍ കെ ആര്‍ സുഭാഷിന്റെ തിരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയായിരുന്നു.
വരും ദിവസങ്ങളില്‍ കൂടുതല്‍ നേതാക്കള്‍ മണ്ഡലത്തിലെത്തുമെന്നാണ് സൂചന. സിപിഎം സംസ്ഥാന കമ്മിറ്റിയംഗവും സിഐടിയു സംസ്ഥാന സെക്രട്ടറിമാരില്‍ ഒരാളുമായ എസ് ശര്‍മ്മ 1987, 1991, 1996, 2006 എന്നീ വര്‍ഷങ്ങളില്‍ വടക്കേക്കരയില്‍ നിന്നാണ് മല്‍സരിച്ചിരുന്നത്. മണ്ഡല പുനര്‍ നിര്‍ണയത്തോടെ പേര് മാറിയ ഞാറക്കല്‍ മണ്ഡലം വൈപ്പിനായതോടെ 2011ല്‍ മണ്ഡലത്തില്‍ നിന്നും മല്‍സരിച്ച എസ് ശര്‍മ കോണ്‍ഗ്രസിലെ അജയ് തറയിലിനെ 5242 വോട്ടുകളുടെ ഭൂരിപക്ഷത്തിന് പരാജയപ്പെടുത്തി.
1996 ലെ നായനാര്‍ സര്‍ക്കാരില്‍ വൈദ്യുതി മന്ത്രിയായിരുന്ന പിണറായി വിജയന്‍ സിപിഎം സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്ന് രാജി വച്ചപ്പോള്‍ ആദ്യമായി ശര്‍മ മന്ത്രിസഭയിലെത്തി. കഴിഞ്ഞ തവണത്തെ വി എസ് സര്‍ക്കാരിലും ശര്‍മ മന്ത്രിയായിരുന്നു. വൈപ്പിന്‍ മണ്ഡലത്തില്‍ നടപ്പാക്കിയ വികസന പ്രവര്‍ത്തനങ്ങള്‍ ഉയര്‍ത്തികാട്ടിയാണ് ശര്‍മ വീണ്ടും ജനവിധി തേടുന്നത്.
ഇരുമുന്നണികളെയും മാറി മാറി തുണച്ച ചരിത്രമാണ് വൈപ്പിനുള്ളത്. നിയമസഭയിലേക്ക് കന്നിയങ്കകാരനായ കെ ആര്‍ സുഭാഷ് മൂന്നുതവണ ജില്ലാ പഞ്ചായത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റായും കുറച്ചുകാലം ജില്ലാ പഞ്ചായത്ത് പ്രസിഡന്റായും പ്രവര്‍ത്തിച്ച സുഭാഷ്, യൂത്ത് കോണ്‍ഗ്രസ് ജില്ലാസെക്രട്ടറി, കോണ്‍ഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ്, കെപിസിസി നിര്‍വാഹക സമിതിയംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. നാട്ടുകാരന്‍ എന്ന പരിഗണന വോട്ടായി മാറിയാല്‍ നഷ്ടപ്പെട്ട സീറ്റ് തിരിച്ചുപിടിക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് യുഡിഎഫ്. മാസങ്ങള്‍ക്കു മുമ്പു നടന്ന തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങലിലേക്കുള്ള തിരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ എല്‍ഡിഎഫിനായിരുന്നു മുന്‍തൂക്കം. എട്ട് പഞ്ചായത്തുകളില്‍ ഏഴിലും എല്‍ഡിഎഫ് അധികാരത്തില്‍ വന്നു. ഞാറക്കല്‍ പഞ്ചായത്തില്‍ മാത്രമാണ് യുഡിഎഫ് അധികാരത്തിലെത്തിയത്.
ഏഴു പഞ്ചായത്തുകള്‍ക്കു പുറമെ വൈപ്പിന്‍ ബ്ലോക്ക് പഞ്ചായത്തിലും എല്‍ഡിഎഫ് ഭരണം പിടിച്ചു. കുഴുപ്പിള്ളി, എടവനക്കാട്, എളങ്കുന്നപ്പുഴ, കടമക്കുടി, മുളവുകാട് പഞ്ചായത്തുകളും വൈപ്പിന്‍ ബ്ലോക്ക് പഞ്ചായത്തും യുഡിഎഫിന് നഷ്ടമായി.
ഇരുമുന്നണി സ്ഥാനാര്‍ഥികളും പ്രചരണ രംഗത്ത് ഏറെ മുന്നേറിയതിനിടെ ഏറെ ചര്‍ച്ചകള്‍ക്കും വാദപ്രതിവാദങ്ങള്‍ക്കും ശേഷമാണ് എന്‍ഡിഎ സ്ഥാനാര്‍ഥിയായി കെ കെ വാമലോചനനെ പ്രഖ്യാപിച്ചത്. എന്‍ഡിഎയിലെ ധാരണപ്രകാരം ബിഡിജെ എസിനാണ് വൈപ്പിന്‍ സീറ്റ് ലഭിച്ചിരിക്കുന്നത്.
ഈ സീറ്റ് രാജന്‍ ബാബുവിന്റെ ജെഎസ്എസിന് വിട്ടുകൊടുക്കാനുള്ള ബിഡിജെഎസിന്റെ തീരുമാനം ബിജെപി അംഗീകരിച്ചില്ല. പിന്നീട് ബിഡിജെഎസ് കൊണ്ടുവന്ന സ്ഥാനാര്‍ഥി ശിവസേനക്കാരനായതിനാല്‍ അതും അംഗീകരിക്കപ്പെട്ടില്ല. അവസാനം ബിഡിജെഎസിലെ കക്ഷിയായ കേരളധീവരമഹാസഭയുടെ വര്‍ക്കിങ് പ്രസിഡന്റായ കെ കെ വാമലോചനനെ സ്ഥാനാര്‍ഥിയാക്കുകയായിരുന്നു.
ചില ബിജെപി നേതാക്കള്‍ മല്‍സരിക്കാന്‍ ഉന്നംവച്ചിരുന്ന വൈപ്പിന്‍ സീറ്റ് സംസ്ഥാന നേതൃത്വത്തിന്റെ ശക്തമായ ആവശ്യപ്രകാരമാണ് ഘടകകക്ഷിയായ ബിഡിജെഎസിനു വിട്ടുകൊടുത്തത്. ഈഴവര്‍ക്ക് ഭൂരിപക്ഷമുളള മേഖലയെന്ന പരിഗണനയും ബിഡിജെഎസിനെ തുണച്ചു. ഇതിനിടെ മുന്നണികള്‍ക്കെതിരേ വൈപ്പിന്‍ മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയെ നിര്‍ത്തുമെന്ന് പ്രഖ്യാപിച്ച് കഴിഞ്ഞ ദിവസം ലത്തീന്‍ കത്തോലിക്കാ സംഘടനയായ കെഎല്‍സിഎ രംഗത്ത് വന്നെങ്കിലും അന്തിമ തീരുമാനമായിട്ടില്ല.
ലത്തീന്‍ സമുദായത്തിന് മുന്‍തൂക്കമുള്ള മണ്ഡലമാണ് വൈപ്പിന്‍. യുഡിഎഫ്, എല്‍ഡിഎഫ്, എന്‍ഡിഎ എന്നീകക്ഷികള്‍ ധീവര സമുദായത്തില്‍ നിന്നുള്ളവരെയാണ് സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചിരിക്കുന്നത്. മണ്ഡലത്തില്‍ മുസ്‌ലിം സമുദായ വോട്ടുകളും നിര്‍ണായകമാകും. വെല്‍ഫെയര്‍ പാര്‍ട്ടിയുടെ ജ്യോതിവാസും മുന്നണികള്‍ക്കൊപ്പം ശക്തമായ പ്രചരണവുമായി രംഗത്തുണ്ട്. വിശ്വനാഥനാണ് പിഡിപി സ്ഥാനാര്‍ഥി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 92 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക