|    Jan 24 Tue, 2017 4:45 am

വൈദ്യുതോല്‍പ്പാദനം: ഒഴുകുന്ന സോളാര്‍ പദ്ധതിയുമായി എന്‍ടിപിസി

Published : 31st January 2016 | Posted By: SMR

ആലപ്പുഴ: ഒഴുകുന്ന സോളാര്‍ വൈദ്യുതോല്‍പ്പാദന പദ്ധതിയുമായി എന്‍ടിപിസിയുടെ പുതിയ ചുവട്. തുടക്കത്തില്‍ പരീക്ഷണമായി എന്‍ടിപിസിയുടെ റിസര്‍വോയറിലാണ് പദ്ധതി നടപ്പാക്കുക. പദ്ധതി ഈ സാമ്പത്തിക വര്‍ഷം തന്നെ കമ്മീഷന്‍ ചെയ്യാനാകുമെന്ന് ജനറല്‍ മാനേജര്‍ ശങ്കര്‍ദാസ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
എന്‍ടിപിസി ഗവേഷണ വിഭാഗമായ ‘നേത്രയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ആദ്യഘട്ടം അഞ്ച് കിലോവാട്ട് വൈദ്യുതിയാണ് ഉല്‍പാദിപ്പിക്കുക. കായംകുളം എന്‍ടിപിസി കോംപൗണ്ടിലെ ജലസംഭരണിയിലാണ് പദ്ധതി പരീക്ഷിക്കുന്നത്. ഇതോടൊപ്പം കരയിലും അഞ്ചു കിലോവാട്ടിന്റെ സോളാര്‍ പാനലുകള്‍ സ്ഥാപിക്കും. പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കിയാ ല്‍ ഇത് 100 കിലോവാട്ടിലേക്കു വര്‍ധിപ്പിക്കുകയാണ് ലക്ഷ്യമെന്ന് ജനറല്‍ മാനേജര്‍ വിശദീകരിച്ചു. 13 ലക്ഷം രൂപയാണ് പരീക്ഷണ പദ്ധതിക്കായി ചെലവഴിക്കുന്നത്. ഒഴുകുന്ന സോളാര്‍ വൈദ്യുതപദ്ധതിക്ക് കൃത്യത കൂടുതലായിരിക്കുമെന്നാണ് കമ്പനിയുടെ അവകാശവാദം. വെള്ളത്തില്‍ ഒഴുകിനടക്കുന്ന വൈദ്യുത പദ്ധതിയായതിനാല്‍ കരയിലേതു പോലെ ചൂടു കൂടുന്നതു മൂലമുണ്ടാവുന്ന പ്രസരണനഷ്ടം ഒഴിവാക്കാനുമാകുമെന്നും കൂടുതല്‍ ഉല്‍പാദനക്ഷമതയുണ്ടാവുമെന്നും അധികൃതര്‍ വ്യക്തമാക്കി.
എച്ച്ഡിപി (ഇ-ഹൈ ഡെന്‍സിറ്റി പോളി എഥിലിന്‍) ഉപയോഗിച്ചാണ് വെള്ളത്തില്‍ ഒഴുകിനടക്കുന്ന ഫ്‌ളോട്ടുകള്‍ നിര്‍മിക്കുന്നത്. സീപെറ്റ്’ ആണ് ഫ്‌ളോട്ടുകള്‍ നിര്‍മിച്ചു നല്‍കുന്നത്. ഹൈദരാബാദിലെ ഫാബ്‌സിറ്റിയിലെ റേഡിയന്റ് സോളാര്‍ എന്ന കമ്പനിയാണ് സോളാര്‍ പാനലുകള്‍ ഒരുക്കുന്നത്. പദ്ധതികള്‍ക്കായുള്ള ഇന്‍വെര്‍ട്ടര്‍, കരയില്‍ സോളാര്‍ പാനലുകള്‍ സ്ഥാപിക്കണമെങ്കില്‍ ഏറെ സ്ഥലം വേണ്ടിവരും. ഒരു മെഗാവാട്ട് സോളാര്‍ വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ അഞ്ച് ഏക്കര്‍ ഭൂമിയെങ്കിലും ആവശ്യമാണെന്ന് എന്‍ടിപിസി അധികൃതര്‍ പറഞ്ഞു. കേരളത്തില്‍ നദികളും കായലുകളും ഏറെയുള്ളതിനാല്‍ ഫ്‌ളോട്ടിങ് സോളാര്‍ വൈദ്യുതപദ്ധതിക്ക് സാധ്യതയും ഏറെയാണ്. പദ്ധതിയുടെ പാരിസ്ഥിതിക ഭാഗങ്ങള്‍ കൂടി പരിശോധിച്ച ശേഷമേ ഇതു പൊതുസമക്ഷത്തിലേക്കു സമര്‍പ്പിക്കുകയുള്ളൂവെന്നും എന്‍ടിപിസി അധികൃതര്‍ പറഞ്ഞു.
കഴിഞ്ഞ 10 മാസത്തിലധികമായി എന്‍ടിപിസിയില്‍ സ്ഥാപിതശേഷിയുടെ ആറു ശതമാനം മാത്രമാണ് വൈദ്യുതോല്‍പ്പാദനം നടക്കുന്നത്. കെഎസ്ഇബിയാണ് മുഖ്യ ഉപഭോക്താക്കളെങ്കിലും വൈദ്യുതിക്കു വിലയേറിയതിനാല്‍ എന്‍ടിപിസിയുടെ തന്നെ ഒറീസയിലെ പ്ലാന്റില്‍ നിന്നുള്ള വൈദ്യുതിയാണ് സ്വീകരിക്കുന്നത്. അതേസമയം കരാര്‍ പ്രകാരം പ്രതിമാസം 18 കോടി രൂപ കെഎസ്ഇബി, എന്‍ടിപിസിക്ക് നല്‍കുന്നുണ്ടെന്ന് അവര്‍ വ്യക്തമാക്കി.
കായംകുളത്തെ പ്ലാന്റ് കൊച്ചിയിലേക്കു മാറ്റുന്നതിനെ കുറിച്ചുള്ള ചോദ്യത്തിന് ഇതുസംബന്ധിച്ച ഔദ്യോഗിക അറിയിപ്പുകള്‍ ഒന്നും ലഭിച്ചിട്ടില്ലെന്നായിരുന്നു മറുപടി. അതേസമയം ഇത്തരമൊരു സാധ്യത സംബന്ധിച്ചുള്ള റിപോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സര്‍ക്കാരിന്റെ രാഷ്ട്രീയ-സാമ്പത്തിക നിലപാടുകളെ ആശ്രയിച്ചായിരിക്കും ഇത്തരം തീരുമാനങ്ങളെന്നും ഇവര്‍ സൂചിപ്പിച്ചു. ഡിജിഎം എം ജെ ജോണ്‍, എ ജിഎംമാരായ രാമകൃഷ്ണന്‍, തോമസ് വര്‍ക്കി, കൃഷ്ണകുമാര്‍, പി കെ അനില്‍കുമാര്‍, സി ടി കൊച്ചുത്രേസ്യ എന്നിവരും സംബന്ധിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 66 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക