|    Jan 19 Thu, 2017 4:30 pm
FLASH NEWS

വൈദ്യുതി ലൈനില്‍ തട്ടിയ മരച്ചില്ലകള്‍ വെട്ടുന്നില്ല; അപകടങ്ങള്‍ കൂടുന്നു

Published : 2nd July 2016 | Posted By: SMR

കല്ലമ്പലം: വൈദ്യുതി ലൈനില്‍ തട്ടിനില്‍ക്കുന്ന മരച്ചില്ലകള്‍ വെട്ടിമാറ്റുന്നതിനു കല്ലമ്പലം, മടവൂര്‍ കെഎസ്ഇബി ജീവനക്കാര്‍ കാട്ടുന്ന അലംഭാവം വന്‍ അപകടങ്ങള്‍ക്ക് കാരണമാകുമെന്ന് നാട്ടുകാര്‍. പ്രദേശത്ത് കഴിഞ്ഞ രണ്ടു മാസത്തിനിടയില്‍ പത്തോളം സ്ഥലത്ത് വൈദ്യുതി ലൈന്‍ പൊട്ടിവീണ് നിരവധി പേര്‍ക്ക് ഷോക്കേറ്റിരുന്നു. മണമ്പൂര് പൊട്ടിവീണ ലൈനില്‍ കുരുങ്ങി അടുത്തിടെ വീട്ടമ്മ മരിച്ചിരുന്നു. താലൂക്കില്‍ ഇത്തരത്തില്‍ പത്തോളം പേര്‍ മരിച്ചതായാണ് അനൗദ്യോഗിക കണക്കുകള്‍ സൂചിപ്പിക്കുന്നത്. തുടരെത്തുടരെ വൈദ്യുതി ലൈന്‍ പൊട്ടിവീഴുന്നതില്‍ നാട്ടുകാര്‍ ഭീതിയിലാണ്.
യഥാസമയം ലൈനിനു മുകളില്‍ കിടക്കുന്ന മരച്ചില്ലകള്‍ വെട്ടിമാറ്റാത്തതാണ് ലൈന്‍ പൊട്ടാനും വൈദ്യുതി പാഴാകുന്നതിനും ഇടയാക്കുന്നതെന്നാണ് നാട്ടുകാരുടെ വിലയിരുത്തല്‍. ആഴ്ചയില്‍ മൂന്നും നാലും ദിവസം മരച്ചില്ലകള്‍ വെട്ടിമാറ്റാനെന്ന വ്യാജേന വൈദ്യുതി ഓഫാക്കി ജനങ്ങളെ വലയ്ക്കുന്നതല്ലാതെ കാര്യക്ഷമമായി ജോലി നടക്കുന്നില്ലെന്നും ആക്ഷേപമുണ്ട്. അഥവാ ചില്ലകള്‍ വെട്ടിയാല്‍ തന്നെ പ്രധാന റോഡുകളില്‍ മാത്രമേയുള്ളൂ. ഇടറോഡുകളിലേക്ക് ഇവര്‍ പ്രവേശിക്കാറേയില്ല. ലൈനില്‍ തട്ടിനില്‍ക്കുന്ന ചെറുചില്ലകള്‍ മാത്രം മുറിക്കുന്നതല്ലാതെ. റോഡിലേക്ക് ഇറങ്ങിനില്‍ക്കുന്ന ശിഖരങ്ങള്‍ വെട്ടിമാറ്റുന്നതിനു മുതിരുകയോ ഇതു വെട്ടിമാറ്റാന്‍ വസ്തു ഉടമയോട് ആവശ്യപ്പെടുകയോ ചെയ്യാറില്ല. അപകടങ്ങള്‍ കൂടുതലും രാത്രിയിലാണ് സംഭവിക്കുന്നത്.
പുലര്‍ച്ചെ വൈദ്യുതി പ്രവഹിച്ചുകൊണ്ടിരിക്കുന്ന ഈ കമ്പികളില്‍ തട്ടി ഷോക്കേല്‍ക്കുന്നത് കൂടുതലും പത്രവിതരണക്കാര്‍ക്കാണ്. കഴിഞ്ഞ ആഴ്ച നാവായിക്കുളം പഞ്ചായത്തില്‍ കരുമ്പുവിള-തെങ്ങുവിള റോഡിലും ഞാറയില്‍ക്കോണം സ്‌കൂളിനു സമീപത്തും കപ്പാംവിള-മുട്ടിയറ റോഡിലും രാത്രിയില്‍ മരം വീണ് ലൈന്‍ പൊട്ടിവീണത് ആരും അറിഞ്ഞിരുന്നില്ല. പുലര്‍ച്ചെ ഇതുവഴി കടന്നുപോയ പത്രം, പാല്‍, മല്‍സ്യവിതരണക്കാര്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. തുടര്‍ന്ന് കെഎസ്ഇബി ജീവനക്കാരെ അറിയിക്കുകയും ലൈന്‍ ഒാഫാക്കുകയും ആയിരുന്നു. അപകടസാധ്യത കൂടുതലുള്ള മേഖലകളില്‍ ലൈന്‍ പൊട്ടിവീഴുകയോ മറ്റോ ചെയ്യുമ്പോള്‍ തനിയെ വൈദ്യുതി ഓഫാകുന്ന മെയിന്‍ സര്‍ക്യൂട്ട് ബ്രേക്കറുകള്‍ (എംസിബി) സ്ഥാപിച്ച് അതിലൂടെ വൈദ്യുതി വിതരണം നടത്തുകയോ ചെയ്യണമെന്ന ആവശ്യം നാട്ടുകാര്‍ക്കിടയില്‍ ശക്തമായുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 45 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക