|    Jul 24 Mon, 2017 2:30 am
FLASH NEWS

വൈദ്യുതി മേഖലയില്‍ 31 കോടിയുടെ കേന്ദ്ര പദ്ധതി

Published : 1st July 2016 | Posted By: SMR

കല്‍പ്പറ്റ: ജില്ലയില്‍ വൈദ്യുതി മേഖലയുടെ വികസനത്തിനായി 31 കോടി രൂപയുടെ കേന്ദ്ര പദ്ധതി നടപ്പാക്കുമെന്ന് എം ഐ ഷാനവാസ് എംപി അറിയിച്ചു. കേന്ദ്രാവിഷ്‌കൃത പദ്ധതിയായ ദീന്‍ദയാല്‍ ഉപാധ്യായ ഗ്രാമ ജ്യോതി യോജനാ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 18.41 കോടി രൂപയും ഇന്റഗ്രേറ്റഡ് പവര്‍ ഡെവലപ്‌മെന്റ് പ്രകാരം 12.66 കോടി രൂപയുമാണ് അനുവദിച്ചത്. എം ഐ ഷാനവാസ് എംപി ദത്തെടുത്ത ഗ്രാമമായ കണിയാമ്പറ്റ പഞ്ചായത്തില്‍ ഭൂഗര്‍ഭ കേബിള്‍ ലൈന്‍ ഉള്‍പ്പടെ പുതിയ വൈദ്യുതി ലൈനുകള്‍ വലിക്കുന്നതിന് 1.25 കോടി രൂപയാണ് വകയിരുത്തിയത്. വിവിധ മേഖലകളില്‍ ഭൂഗര്‍ഭ വൈദ്യുതി വിതരണം നടത്തുന്നതിന് ഇതുപകരിക്കും. വൈദ്യുതി മീറ്ററുകള്‍ മാറ്റിസ്ഥാപിക്കുന്നതിനും കേടായവ നന്നാക്കുന്നതിനും 12 കോടി അനുവദിച്ചു.
ആദിവാസി കുടുംബങ്ങള്‍ ഏറെയുള്ള നൂല്‍പ്പുഴ ഗ്രാമപ്പഞ്ചായത്തിലെ ചെട്ട്യാലത്തൂര്‍, കാപ്പാട്, കുണ്ടൂര്‍ മേഖലകളില്‍ 11 കെവി ഹൈലി ഇന്‍സുലേറ്റഡ് കേബിള്‍ സ്ഥാപിക്കുന്നതിന് 1.36 കോടി രൂപ വിനിയോഗിക്കും. വന്യമൃഗങ്ങള്‍ക്കോ കാടിനോ ഹാനികരമാവാതെ വനഗ്രാമങ്ങളില്‍ ഈ പദ്ധതികൊണ്ട് വൈദ്യുതി എത്തും. പുനരധിവാസത്തിനെ ബാധിക്കുമെന്നറിയിച്ച് ഈ ഗ്രാമങ്ങളില്‍ വൈദ്യുതി ലൈന്‍ വലിക്കുന്നതിന് മുമ്പ് വനംവകുപ്പ് തടസ്സം നിന്നിരുന്നു. ഇന്‍സുലേറ്റഡ് കേബിള്‍ വഴി വൈദ്യുതി എത്തിക്കുന്നതിനാല്‍ ഇവിടുത്തെ നിരവധി കുടംുബങ്ങള്‍ക്ക് ഇരുട്ടില്‍ നിന്നു മോചനം ലഭിക്കും. ജില്ലയിലെ ഗ്രാമങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന പുതിയ വൈദ്യുതി ൈലന്‍ വലിക്കുന്നതിനായും കേന്ദ്ര പദ്ധതിയില്‍ നിന്നുമുള്ള തുക വിനിയോഗിക്കും.
ഇന്റഗ്രേറ്റഡ് പവര്‍ ഡെവലപ്‌മെന്റ് പദ്ധതിയില്‍ അനുവദിച്ച 12.66 കോടി രൂപയില്‍ കല്‍പ്പറ്റ നഗരപരിധിയില്‍ 20 കിലോമീറ്റര്‍ നീളത്തില്‍ ഭൂഗര്‍ഭ കേബിള്‍ വഴിയുള്ള വൈദ്യുതി വിതരണം യാഥാര്‍ഥ്യമാവും. നഗരത്തിലെ വൈദ്യുതി തൂണുകള്‍ ഒഴിവാകുന്നതോടെ ഗതാഗത സൗകര്യം വര്‍ധിപ്പിക്കുന്നതിനും ഇതുപകരിക്കും. നഗരസഭയ്ക്ക് കീഴില്‍ വരുന്ന 124ഓളം സര്‍ക്കാര്‍ ഓഫിസുകളില്‍ പ്രീപെയ്ഡ് സ്മാര്‍ട്ട് മീറ്ററിങ് സിസ്റ്റം നടപ്പാക്കും. 18 കിലോമീറ്റര്‍ ദൂരത്തില്‍ പുതിയ 11 കെവി ലൈന്‍ വലിക്കുന്നതിനും തുക വകയിരുത്തിയതായി കലക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ജില്ലാ ഇലക്ട്രിസിറ്റി കമ്മിറ്റി യോഗത്തില്‍ എംപി അറിയിച്ചു. എഡിഎം കെ ഇ രാജു, കെഎസ്ഇബി ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ സുരേഷ് കുമാര്‍, സര്‍ക്കിള്‍ എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ വി വി സാബു, സര്‍ക്കിള്‍ അസിസ്റ്റന്റ് എന്‍ജിനീയര്‍ എം ജെ ചന്ദ്രദാസ് പങ്കെടുത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക