|    Oct 23 Mon, 2017 11:03 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

വൈദ്യുതി മുടങ്ങി; തെലങ്കാനയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ 21 മരണം

Published : 25th July 2016 | Posted By: SMR

ഹൈദരാബാദ്: തെലങ്കാനയിലെ മുന്‍നിര സര്‍ക്കാര്‍ ആശുപത്രികളിലൊന്നായ ഗാന്ധി മെഡിക്കല്‍ കോളജില്‍ നവജാത ശിശു ഉള്‍പ്പെടെ ചികില്‍സയിലുണ്ടായിരുന്ന 21 പേര്‍ മരിച്ചു. വൈദ്യുതി നിലച്ചതാണു കൂട്ടമരണത്തിനിടയാക്കിയതെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.
കഴിഞ്ഞദിവസം വൈകീട്ട് മൂന്നോടെയാണ് ആദ്യം വൈദ്യുതി നിലച്ചത്. തുടര്‍ന്ന് ഇടവിട്ട് ഇത് തുടരുകയും ചെയ്തു. നാല് ജനറേറ്ററുകള്‍ ഉപയോഗിച്ച് പ്രതിസന്ധി മറികടക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. അത്യാഹിതവിഭാഗം ഉള്‍പ്പെടെയുള്ള വാര്‍ഡുകളെ വൈദ്യുതി തടസ്സം പ്രതികൂലമായി ബാധിച്ചു.
അതേസമയം, വൈദ്യുതി മുടങ്ങിയതിനെത്തുടര്‍ന്നാണ് ഇത്രയധികം പേര്‍ മരിച്ചതെന്ന വാദം തെലങ്കാന ആരോഗ്യവകുപ്പ് മന്ത്രി ഡോ. സി ലക്ഷ്മണ റെഡ്ഡി നിഷേധിച്ചു. സര്‍ക്കാരിനു കീഴിലുള്ള മികച്ച ആശുപത്രികളിലൊന്നാണിത്. പലപ്പോഴും അത്യാസന്ന നിലയിലുള്ള ആളുകളെയാണ് ഇവിടെയെത്തിക്കുന്നത്. അതിനാല്‍ വൈദ്യുതി തടസ്സപ്പെട്ടതു മാത്രമാണ് മരണകാരണമെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. 14 വര്‍ഷമായി താന്‍ ഇവിടെ ജോലിചെയ്യുന്നുണ്ടെന്നും ശരാശരി 10 രോഗികള്‍ ദിവസവും ഈ ആശുപത്രിയില്‍ മരിക്കുന്നുണ്ടെന്നും തെലങ്കാന സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടനയുടെ ഗാന്ധി ആശുപത്രി യൂനിറ്റ് സെക്രട്ടറി ഡോ. ആര്‍ രാഗു പറഞ്ഞു.
സംഭവത്തില്‍ അന്വേഷണം നടത്തി തുടര്‍നടപടി സ്വീകരിക്കുമെന്ന് ആശുപത്രി സൂപ്രണ്ട് പ്രഫ. സി വി ഛലം അറിയിച്ചു. കഴിഞ്ഞമാസവും ഈ ആശുപത്രിയില്‍ വൈദ്യുതി നിലയ്ക്കുകയും ഏറെ നേരത്തിനു ശേഷം പുനസ്ഥാപിക്കുകയും ചെയ്തിരുന്നു. സതേണ്‍ പവര്‍ ഡിസ്ട്രിബ്യൂഷന്‍ കമ്പനിയാണ് ആശുപത്രിയിലേക്കു വൈദ്യുതി എത്തിക്കുന്നത്. സബ്‌സ്‌റ്റേഷനിലുണ്ടായ തകരാറിനെത്തുടര്‍ന്നാണു വൈദ്യുതി നിലച്ചതെന്നും ഒരു മണിക്കൂറിനകം ഇതു പുനസ്ഥാപിച്ചെന്നും കമ്പനി അധികൃതര്‍ അവകാശപ്പെട്ടു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക