|    Jan 23 Mon, 2017 8:08 am

വൈദ്യുതി മുടങ്ങിയാല്‍ ജില്ലാ ആശുപത്രിയില്‍ രോഗികള്‍ക്ക് ദുരിതം

Published : 1st August 2016 | Posted By: SMR

കാഞ്ഞങ്ങാട്: ജില്ലയിലെ പ്രധാന ആതുര ശുശ്രൂഷകേന്ദ്രമായ ജില്ലാ ആശുപത്രിയില്‍ ജനറേറ്ററുകള്‍ പണിമുടക്കുന്നത് പതിവായതോടെ വൈദ്യുതി മുടങ്ങിയാല്‍ ആശുപത്രിയുടെ പ്രവര്‍ത്തനം താളം തെറ്റുന്നസ്ഥിതിയാണ്.  മിനിറ്റ് ഇടവിട്ടുള്ള വൈദ്യുതി മുടക്കം ജില്ലാ ആശുപത്രിയുടെ പ്രവര്‍ത്തനം താളംതെറ്റിക്കുന്നു. വൈദ്യുതി അത്യാവശ്യമായി വേണ്ട എക്‌സ്‌റേ യൂനിറ്റ്, ഫിസിയോതെറാപ്പി യൂനിറ്റുകളിലെല്ലാം വൈദ്യുതി മുടക്കം രോഗികളേയും ജീവനക്കാരേയും ഒരുപോലെയാണ് വലയ്ക്കുന്നത്.
ജില്ലാ വികസന പദ്ധതിയില്‍ ഉള്‍പ്പെടെ ആശുപത്രിക്കായി അനുവദിച്ച ലക്ഷങ്ങളുടെ ജനറേറ്ററുകളെല്ലാം തകരാറിലായതോടെയാണ് വൈദ്യുതി പ്രതിസന്ധി രൂക്ഷമായത്. ഒരു പരിധിവരെ പാവപ്പെട്ട രോഗികള്‍ക്ക് സൗജന്യ ചികില്‍സ ലഭിക്കേണ്ടുന്ന ജില്ലാ ആശുപത്രിയിലെ എക്‌സ്‌റേ തകരാറിലായിട്ടു ദിവസങ്ങള്‍ കഴിഞ്ഞു.
ജീവിതശൈലീ രോഗങ്ങള്‍ രൂക്ഷമായ ഇക്കാലത്ത് മരുന്നിനേക്കാളും രോഗികള്‍ക്ക് തുണയാകുന്ന ഫിസിയോതെറാപ്പി പോലുള്ള സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്താനാവാതെ നൂറുകണക്കിന് രോഗികളാണ് വലയുന്നത്. മറ്റെല്ലാ വിഭാഗങ്ങളിലും രണ്ടില്‍ കൂടുതല്‍ ജീവനക്കാരുള്ളപ്പോള്‍ ഏറെ തിരക്കും പ്രധാന്യവുമുള്ള ഫിസിയോതെറാപ്പി യൂണിറ്റില്‍ ആവശ്യത്തിനു ജീവനക്കാരില്ലാത്ത സ്ഥിതിയാണ്. നിലവിലുള്ള രണ്ടു പേര്‍ക്ക് അധിക ജോലിഭാരവും പേറേണ്ടിവരുന്നു. ആശുപത്രിയില്‍ വൈദ്യുതി സംവിധാനം കാര്യക്ഷമമാക്കി രോഗികള്‍ക്ക് മെച്ചപ്പെട്ട ചികില്‍സ ലഭ്യമാക്കാന്‍ സൗകര്യമൊരുക്കണമെന്നാണ് ആവശ്യമുയരുന്നത്.
അതേ സമയം ഫണ്ടില്ലാത്തതിനാല്‍ താല്‍കാലിക ജീവനക്കാരുടെ ശമ്പളം മുടങ്ങുന്നതും പതിവായിരിക്കുകയാണ്. ജില്ലാ പഞ്ചായത്ത് ഫണ്ടില്ലെന്ന് പറഞ്ഞ് കയ്യൊഴിയുന്നതാണ് താല്‍ക്കാലിക ജീവനക്കാരെ കുഴക്കുന്നത്. അതുകൊണ്ടുതന്നെ ജീവനക്കാര്‍ക്ക് കഴിഞ്ഞ മാസത്തെ ശമ്പളം ലഭിച്ചില്ല. ജില്ലാ ആശുപത്രിയില്‍ രാഷ്ട്രിയ സ്വാസ്ഥ്യ ഭീമയോജന (ആര്‍എസ്ബിവൈ) പദ്ധതിയില്‍ 29 താല്‍ക്കാലിക ജീവനക്കാരാണുള്ളത്. ലാബ് ടെക്‌നീഷ്യന്‍, എക്‌സ്‌റേ ടെക്‌നീഷ്യന്‍, ഡയറ്റീഷന്‍, ഫാര്‍മസി, ഇസിജി, ഗ്രേഡ്-2 വിഭാഗങ്ങളിലായാണ് ഇത്രയും ജീവനക്കാരുള്ളത്. സാധാരണ അഞ്ച്, ആറ് തിയ്യതികള്‍ക്കകം ഇവര്‍ക്ക് വേതനം ലഭിക്കുമായിരുന്നു. കഴിഞ്ഞ ഏതാനും മാസങ്ങളായി ഒരുമാസം വൈകിയാണ് വേതനം ലഭിക്കുന്നത്.
ഇക്കാര്യം നിരവധി തവണ ജില്ലാ പഞ്ചായത്ത് അധികൃതരുടെ ശ്രദ്ധയില്‍പെടുത്തിയെങ്കിലും ഫലമുണ്ടായില്ലെന്നു ജീവനക്കാര്‍ പറയുന്നു. ഏറ്റവുമൊടുവില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെ ബന്ധപ്പെട്ടപ്പോള്‍ ഫണ്ടില്ലെന്നായിരുന്നു മറുപടി. കാസര്‍കോട് ജനറല്‍ ആശുപത്രിയിലും ഇതേ അവസ്ഥയാണുള്ളതെന്ന് ജീവനക്കാര്‍ പറയുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 35 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക