|    Mar 20 Tue, 2018 4:04 am
FLASH NEWS

വൈദ്യുതി പോയാല്‍ നെടുങ്കണ്ടം ആശുപത്രിയില്‍ അത്യാഹിതവിഭാഗവും പണിമുടക്കും ; ജില്ലാ ആശുപത്രിയായി ഉയര്‍ത്തിയിട്ടും പ്രതിസന്ധികള്‍ പരിഹരിക്കപ്പെട്ടില്ല

Published : 7th August 2017 | Posted By: fsq

 

നെടുങ്കണ്ടം: അടിയന്തര ചികില്‍സയ്ക്ക് നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിലേക്ക് രോഗിയെയും കൊണ്ടു പായുമ്പോ വൈദ്യുതിയുണ്ടാവണേ എന്നു കൂടി പ്രാര്‍ഥിക്കേണ്ടിവരും പട്ടം കോളനിയിലെ ജനങ്ങള്‍. ജീവന്‍ രക്ഷിക്കാന്‍ രോഗിയുമായി ഓടി അത്യാഹിത വിഭാഗത്തില്‍ എത്തിയാല്‍ വൈദ്യുതിയില്ലെങ്കില്‍, കറണ്ട് വരുംവരെ കാത്തിരിക്കാനാവും ഡോക്ടറും ജീവനക്കാരും പറയുക. കഴിഞ്ഞദിവസമുണ്ടായ അനുഭവമാണിത്. രണ്ടു കൈവിരലുകളും ആഴത്തില്‍ മുറിഞ്ഞ അഞ്ചുവസ്സുകാരിയുമായി ആശുപത്രിയില്‍ പാഞ്ഞെത്തിയപ്പോള്‍ വൈദ്യുതിയില്ല. കൈയിലെ കെട്ടഴിച്ച് എമര്‍ജന്‍സി ലൈറ്റിന്റെ വെളിച്ചത്തില്‍ പരിശോധിച്ച ഡോക്ടറും നഴ്‌സുമാരും അല്‍പ്പം പഞ്ഞികൊണ്ടു പൊതിഞ്ഞശേഷം പുറത്തിരുത്തിയത് 15 മിനിറ്റ്. മുറിവ് തുന്നണമെന്നും വൈദ്യുതി എത്തട്ടെയെന്നുമായിരുന്നു വിശദീകരണം. അല്‍പ്പനേരം കാത്തിരുന്ന ശേഷം രോഗിയുടെ ബന്ധുക്കള്‍ വെളിച്ചത്തിനു മറ്റ് സംവിധാനമില്ലേയെന്ന് അന്വേഷിച്ചപ്പോള്‍ ഡ്യൂട്ടി ഡോക്ടര്‍ തനിക്കല്ല അതിന്റെ ഉത്തരവാദിത്വമെന്നും മെഡിക്കല്‍ സൂപ്രണ്ട് ഡോ. മെര്‍ലിനെ വിളിക്കാനും പറഞ്ഞ് ഒഴിഞ്ഞുമാറി. അപ്പോഴും രക്തം ഒഴുകുന്ന കൈകളുമായി പിഞ്ചുകുഞ്ഞ് ആശുപത്രി കസേരയില്‍ തളര്‍ന്നിരിക്കുകയായിരുന്നു. പിന്നീട് വൈദ്യുതി എത്തിയ ശേഷമാണ് മുറിവ് തുന്നി മരുന്നു വച്ചത്. ഇതിനിടെ പൈനാവില്‍ മീറ്റിങ്ങിനു പോയിരുന്ന ഡോ. മെര്‍ലിനെ ഫോണില്‍ ബന്ധപ്പെട്ടു. ആശുപത്രിയില്‍ വൈദ്യുതി പോയാല്‍ ജനറേറ്റര്‍ സംവിധാനമുണ്ടെന്നും ആശുപത്രിക്ക് ഫണ്ടില്ലാത്തതിനാല്‍ ഇന്ധനക്ഷാമം നേരിടുന്നുണ്ടെന്നും അടിയന്തര ഘട്ടത്തിലേ പ്രവര്‍ത്തിപ്പിക്കാറുള്ളൂവെന്നും വ്യക്തമാക്കി. രണ്ട് വിരലുകളില്‍ മുറിവുമായെത്തിയ കുരുന്നിന്റെ ആരോഗ്യസ്ഥിതി ഗുരുതരമല്ലേയെന്ന് ചോദിക്കരുത്, ഉള്ള മരുന്നുംകൂടി കിട്ടാതെ വരും. ഓരോരുത്തര്‍ക്കും ചുമതലകള്‍ വീതിച്ചു നല്‍കിയിട്ടുണ്ടെന്നും തങ്ങളുടെ ജോലി മാത്രമേ നിറവേറ്റേണ്ടതുള്ളൂവെന്നും ആശുപത്രി അധികൃതര്‍ക്കു മുട്ടു ന്യായങ്ങള്‍ നിരത്താം. എന്നാല്‍, ഗുരുതരമായി എത്തുന്ന രോഗിയുടെ പ്രശ്‌നം ചികില്‍സയാണ്. വൈദ്യുതിയെത്തിയപ്പോള്‍ ആ കുഞ്ഞിനും നല്ല ചികില്‍സയാണു ലഭിച്ചത്. ഡോക്ടറും നഴ്‌സുമാരും ഏറെ നേരം കഷ്ടപ്പെട്ടു മുറിവ് തുന്നിച്ചേര്‍ക്കാന്‍. ജനറേറ്റര്‍ പ്രവര്‍ത്തിപ്പിക്കേണ്ട ആവശ്യകത ഉത്തരവാദിത്വത്തപ്പെട്ട ആള്‍ക്ക് ബോധ്യപ്പെട്ടിട്ടുണ്ടാവില്ലെന്നും സമാധാനിക്കാം. എന്നാല്‍, ജില്ലാ ആശുപത്രിയായി ഉയര്‍ത്തപ്പെട്ട പട്ടം കോളനിയിലെ ആയിരക്കണക്കിനു രോഗികളുടെ ആശാകേന്ദ്രമായ നെടുങ്കണ്ടം താലൂക്ക് ആശുപത്രി അത്യാഹിതവിഭാഗത്തില്‍ വൈദ്യുതിപോയാല്‍ ഉടന്‍ ജനറേറ്റര്‍ പ്രവര്‍ത്തിപ്പിക്കാന്‍ ഓടേണ്ട ഗതികേടാണോ ഉണ്ടാവേണ്ടത്..? ആ കുരുന്നിന് തുന്നിക്കെട്ടിക്കൊണ്ടിരിക്കേയാണ് വൈദ്യുതി പോയത് എങ്കില്‍ എന്തുചെയ്യുമായിരുന്നു. അതുമായി പുറത്തിരുത്തുമായിരുന്നോ? അതോ കാലം മാറിയെന്നും വൈദ്യുതി പോയെന്നു കൂടി അറിയാത്ത രീതിയില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റെപ്പ് അപ്പ് സംവിധാനങ്ങളുണ്ട് എന്നും അറിയാത്തവരാണോ ആശുപത്രി നടത്തിപ്പുകാര്‍. ജില്ലാ ആശുപത്രിയായി ഉയര്‍ത്തിയിട്ടും അത്യാഹിതവിഭാഗത്തിലും ഓപറേഷന്‍ തിയേറ്ററിലുമെങ്കിലും വിച്ഛേദിക്കപ്പെടാത്ത പവര്‍ സംവിധാനം ഉറപ്പാക്കാത്ത അധികൃതരോട് രോഗികള്‍ മോശമായി പെരുമാറിയാല്‍ അവരെ കുറ്റം പറയാന്‍ പാടില്ല. ഇത്തരം ഒരു സംവിധാനത്തിന് ഫണ്ടില്ല എന്ന് പൊതുജനത്തെ അറിയിക്കാന്‍ ആശുപത്രി വികസന സമിതി ഇന്നോളം തയ്യാറായിട്ടില്ല. അറിഞ്ഞിരുന്നേല്‍ ഒന്നിനുപകരം പത്തെണ്ണം പട്ടം കോളനിയിലെ നാട്ടുകാര്‍ വാങ്ങിനല്‍കിയേനെ. ജനറേറ്റര്‍ സംവിധാനത്തോടൊപ്പം വൈദ്യുതി മുറിയാത്ത സ്റ്റെപ്പ് സംവിധാനം അത്യാഹിതവിഭാഗത്തിലെങ്കിലും സ്ഥാപിക്കാന്‍ ബന്ധപ്പെട്ട അധികാരികള്‍ അടിയന്തരമായി ഇടപെടണമെന്നാണ് നാട്ടുകാരുടെ അപേക്ഷ, കാരണം ആശ്രയിക്കാന്‍ പാവങ്ങള്‍ക്ക് ഈ ആശുപത്രി മാത്രമേയുള്ളൂ.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss