|    Sep 22 Fri, 2017 10:29 pm
FLASH NEWS

വൈദ്യുതി കണക്ഷനില്ല; സ്ത്രീകളുടെയും കുട്ടികളുടെയും ബ്ലോക്ക് തുറന്നില്ല

Published : 25th August 2016 | Posted By: SMR

നെയ്യാറ്റിന്‍കര: ഹൈടെന്‍ഷ ന്‍ വൈദ്യുതി കണക്ഷന്‍ ലഭിക്കാത്തതു കാരണം നിര്‍മാണം പൂര്‍ത്തിയാക്കിയ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലെ സ്ത്രീകളുടെയും കുട്ടികളുടെയും ബ്ലോക്ക് തുറന്നുപ്രവര്‍ത്തിപ്പിക്കാനായില്ല. താല്‍ക്കാലിക ത്രീ ഫേസ് വൈദ്യുതി കണക്ഷന്‍ നല്‍കി രണ്ടു നിലകളില്‍ വൈദ്യുതി ലഭ്യമാക്കണമെന്ന എംഎല്‍എയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലെ തീരുമാനവും ഇതോടെ നടപ്പാവാതെ പോവുകയാണ്.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്താണു നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ സ്ത്രീകളുടെയും കുട്ടികളുടെയും ബ്ലോക്ക് തുടങ്ങിയത്. എന്നാല്‍ ഈ വിഭാഗം തുറന്നു പ്രവര്‍ത്തിപ്പിക്കാനായി യാതൊരു നടപടിയും സ്വീകരിച്ചിരുന്നില്ല. കെ ആന്‍സലന്‍ എംഎല്‍എയുടെ ഇടപെടലിനെ തുടര്‍ന്ന് ബ്ലോക്ക് തുറന്നുപ്രവര്‍ത്തിപ്പിക്കാനായി ശ്രമം നടത്തി. ഈ ബ്ലോക്കിലെ ആദ്യ രണ്ടുനിലകളും പ്രവര്‍ത്തിപ്പിക്കാന്‍ അടിയന്തരമായി ത്രീ ഫേസ് കണക്ഷന്‍ നല്‍കാന്‍ എംഎല്‍എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായിരുന്നു. ആഗസ്ത് 15ന് മുമ്പായി വൈദ്യുതി കണക്ഷന്‍ നല്‍കാനാണു നിര്‍ദേശിച്ചത്. താല്‍ക്കാലിക ത്രീ ഫേസ് കണക് ഷന്‍ ലഭിച്ച ശേഷമാണ് സ്ഥിരമായ ഹൈടെന്‍ഷന്‍ ലൈന്‍ സ്ഥാപിക്കാന്‍ കഴിയൂ.
വൈദ്യുതി ലഭിച്ചാലേ സ്ത്രീകളുടെയും കുട്ടികളുടെയും വിഭാഗം പ്രവര്‍ത്തിപ്പിക്കാനും കഴിയൂ. ഇപ്പോഴത്തെ നിലയില്‍ ഇലക്ട്രിക്കല്‍ ഇന്‍സ്പക്ടറേറ്റിന്റെ അനുമതി ലഭിച്ചാലേ ത്രീഫേസ് വൈദ്യുതി കണക്ഷനും നല്‍കാന്‍ കഴിയൂ. എന്നാല്‍ ഈ അനുമതി നേടിയെടുക്കാന്‍ പോലും ആശുപത്രി അധികൃതര്‍ക്കോ, കെഎസ്ഇബിക്കോ കഴിഞ്ഞിട്ടില്ല. നാലു നിലകളുള്ള സ്ത്രീകളുടെയും കുട്ടികളുടെയും വിഭാഗത്തിലെ താഴത്തെ നിലയില്‍ ഒപി വിഭാഗവും ഒന്നാംനിലയില്‍ കുട്ടികളുടെ വിഭാഗവും അടിയന്തരമായി പ്രവര്‍ത്തിപ്പിക്കാനാണു തീരുമാനിച്ചിരുന്നത്.
പുതിയ മന്ദിരത്തില്‍ ഒപി വിഭാഗം മാറ്റിയാല്‍ മാത്രമേ നിലവിലെ ഒപി പ്രവര്‍ത്തിക്കുന്ന കെട്ടിടത്തില്‍ ട്രോമകെയര്‍ സ്ഥാപിക്കാന്‍ കഴിയൂ. എന്നാല്‍ വൈദ്യുതി കണക് ഷന്‍ ലഭിക്കാതെ പുതിയ മന്ദിരത്തിലേക്ക് ഒപി വിഭാഗം മാറ്റാനും കഴിയുന്നില്ല. ഇതോടെ പുതിയ ട്രോമാകെയര്‍ നിര്‍മാണവും അവതാളത്തിലായിരിക്കുകയാണ്. പ്രശ്‌നത്തില്‍ അധികൃതര്‍ അടിയന്തരമായി ഇടപെടണമെന്നു നാട്ടുകാര്‍ ആവശ്യപ്പെട്ടു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക