|    Aug 23 Wed, 2017 1:46 pm
FLASH NEWS

വൈദ്യുതി ഉല്‍പാദനത്തിനുള്ള പ്രവൃത്തികള്‍ ദ്രുതഗതിയില്‍

Published : 15th November 2016 | Posted By: SMR

മാനന്തവാടി: പടിഞ്ഞാറത്തറ ബാണാസുരഡാം റിസര്‍വോയറില്‍ നിന്നു സോളാര്‍ വൈദ്യുതി ഉല്‍പാദനം വര്‍ധിപ്പിക്കാനുള്ള പ്രവൃത്തികള്‍ ദ്രുതഗതിയിലാക്കി. 2017 മാര്‍ച്ചില്‍ നിര്‍മാണ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കി പ്രതിവര്‍ഷം ആറുലക്ഷം യൂനിറ്റ് വൈദ്യുതി ഉല്‍പാദിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് കെഎസ്ഇബി മുന്നേറുന്നത്. 9.25 കോടി രൂപ ഇതിനായി വകയിരുത്തിയിട്ടുണ്ട്. സംസ്ഥാനത്ത് ജലവൈദ്യുത പദ്ധതികള്‍ക്ക് കാലാവസ്ഥാ വ്യതിയാനം തടസ്സം സൃഷ്ടിക്കുമ്പോള്‍ പുതിയ വൈദ്യുതി ഉല്‍പാദന സാധ്യതകള്‍ കണ്ടെത്തുന്നതിന്റെ ഭാഗമായിട്ടാണ് ബാണാസുര ഡാം റിസര്‍വോയറില്‍ കഴിഞ്ഞ വര്‍ഷം സോളാര്‍ വൈദ്യുതി പദ്ധതി പരീക്ഷിച്ചത്. വെള്ളത്തിനു മുകളില്‍ ഉയര്‍ന്നുനില്‍ക്കുന്ന പ്ലാറ്റ്‌ഫോമുകളിലാണ് സൗരോര്‍ജ പാനലുകള്‍ സ്ഥാപിച്ച് പരീക്ഷണ വൈദ്യുതി ഉല്‍പാദനം നടത്തിയത്. 30 ലക്ഷത്തോളം രൂപ ചെലവഴിച്ച് കമ്മന സ്വദേശികളായ അജയ്് തോമസും വി എം സുധിനും നടത്തിയ പരീക്ഷണം വിജയകരമായതോടെയാണ് കഴിഞ്ഞ ജനുവരിയില്‍ മുന്‍ വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദ് വിപുലമായ പദ്ധതി ആവിഷകരിച്ച് പ്രവൃത്തി ഉദ്ഘാടനം ചെയ്തത്. കെഎസ്ഇബി പരീക്ഷണത്തിനായി 15 ലക്ഷം രൂപയായിരുന്നു നല്‍കിയത്. പ്രതിവര്‍ഷം 15,000 യൂനിറ്റ് വൈദ്യുതി ഉല്‍പാദിപ്പിക്കുന്ന പാനലുകള്‍ സ്ഥാപിച്ച് വെള്ളത്തിലൂടെ വൈദ്യുതി കരയിലെത്തിച്ച് ഗ്രിഡ് ചെയ്തു വിജയം വരിച്ചതോടെയാണ് പുതിയ പദ്ധതിക്ക് തുടക്കം കുറിച്ചത്. പ്രതിവര്‍ഷം ആറുലക്ഷം യൂനിറ്റ് വൈദ്യുതി സൗരോര്‍ജത്തിലൂടെ ഉല്‍പാദിപ്പിക്കാന്‍ കഴിയുന്ന പദ്ധതിക്കായി പാനലുകള്‍ മഞ്ഞൂറ ഭാഗത്തെ ഡാം റിസര്‍വോയറിലാണ് ഒരുക്കുന്നത്. ഡാമിലെ വെള്ളം ഉയരുകയും താഴുകയും ചെയ്യുന്നതിനനുസരിച്ച് ഉയരാനും താഴാനും കഴിവുള്ള വായു നിറച്ച കോണ്‍ക്രീറ്റ് ബേസ്‌മെന്റുകളാണ് സൗരോര്‍ജ പാനലുകള്‍ ഘടിപ്പിക്കാനായി  നിര്‍മിച്ചുവരുന്നത്. ഇത്തരത്തില്‍ 18 ബേസ്‌മെന്റുകളാണ് നിര്‍മിക്കേണ്ടത്. ഇവയുടെ നിര്‍മാണമാണ് ഇപ്പോള്‍ ത്വരിതഗതിയില്‍ നടക്കുന്നത്. 2017 മാര്‍ച്ചോടെ പണി പൂര്‍ത്തിയാക്കി പദ്ധതി കമ്മീഷന്‍ ചെയ്യാനാണ് കെഎസ്ഇബി ഉദ്ദേശിക്കുന്നത്. തിരുവനന്തപുരം ആസ്ഥാനമായുള്ള സ്വകാര്യ കമ്പനിക്കാണ് 9.25 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയുടെ നിര്‍മാണച്ചുമതല. പദ്ധതി പൂര്‍ത്തിയാവുന്നതോടെ ലോകത്തിലെ ആദ്യത്തെ മണ്ണണയായി ഖ്യാതി നേടിയ പടിഞ്ഞാറത്തറ ബാണാസുര ഡാം ഇന്ത്യയിലെ ആദ്യത്തെ ഒഴുകുന്ന സൗരോര്‍ജ ഉല്‍പാദനകേന്ദ്രമായും അറിയപ്പെടും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക