|    Jun 23 Fri, 2017 2:06 am
FLASH NEWS

വൈദ്യുതിയുടെ ഈറ്റില്ലത്തില്‍ നിന്ന് ഇലക്ട്രിസിറ്റി വകുപ്പ് മന്ത്രിയെത്തുന്നു

Published : 21st November 2016 | Posted By: SMR

തൊടുപുഴ: നാട്യങ്ങളില്ലാത്ത നാട്ടുമ്പുറത്തുകാരന്‍ എം എം മണി വൈദ്യുതി വകുപ്പ് മന്ത്രിയായി കാബിനറ്റിലേക്ക് എത്തുന്നു. അതും ഹൈറേഞ്ചിന്റെ സ്വന്തം വൈദ്യുതി വകുപ്പ് മന്ത്രിയായി. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ അണക്കെട്ടുകളും വൈദ്യുതി ഉല്‍പ്പാദനവും നടക്കുന്ന ജില്ലയാണ് ഇടുക്കി. ഇവിടത്തുകാരന്‍ മന്ത്രിയാവുന്നത് ഇടുക്കിയുടെ വൈദ്യുത മേഖലയെ കൂടുതല്‍ കരുത്തുറ്റതാക്കുമെന്നാണു കരുതുന്നത്.1969ല്‍ കെ ടി ജേക്കബ് ആശാന്‍ ഉടുമ്പന്‍ചോലയില്‍ നിന്നു മന്ത്രി പദവിയിലെത്തിയ ശേഷം നീണ്ട 47 വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് മലയോരത്തേക്ക് ഒരു മന്ത്രി പദവി എത്തിച്ചേരുന്നത്. ഹൈറേഞ്ചിന്റെ എക്കാലത്തെയും വലിയ പ്രതീക്ഷയായിരുന്നു ഇടുക്കിയുടെ സ്വന്തം ജനപ്രതിനിധി മന്ത്രിസഭയിലുണ്ടാവുക എന്നത്. സ്വപ്‌ന സമാനമായ ആ പ്രഖ്യാപനം സിപിഎം നടത്തിയപ്പോള്‍ ജില്ലയിലെ പാര്‍ട്ടിയും അണികളും ആവേശത്തിലാണ്. സങ്കീര്‍ണമായ ഭൂമി പ്രശ്‌നങ്ങള്‍, കസ്തൂരിരംഗന്‍ റിപോര്‍ട്ടിലെ കര്‍ഷക വിരുദ്ധ പരാമര്‍ശങ്ങള്‍ ഉപാധികളില്ലാത്ത പട്ടയം, നട്ടു വളര്‍ത്തിയ മരങ്ങള്‍ മുറിക്കാനുള്ള അവകാശം, പരിസ്ഥിതി സംരക്ഷണത്തിന്റെ മറവില്‍ നടക്കുന്ന അന്യവല്‍ക്കരണം, അനാവശ്യമായി അടിച്ചേല്‍പ്പിക്കുന്ന നിയന്ത്രണങ്ങളും നിയമങ്ങളും ഇതിനെല്ലാം പരിഹാരം കാണാന്‍ ഇച്ഛാശക്തിയും നിശ്ചയദാര്‍ഢ്യവുമുള്ള ഒരാള്‍ മന്ത്രി പദവിയിലേക്കെത്തിയെന്നതാണ് മലയോര ജനതയ്ക്ക് ആഹ്ലാദത്തിനിട നല്‍കുന്നത്. വൈദ്യുതി വകുപ്പിന്റെ ചുമതലയാണ് എം എം മണിക്കെന്നതും പ്രതീക്ഷാദായകമാണ്. നിരവധി ഭൂമി-പട്ടയ പ്രശ്‌നങ്ങള്‍ വൈദ്യുതി ബോര്‍ഡുമായി ബന്ധപ്പെട്ടുണ്ട്. ഉപേക്ഷിക്കപ്പെട്ട പദ്ധതി പ്രദേശങ്ങളിലെ കര്‍ഷകര്‍ക്ക് പട്ടയം ലഭിക്കുന്നതിനും മണിയാശാന്റെ മന്ത്രി പദവി വഴിതുറക്കുമെന്നാണ് കരുതുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക