|    Dec 14 Fri, 2018 11:33 pm
FLASH NEWS
Home   >  News now   >  

വൈദ്യുതികമ്പിയില്‍ തട്ടി കൈ നഷ്ടപ്പെട്ട യുവതി 14 വര്‍ഷമായി നീതി തേടുന്നു

Published : 7th June 2018 | Posted By: kasim kzm

കോട്ടയം: വൈദ്യുതി ബോര്‍ഡിന്റെ അനാസ്ഥമൂലം 11 കെവി ലൈനില്‍ നിന്ന് ഷോക്കേറ്റ് ഇടതുകൈ നഷ്ടമായ യുവതിയുടെ കുടുംബത്തെ അവസാനം സര്‍ക്കാരുകളും കൈയൊഴിഞ്ഞു. സഹായം ലഭിക്കുന്നതിന് സര്‍ക്കാരുകള്‍ക്ക് അപേക്ഷ നല്‍കി 14 വര്‍ഷമായി കാത്തിരിക്കുകയാണ് കോട്ടയം മാങ്ങാനം തുരുത്തേല്‍ പേരേപ്പറമ്പില്‍ പി വി സക്കറിയയുടെ ഏക മകള്‍ മേരിയമ്മ (22) പി സേവ്യറെന്ന നിഷയും കുടുംബവും.
2004ലാണ് നഴ്‌സിങ് വിദ്യാര്‍ഥിനിയായ മേരിയമ്മയ്ക്ക് തന്റെ ഇടംകൈ നഷ്ടമാവുന്നത്. കര്‍ണാടകയില്‍ നഴ്‌സിങ് പഠിക്കവെ ഒന്നാംവര്‍ഷ നഴ്‌സിങ് പരീക്ഷ കഴിഞ്ഞ് അവധിക്ക് മാങ്ങാനത്തെ വീട്ടിലെത്തിയപ്പോഴേക്കാണ് മേരിയമ്മയുടെ ജീവിതത്തിലേക്ക് വിധി വില്ലനായെത്തിയത്. മേരിയമ്മയുടെ വീടിനു സമീപത്തുള്ള പാടം നികത്തുന്നതിനായി മണ്ണിറക്കുന്ന സമയത്ത് ടിപ്പര്‍ലോറി തട്ടി 11 കെവി ലൈനിന്റെ പോസ്റ്റ് ചരിഞ്ഞു നിന്നിരുന്നു. ഇതേത്തുടര്‍ന്ന് വൈദ്യുതി ലൈന്‍ നിലത്ത് മുട്ടാറായിക്കിടക്കുകയായിരുന്നു. നാട്ടുകാര്‍ ഈ വിവരം വൈദ്യുതി ബോര്‍ഡില്‍ അറിയിച്ചിരുന്നെങ്കിലും ആരും തിരിഞ്ഞുനോക്കിയില്ല.
മെയ് ഒന്നിന് വൈകീട്ട് വീടിനടുത്തുള്ള റോഡിലൂടെ നടന്നുപോയ മേരിയമ്മയുടെ മുടി ചാഞ്ഞുകിടന്ന 11 കെവി ലൈനില്‍ ഉടക്കുകയും ലൈനില്‍ കൈ തട്ടി ഷോക്കേല്‍ക്കുകയുമായിരുന്നു. കൈ കരിഞ്ഞു തൂങ്ങി. പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ ഇടതുകൈ മുട്ടിന് മുകളില്‍ വച്ച് മുറിച്ചുനീക്കി. വലതുകൈക്കും ശരീരത്തിന്റെ വലതുഭാഗത്തും പൊള്ളലേല്‍ക്കുകയും ചെയ്തിരുന്നു. 108 ദിവസത്തെ ചികില്‍സയ്ക്കുശേഷമാണ് മേരിയമ്മ തിരികെ വീട്ടിലെത്തിയത്. കൈ നഷ്ടമായതോടെ നഴ്‌സിങ് സ്വപ്‌നം പാതിവഴിയിലുപേക്ഷിക്കേണ്ടി വന്നു.
കുടുംബം സാമ്പത്തികമായി പിന്നാക്കമായിരുന്നതിനാ ല്‍ അച്ഛന്‍ ബാങ്കില്‍ നിന്ന് വായ്പയെടുത്താണ് നഴ്‌സിങ് പഠനത്തിനുള്ള പണം കണ്ടെത്തിയത്. ബാങ്കില്‍നിന്നെടുത്ത വായ്പ മുടങ്ങിക്കിടക്കുകയാണ്. നാലുഭാഗവും വെള്ളത്താല്‍ ചുറ്റപ്പെട്ട ഒറ്റമുറി വീട്ടില്‍ കഴിയുന്ന മേരിയമ്മയ്ക്ക് വാസയോഗ്യമായ വീടും ഒരു ജോലിയും ഇന്ന് അന്യമായിരിക്കുകയാണ്. ഈ വീട്ടിലേക്ക് വൈദ്യുതിയുമെത്തിയിട്ടില്ല.
ജീവിതം വഴിമുട്ടിയ മേരിയമ്മ 2004ല്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നു സഹായം ലഭിക്കാന്‍ നല്‍കിയ അപേക്ഷയും ഫയലുകളില്‍ ഉറങ്ങുകയാണ്. വൈദ്യുതി ബോര്‍ഡില്‍ നിന്ന് ഇന്‍ഷുറന്‍സ് തുക ലഭിക്കുന്നതിനായി കോടതികളില്‍ കയറിയിറങ്ങിയിട്ടും നിരാശ മാത്രമായിരുന്നു ഫലം.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss