|    Oct 16 Tue, 2018 3:03 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

വൈദികര്‍ക്കും വിശ്വാസികള്‍ക്കുമിടയില്‍ ചേരിപ്പോര് രൂക്ഷം

Published : 12th March 2018 | Posted By: kasim kzm

കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയിലെ വിവാദ ഭൂമിവില്‍പന വിഷയത്തില്‍ സീറോ മലബാര്‍ സഭയിലെ വിശ്വാസികള്‍ക്കിടയിലും വൈദികര്‍ക്കിടയിലും ചേരിപ്പോര് രൂക്ഷമാവുന്നു.
കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി സ്ഥാനത്യാഗം ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിരൂപതയിലെ ഒരു വിഭാഗം വിശ്വാസികള്‍ ആര്‍ച്ച് ഡയോഷ്യന്‍ മൂവ്‌മെന്റ് ഫോര്‍ ട്രാന്‍സ്പരന്‍സി (എഎംടി) എന്ന പേരില്‍ സംഘടന രൂപീകരിച്ച് സമരം ശക്തമാക്കി വരികയാണ്. ഈ സാഹചര്യത്തിലാണ് ഇതിനെ എതിര്‍ത്തു മറ്റൊരു വിഭാഗം വിശ്വാസികള്‍ കര്‍ദിനാളിനു പിന്തുണ പ്രഖ്യാപിച്ചു രംഗത്തുവന്നത്. സീറോ മലബാര്‍ സഭയിലെ വിവിധ രൂപതകളില്‍ നിന്നുള്ള മുന്നൂറോളം വിശ്വാസികളാണ് ഇന്നലെ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് പിന്തുണ പ്രഖ്യാപിച്ച് എറണാകുളം-അങ്കമാലി അതിരൂപതയുടെ ദൈനംദിന ഭരണച്ചുമതലയുള്ള സഹായ മെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത് രാജിവയ്ക്കണമെന്നും ആവശ്യപ്പെട്ട് ഇന്നലെ അതിരൂപതാ ആസ്ഥാനത്തേക്ക് മാര്‍ച്ചും ധര്‍ണയും നടത്തിയത്.
രാവിലെ 11ഓടെ എറണാകുളം മറൈന്‍ ഡ്രൈവില്‍ ഒത്തുചേര്‍ന്ന ഇവര്‍ അവിടെനിന്ന് അതിരൂപതാ ആസ്ഥാനത്തേക്ക് മാര്‍ച്ച് നടത്തുകയായിരുന്നു. വന്‍ പോലിസ് സന്നാഹവും സ്ഥലത്തെത്തിയിരുന്നു. തുടര്‍ന്ന് നടന്ന ധര്‍ണയില്‍ ഇന്ത്യന്‍ കാത്തലിക് ഫോറം നേതാക്കളായ കെന്നഡി കരിമ്പുംകാലയില്‍, ബിനു ചാക്കോ, അഡ്വ. മെല്‍ബിന്‍ മാത്യു, ലാലി വിതയത്തില്‍, അഡ്വ. ഡാല്‍ബിന്‍ സംസാരിച്ചു. ഭൂമി ഇടപാട് സഹായ മെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത് അറിഞ്ഞിരുന്നുവെന്നും എന്നിട്ടും താന്‍ ഒന്നും അറിഞ്ഞിരുന്നില്ലെന്നു പറയുന്നത് ഇരട്ടത്താപ്പാണെന്നും ഇവര്‍ പറഞ്ഞു. ഇതു സംബന്ധിച്ച് രേഖകളും ഇവര്‍ വിതരണം ചെയ്തു.
അച്ചടക്ക ലംഘനം നടത്തുന്ന വൈദികര്‍ക്കെതിരേ നടപടിയെടുക്കുക, വൈദികര്‍ സഭാ സിനഡിനു കീഴടങ്ങി പ്രവര്‍ത്തിക്കുക എന്നീ ആവശ്യങ്ങളും ഇവര്‍ ഉന്നയിച്ചു. ധര്‍ണ രണ്ടു മണിക്കൂറോളം നീണ്ടുനിന്നു. തുടര്‍ന്ന് ഇവര്‍ സ്വയം പിരിഞ്ഞുപോവുകയായിരുന്നു.
വൈദികര്‍ക്കൊപ്പം കര്‍ദിനാള്‍ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് എംഎംടിയുടെ നേതൃത്വത്തില്‍ ദിവസങ്ങളായി പ്രക്ഷോഭം നടത്തിവരുകയാണ്. ഇതിനു പിന്നാലെയാണ് മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് മറ്റൊരു വിഭാഗം വിശ്വാസികള്‍ രംഗത്തുവന്നിരിക്കുന്നത്.
മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് പിന്തുണ പ്രഖ്യാപിച്ച് വരുംദിവസങ്ങളില്‍ സമ്മേളനം സംഘടിപ്പിക്കാനുള്ള ശ്രമത്തിലാണ് ഇവര്‍. ഇതിനിടയില്‍ വൈദികര്‍ക്കിടയിലും വിഷയത്തില്‍ ഭിന്നത ഉണ്ടെന്ന വിവരവും പുറത്തുവരുന്നുണ്ട്. പ്രശ്‌നങ്ങള്‍ പരിഹരിക്കുക എന്നതിനേക്കാള്‍ കര്‍ദിനാളിനെ സ്ഥാനഭ്രഷ്ടനാക്കുകയെന്ന രഹസ്യ അജണ്ടയാണ് നടപ്പാക്കാന്‍ ശ്രമിക്കുന്നതെന്ന് എറണാകുളം വാഴക്കാല സെന്റ് ജോസഫ് ചര്‍ച്ച് വികാരി ഫാ. ആന്റണി പൂതവേലില്‍ ഇടവക ബുള്ളറ്റിനില്‍ പ്രസിദ്ധീകരിച്ച ‘നികൃഷ്ടതയുടെ പുത്തന്‍ നീതി പ്രവാചകന്‍’ എന്ന ലേഖനത്തില്‍ പറയുന്നു.
ദൈവത്തിനും അതിരൂപതയ്ക്കും വേണ്ടിയെന്ന വ്യാജേന ആരോടോ ഒക്കെയുള്ള വ്യക്തിവിദ്വേഷം ഒളിപ്പിച്ചുവച്ച് നീതിപ്രവാചകരാവാന്‍ കച്ചകെട്ടി കളത്തില്‍ നിറഞ്ഞാടുന്ന ഒരുപറ്റം വൈദിക സുഹൃത്തുക്കളുടെ ഉദ്ദേശ്യശുദ്ധി ഏവര്‍ക്കും മനസ്സിലാവുന്നുണ്ടെന്ന് ഫാ. ആന്റണി പൂതവേലില്‍ തന്റെ ലേഖനത്തില്‍ വ്യക്തമാക്കുന്നു. അതിരൂപതയ്ക്ക് ഒരു മെഡിക്കല്‍ കോളജ് എന്ന ആവശ്യത്തിന് അംഗീകാരം നല്‍കിയതും തുടര്‍ന്നുള്ള നടപടികള്‍ക്ക് പച്ചക്കൊടി കാട്ടിയതുമെല്ലാം രൂപതയുടെ അധികാര സ്വാതന്ത്ര്യമുള്ള സമിതികളാണ്. ഈ തീരുമാനത്തിനു വേണ്ടത്ര വിദഗ്ധാഭിപ്രായം തേടിയിരുന്നോ എന്ന് എല്ലാവര്‍ക്കും സംശയമുണ്ട്.
ഭൂമിയിടപാടിന്റെ അവസാന ഘട്ടത്തില്‍ അപ്രതീക്ഷിതവും മനഃപൂര്‍വമല്ലാതെയും സംഭവിച്ചുപോയ ഗുരുതരമായ ഒരു വീഴ്ചയുടെ പേരില്‍ അതുവരെ ഇക്കാര്യങ്ങളുമായി ബന്ധപ്പെട്ട് കഴിഞ്ഞിരുന്നവര്‍ കൈകഴുകി. ഇവര്‍ ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറി കര്‍ദിനാളിന്റെയും മറ്റു രണ്ടു വൈദികരുടെയും തലയില്‍ കെട്ടിവച്ച് രക്ഷപ്പെടാന്‍ കാണിക്കുന്ന വ്യഗ്രത ആത്മീയനേതൃത്വത്തിനു ഭൂഷണമാണോയെന്ന് ചിന്തിക്കണമെന്നും ഫാ. ആന്റണി പൂതവേലില്‍ തന്റെ ലേഖനത്തില്‍ ആവശ്യപ്പെടുന്നു.
കഴിഞ്ഞ ക്രിസ്മസിന്റെ തലേന്ന് മാവോവാദി അനുകൂലികളായ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള ഒരു സംഘത്തെ വിമത വൈദികര്‍ സെന്റ് തോമസ് മൗണ്ടിലേക്ക് അയച്ച് കര്‍ദിനാളിനെ ഭീഷണിപ്പെടുത്തി. ഇടവകകളില്‍ ആത്മീയ ശുശ്രൂഷയ്ക്ക് എത്തിയാല്‍ ബലമായി തടയുമെന്നു ഭീഷണി മുഴക്കിയെന്നും  ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss