|    Jul 29 Sat, 2017 5:17 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

വൈദികന്റെ മോചനം ഉടന്‍ സാധ്യമാവും: സുഷമ സ്വരാജ്

Published : 5th August 2016 | Posted By: SMR

ന്യൂഡല്‍ഹി: യെമനില്‍ തട്ടിക്കൊണ്ടുപോയി തടവിലാക്കപ്പെട്ട മലയാളി വൈദികന്‍ ഫാ. ടോം ഉഴുന്നാലില്‍ സുരക്ഷിതനാണെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. ഫാ. ടോമിന്റെ മോചനത്തിനായി കടുത്ത പരിശ്രമം കേന്ദ്രസര്‍ക്കാര്‍ നടത്തുന്നുണ്ടെന്നും വൈകാതെ മോചനം സാധ്യമാകുമെന്ന് ഉറച്ചു വിശ്വസിക്കുന്നതായും ഇന്നലെ തന്നെ വന്നു കണ്ട വൈദികന്റെ ബന്ധുക്കളോടു വിദേശകാര്യമന്ത്രി പറഞ്ഞു.
ഫാ. ടോമിന്റെ മോചനത്തിനായി കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികളില്‍ വിശ്വാസമുണ്ടെന്നും എത്രയും വേഗം വൈദികനെ ഇന്ത്യയില്‍ തിരികെയെത്തിക്കാന്‍ കഴിയുമെന്നാണ് കരുതുന്നതെന്നും കൂടിക്കാഴ്ചയ്ക്കു ശേഷം സിബിസിഐ സെക്രട്ടറി ജനറല്‍ ബിഷപ് ഡോ. തിയഡോര്‍ മസ്‌ക്രീനാസ് പറഞ്ഞു.
ഫാ. ടോം സുരക്ഷിതനാണെന്നു മന്ത്രി ഉറപ്പു നല്‍കിയെന്നും എത്രയും വേഗം മോചനം സാധ്യമാകുമെന്നാണ് ഉറച്ച വിശ്വാസമെന്നും സംഘത്തോടൊപ്പം ഉണ്ടായിരുന്ന ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗം അല്‍ഫോന്‍സ് കണ്ണന്താനം പറഞ്ഞു. ഈ രണ്ടു കാര്യങ്ങള്‍ വിദേശകാര്യമന്ത്രി പറഞ്ഞതിനാല്‍ ഫാ. ടോമിന്റെ തടവു സംബന്ധിച്ച വിശദാംശങ്ങളെക്കുറിച്ചു കൂടുതല്‍ ചോദിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. ഫാ. ടോം അംഗമായ സലേഷ്യന്‍ സഭയുടെ ഡല്‍ഹി പ്രൊവിന്‍ഷ്യല്‍ ഫാ. ജോസ് മാത്യു, ഉഴുന്നാലില്‍ അച്ചന്റെ കുടുംബാംഗങ്ങളായ നോയല്‍ തോമസ്, അഗസ്റ്റിന്‍, വിന്‍സ്, വിനോദ് എന്നിവരും സുഷമ സ്വരാജിനെ നേരില്‍ കണ്ട സംഘത്തിലുണ്ടായിരുന്നു. പാര്‍ലമെന്റ് മന്ദിരത്തിലെ സുഷമയുടെ ഓഫിസില്‍ ഇന്നലെ വൈകുന്നേരം 5.30 നായിരുന്നു ഇന്ത്യയിലെ കത്തോലിക്കാ മെത്രാന്‍ സമിതി സെക്രട്ടറി ജനറലിന്റെ നേതൃത്വത്തിലുള്ള സംഘം വിദേശകാര്യമന്ത്രിയെ കണ്ടത്.
മിഷനറീസ് ഓഫ് ചാരിറ്റി സന്ന്യാസിനി സമൂഹം നടത്തുന്ന വൃദ്ധസദനം ആക്രമിച്ച് മാര്‍ച്ച് നാലിനാണു വൈദികനെ തട്ടിക്കൊണ്ടുപോയത്. നാലു കന്യാസ്ത്രീകള്‍ ഉള്‍പ്പെടെ 16 പേരെ കൊലപ്പെടുത്തിയ ശേഷമായിരുന്നു ഇത്. സലേഷ്യന്‍ സഭയുടെ ബംഗളൂരു പ്രൊവിന്‍സ് അംഗവും കോട്ടയം രാമപുരം ഉഴുന്നാലില്‍ കുടുംബാംഗവുമായ ഫാ. ടോമിന്റെ (56) അവശനിലയിലുള്ള വീഡിയോ അടുത്തിടെ അദ്ദേഹത്തിന്റെ ഫേസ്ബുക്ക് അക്കൗണ്ടില്‍ വന്നിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക