|    Mar 24 Fri, 2017 3:43 am
FLASH NEWS

വൈക്കത്ത് സ്വകാര്യ പണമിടപാട് സ്ഥാപനങ്ങള്‍ പെരുകുന്നു

Published : 3rd August 2016 | Posted By: SMR

വൈക്കം: ചിട്ടി കമ്പനികള്‍ നിക്ഷേപകരെ കബളിപ്പിച്ച് മുങ്ങുമ്പോഴും വൈക്കത്ത് സ്വകാര്യ പണമിടപാട് സ്ഥാപനങ്ങള്‍ പെരുകുന്നു. ഒരു വര്‍ഷം മുമ്പ് കൊച്ചുകവലയിലും ബോട്ട്‌ജെട്ടി റോഡിലും പ്രവര്‍ത്തിച്ചിരുന്ന രണ്ടു ചിട്ടി സ്ഥാപനങ്ങള്‍ സാധാരണക്കാരായ നിക്ഷേപകരുടെ കോടിക്കണക്കിന് രൂപ വെട്ടിച്ചാണ് മുങ്ങിയത്.
നിക്ഷേപകര്‍ ഒന്നടങ്കം പോലിസില്‍ പരാതി നല്‍കിയെങ്കിലും അന്വേഷണത്തിലെ പിഴവുകള്‍ ഇതിനെയെല്ലാം അട്ടിമറിച്ചു. ചിട്ടിസ്ഥാപന ഉടമകള്‍ ഇന്ന് കോടതിയില്‍ ശിക്ഷ അനുഭവിക്കുകയാണ്. നിക്ഷേപകര്‍ക്ക് ഇവരില്‍ നിന്ന് പണം തിരികെ പിടിച്ചുകൊടുക്കാന്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ടവര്‍ തികഞ്ഞ ഉദാസീനതയാണ് ഈ വിഷയത്തില്‍ പുലര്‍ത്തുന്നത്. ആയിരക്കണക്കിന് നിക്ഷേപകരെ കബളിപ്പിച്ച് മുങ്ങിയ അമൃതശ്രീ സ്ഥാപനമാണ് ഇതിലെ ഏറ്റവും ഒടുവിലത്തെ കണ്ണി. ആദ്യം അമ്പലപ്പുഴ കേന്ദ്രമായി വൈക്കത്തു പ്രവര്‍ത്തിച്ച റോയല്‍ ചിട്ട്‌സിലും ആയിരക്കണക്കിന് നിക്ഷേപകര്‍ക്ക് പണം നഷ്ടപ്പെട്ടിരുന്നു.
ഇവിടെയെല്ലാം നിഴലിക്കുന്നത് ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥതയാണ്. കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍ ചെറുതും വലുതുമായ 15ലധികം ചിട്ടി സ്ഥാപനങ്ങളാണ് വൈക്കത്ത് നിക്ഷേപകരെ കബളിപ്പിച്ചത്. ആരംഭത്തില്‍ സ്ത്രീകളെ കളത്തിലിറക്കിയാണ് ഇവര്‍ ജനങ്ങളെ നിക്ഷേപകരാക്കുന്നത്. സഹകരണ സ്ഥാപനങ്ങള്‍ ചിട്ടി നടത്തുന്നുണ്ടെങ്കിലും ഇവര്‍ക്കൊന്നും ജനങ്ങളെ ആകര്‍ഷിക്കാന്‍ കഴിയുന്നില്ല. കയര്‍, മല്‍സ്യം, കള്ള് ചെത്ത്, തഴപ്പായ, കെട്ടിട നിര്‍മാണം എന്നീ മേഖലകളില്‍ പണിയെടുക്കുന്ന സാധാരണക്കാരായ തൊഴിലാളികളാണ് പണമിടപാട് സ്ഥാപനങ്ങളുടെ ചൂതാട്ടത്തില്‍ ഇപ്പോള്‍ കണ്ണീര്‍ പൊടിക്കുന്നത്.
അമൃതശ്രീ ചിട്ടി സ്ഥാപനത്തിന് പ്രതിസന്ധിയുണ്ടായ വിവരം മുന്‍കൂട്ടിതന്നെ നിക്ഷേപകര്‍ അറിഞ്ഞിരുന്നെങ്കിലും ഇതിനെയെല്ലാം ഇവര്‍ കളക്ഷന്‍ ഏജന്റുമാരെക്കൊണ്ടു മറച്ചു വച്ചിരുന്നു. ഇപ്പോള്‍ നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന ചില സ്വകാര്യ ചിട്ടി കമ്പനികളും പ്രതിസന്ധിയുടെ വക്കിലാണ്. 20000 മുതല്‍ ഒരു ലക്ഷം രൂപ വരെ നഷ്ടപ്പെട്ടവരുണ്ട്.
നഗരത്തിലെ ചില വ്യാപാര സ്ഥാപനങ്ങളും ഇവരുടെ തട്ടിപ്പിന് ഇരയായിട്ടുണ്ട്. നിക്ഷേപകരെ കബളിപ്പിച്ച് അതിവിദഗ്ധമായി മുങ്ങുമ്പോഴും നാടിന്റെ വിവിധ സ്ഥലങ്ങളില്‍ ചിട്ടി കമ്പനികള്‍ ശക്തമായിക്കൊണ്ടിരിക്കുകയാണ്.
മണ്ഡലത്തിന്റെ വിവിധ പ്രദേശങ്ങളില്‍ അമ്പതിലധികം സ്വകാര്യ ചിട്ടി സ്ഥാപനങ്ങളുണ്ടെന്നാണ് അനൗദ്യോഗിക കണക്ക്. സാധാരണക്കാരായ ആയിരക്കണക്കിന് കുടുംബങ്ങള്‍ കബളിപ്പിക്കപ്പെട്ടിട്ടും ഇനിയും അധികാരികള്‍ ഈ വിഷയത്തില്‍ കാണിക്കുന്ന ഉദാസീനത ഏറെ വിമര്‍ശനങ്ങള്‍ക്കാണ് ഇടയാക്കിക്കൊണ്ടിരിക്കുന്നത്.
പല സ്ഥലങ്ങളിലും നിക്ഷേപകരെ ഉള്‍പ്പെടുത്തി ആക്ഷന്‍ കൗണ്‍സിലെല്ലാം രൂപപ്പെടുന്നുണ്ടെങ്കിലും ഇതെല്ലാം എത്രത്തോളം ലക്ഷ്യപ്രാപ്തിയിലെത്തുമെന്ന കാര്യം കാത്തിരുന്നു കാണേണ്ട അവസ്ഥയാണ്.
കാരണം വര്‍ഷങ്ങള്‍ക്ക് മുമ്പ് നഗരത്തില്‍ പ്രവര്‍ത്തിച്ചിരുന്ന പണമിടപാട് സ്ഥാപനത്തിന്റെ തട്ടിപ്പിനിരയായ നിരവധി നിക്ഷേപകര്‍ക്കാണ് ഇന്നും പണം കിട്ടാനുള്ളത്. സ്വകാര്യ ചിട്ടി സ്ഥാപനങ്ങളുടെ കടന്നുകയറ്റത്തിന് തടയിടാന്‍ തൊഴിലില്ലാത്ത വീട്ടമ്മമാരെ സജീവമാക്കി ചിട്ടി വ്യാപിപ്പിക്കാന്‍ സഹകരണ സംഘങ്ങള്‍ മുന്നോട്ടു വരണം.
ഇതിന് സാധിച്ചാല്‍ സാമ്പത്തിക രംഗത്ത് ഏറെ നേട്ടങ്ങള്‍ കൊയ്യാന്‍ പ്രതിസന്ധികള്‍ നേരിടുന്ന സഹകരണ പ്രസ്ഥാനങ്ങള്‍ക്ക് കഴിയും. എന്നാല്‍ നിയമത്തിന്റെ അതിര്‍ വരമ്പുകള്‍ ഇവര്‍ക്കു വെല്ലുവിളിയാണ്.

(Visited 33 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക