|    Jun 22 Fri, 2018 7:06 am
FLASH NEWS

വൈക്കത്ത് റോഡിലെ വളവുകള്‍ അപകട ഭീഷണി ഉയര്‍ത്തുന്നു

Published : 20th May 2018 | Posted By: kasim kzm

വൈക്കം: നിവരാത്ത വളവുകള്‍ ഗതാഗതത്തിന് ഭീഷണിയാകുന്നു. മണ്ഡലത്തിലെ പ്രധാന റോഡുകളിലെ കൊടും വളവുകള്‍ നിവര്‍ത്തണമെന്ന ആവശ്യത്തിന് കാലങ്ങളുടെ പഴക്കമുണ്ട്. വാഹന ഗതാഗതത്തിനും യാത്രക്കാര്‍ക്കും ഒരുപോലെ തന്നെയാണ് വളവുകളുണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍.
വടയാര്‍, പൊട്ടന്‍ചിറ, വല്ലകം, പുളിംചുവട്, ചാലപ്പറമ്പ്, തോട്ടകം, ഉദയനാപുരം മേഖലകളിലെ വളവുകളാണ് നിരന്തരം ഗതാഗതത്തിന് ഭീഷണി ഉയര്‍ത്തുന്നത്. വല്ലകം സബ്‌സ്റ്റേഷനു മുന്നിലെ കൊടുംവളവ് നിരവധി അപകടങ്ങള്‍ക്കാണ് കാരണമായത്. രണ്ടാഴ്ച മുമ്പ്  ഇവിടെ കാര്‍ നിയന്ത്രണം വിട്ട് ഓടയിലേക്ക് തലകീഴായി മറിഞ്ഞിരുന്നു. വാഹനത്തിലുണ്ടായിരുന്നവര്‍ നിസാരപരുക്കുകളോടെ അല്‍ഭുതകരമായി രക്ഷപെടുകയായിരുന്നു.  ചാലപ്പറമ്പ് വളവില്‍ തലയോലപ്പറമ്പ് റോഡ് ആധുനികവല്‍കരിച്ചതിനെ തുടര്‍ന്ന് റോഡിന്റെ സമീപത്തെ മതില്‍ 10 തവണ വാഹനമിടിച്ചു തകര്‍ന്നിരുന്നു. അപകടത്തില്‍ പരുക്കേറ്റ മൂന്നുപേര്‍ ഇപ്പോഴും ചികില്‍സയിലാണ്. ഇതില്‍ ഒരാള്‍ സാധനങ്ങള്‍ വാങ്ങുവാന്‍ കടക്കുമുന്നില്‍ നില്‍ക്കുമ്പോഴാണ് നിയന്ത്രണം വിട്ട വാഹനം കടയിലേക്ക് ഇടിച്ചുകയറിയത്. ഇതിനുശേഷം അപകടങ്ങള്‍ കുറക്കുവാന്‍ ഇവിടെയും സിഗ്നല്‍ ലൈറ്റ് സ്ഥാപിച്ചിട്ടുണ്ട്.
എന്നാല്‍ ഇത് കാലപ്പഴക്കത്താല്‍ പ്രവര്‍ത്തനരഹിതമായി. വിവാദമായപ്പോള്‍ പൊതുമരാമത്ത് വകുപ്പ് അധികാരികള്‍ സിഗ്‌നല്‍ ലൈറ്റുകള്‍ ഇവിടെ നിന്നും എടുത്തുമാറ്റി. ഇപ്പോള്‍ ചാലപ്പറമ്പിലെ വളവിലും മറ്റും പുതിയ സിഗ്നല്‍ ലൈറ്റുകള്‍ സ്ഥാപിച്ചിട്ടുണ്ട്. എന്നാല്‍ വളവുകളില്‍ സിഗ്നല്‍ ലൈറ്റുകള്‍ ഒരുതരത്തിലുമുള്ള പ്രയോജനവും ഉണ്ടാക്കുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. കൊടുംവളവില്‍ ഇതൊന്നും ശ്രദ്ധിക്കാന്‍ പോലും അമിതവേഗതയില്‍ പാഞ്ഞെത്തുന്ന വാഹനങ്ങള്‍ക്ക് കഴിയാറില്ല. വൈക്കം-വെച്ചൂര്‍ റോഡിന്റെ പരിതാപകരമായ അവസ്ഥയും കൊടും വളവുകളും വലിയ കുഴപ്പങ്ങളാണ് ഉണ്ടാക്കുന്നത്. വലിയാനപ്പുഴ പാലം മുതല്‍ വെച്ചൂര്‍ വരെ വീതി കുറഞ്ഞ റോഡിലെ വളവുകള്‍ നിരന്തരം അപകട മേഖലയാണ്.
ഈ റോഡില്‍ ഉണ്ടായ അപകടങ്ങളില്‍പെട്ട് നിരവധി പേരാണ് മരണപ്പെട്ടിട്ടുള്ളത്. മാസങ്ങള്‍ക്കു മുമ്പ് വേരുവള്ളി ജങ്ഷനു സമീപം ടിപ്പറില്‍ തട്ടിവീണ വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം സംഭവിച്ചിരുന്നു. ചേര്‍ത്തല, ആലപ്പുഴ, വെച്ചൂര്‍ ഭാഗങ്ങളിലേക്കും വിനോദ സഞ്ചാരകേന്ദ്രമായ കുമരകത്തേക്കും ദിനംപ്രതി നൂറുകണക്കിന് വാഹനങ്ങളാണ് കടന്നുപോകുന്നത്. വളവിന്റെ വലിപ്പം അറിയാതെ മല്‍സരപ്പാച്ചിലിനിടയില്‍ ഓവര്‍ടേക്ക് ചെയ്യുന്നത് ഇരുചക്രവാഹന യാത്രക്കാര്‍ക്കും കാല്‍നട യാത്രക്കാര്‍ക്കും ഒരുപോലെ ഭീഷണിയുണ്ടാക്കുന്നുണ്ട്. റോഡിലെ വളവിനു ഇരുവശങ്ങളിലും പടര്‍ന്നു പന്തലിച്ചു റോഡിലേക്ക് ചാഞ്ഞുനില്‍ക്കുന്ന മരച്ചില്ലകളും മറ്റും യഥാസമയം വെട്ടിമാറ്റാന്‍ അധികാരികള്‍ തയ്യാറാകാത്തതും അപകടസാധ്യത വര്‍ധിപ്പിക്കുന്നു.
റോഡിന്റെ വശങ്ങളില്‍ സ്ഥാപിച്ചിരിക്കുന്ന നിരീക്ഷണ കാമറകള്‍ പ്രവര്‍ത്തന രഹിതമാണെന്ന് ആക്ഷേപവും ഉണ്ട്. വീതി കുറഞ്ഞ വൈക്കം വെച്ചൂര്‍ റോഡ് അന്തരാഷ്ട്ര നിലവാരത്തില്‍ പുനര്‍നിര്‍മിക്കുമെന്ന പ്രഖ്യാപനം വന്നിട്ട് നാളേറെയായെങ്കിലും നടപടികള്‍ ഒന്നുമായില്ല. റോഡ് വീതി കൂട്ടി വളവുകള്‍ ഒഴിവാക്കി കാല്‍നടയാത്രക്കാരുടെയും വാഹനയാത്രക്കാരുടെയും ജീവന് സുരക്ഷിതത്വം ഉറപ്പിക്കണമെന്നും വാഹനപ്പെരുപ്പം മൂലം ഇവിടെയുണ്ടാകുന്ന അപകടങ്ങള്‍ക്ക് അറുതി വരുത്തണമെന്നുമാണ് ജനകീയാവശ്യം.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss