|    Oct 19 Thu, 2017 3:03 pm
FLASH NEWS

വൈക്കത്ത് തൊഴിലുറപ്പ് പദ്ധതി നടത്തിപ്പ് പാളുന്നു

Published : 3rd September 2016 | Posted By: SMR

വൈക്കം: നിരവധി കുടുംബങ്ങള്‍ക്ക് ആശ്വാസമായിരുന്ന ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി വൈക്കത്ത് പാളുന്നു. വൈക്കം നിയോജക മണ്ഡലത്തില്‍ അധികൃതരുടെ ദീര്‍ഘവീക്ഷണമില്ലായ്മ പദ്ധതിയെ തകര്‍ക്കുകയാണ്. പണികള്‍ നടക്കുന്ന സ്ഥലങ്ങളില്‍ നടത്തിപ്പെല്ലാം തെറ്റായ രീതിയിലാണ് നടക്കുന്നത്.
നഗരസഭ, തലയാഴം പഞ്ചായത്തുകളിലാണ് ഏറ്റവും ഗുരുതരമായ വീഴ്ചകളുള്ളത്. രണ്ടുപേര്‍ ചെയ്യേണ്ട പണികള്‍ക്ക് 20ലധികം ആളുകള്‍ കൂടിയിരുന്ന് പണിയെടുക്കുന്ന സാഹചര്യമാണ് പലസ്ഥലങ്ങളിലും. സ്വകാര്യ വ്യക്തികളുടെ പുരയിടത്തില്‍ തന്നെ വര്‍ഷത്തില്‍ മൂന്നിലധികം തവണ പണികള്‍ നടക്കുന്നു. പുരയിടങ്ങളിലെ കാടും പുല്ലും വെട്ടിമാറ്റി ഇവിടെയെല്ലാം കപ്പയും വാഴയും പച്ചക്കറികളുമാണ് നട്ടുവളര്‍ത്തേണ്ടത്.
പണികള്‍ നടക്കുന്ന സമയത്തു മാത്രം പഞ്ചായത്തുകളില്‍ നിന്ന് ഉത്തരവാദിത്വപ്പെട്ടവര്‍ എത്തും. തുടര്‍ ജോലികള്‍ നിരീക്ഷിക്കാന്‍ അധികാരികള്‍ ആരും തന്നെ എത്താറില്ല.
ഇങ്ങനെ ലക്ഷകണക്കിനു തുകയാണ് പദ്ധതിയുടെ പേരില്‍ പാഴാവുന്നത്. തൊഴിലുറപ്പ് രംഗത്ത് എല്ലാ യൂനിയനുകളും ശക്തമാണ്.
ഇതിനാല്‍ ഇതിനെതിരേ പ്രതികരിക്കാന്‍ പലരും മടിക്കുകയാണ്. തൊഴിലുറപ്പ് പണികള്‍ക്ക് ദീര്‍ഘ വീക്ഷണം ഉറപ്പാക്കി കാര്യക്ഷമമായ രീതിയില്‍ പണികള്‍ നടത്തണം.
അല്ലാത്ത പക്ഷം വരും നാളുകളില്‍ തൊഴിലുറപ്പ് തൊഴിലാളികളും ഇതിലൂടെ നടത്തുന്ന പണികളും വെറും വഴിപാടായി മാറും. പഞ്ചായത്ത് പരിധിയില്‍ ആയിരക്കണക്കിന് ഏക്കര്‍ കൃഷിയിടങ്ങളാണ് തരിശായി കിടക്കുന്നത്. നഗരസഭയില്‍ നെല്‍കൃഷി നിലച്ചിട്ട് വര്‍ഷങ്ങള്‍ പിന്നിടുകയാണ്.
നഗരസഭാ പരിധിയിലുള്ള പാടശേഖരങ്ങളിലും സ്വകാര്യ വ്യക്തികള്‍ കൈയേറുന്ന പുറമ്പോക്കിലും വര്‍ഷങ്ങള്‍ക്ക് മുമ്പ് നഗര വികസനത്തിനു വേണ്ടി പണികഴിപ്പിച്ച ബീച്ചുമെല്ലാം വെറുതെ കിടന്നു നശിക്കുമ്പോള്‍ ഇവിടെയെല്ലാം പ്രയോജനപ്പെടുത്തേണ്ട തൊഴിലുറപ്പ് പദ്ധതിയെ അധികൃതര്‍ ശ്രദ്ധിക്കുന്നില്ല.
തലയാഴം പഞ്ചായത്തില്‍ തൊഴിലുറപ്പു പദ്ധതി വലിയ പ്രഹസനമായി മാറിക്കൊണ്ടിരിക്കുകയാണ്.
സ്വകാര്യ വ്യക്തിയുടെ 30 സെന്റില്‍ പണി ചെയ്യാന്‍ 20ലധികം പേരെയാണ് നിയോഗിച്ചിരിക്കുന്നത്. ഇതുപോലുള്ള പണികളാണ് പഞ്ചായത്തിലെ മിക്ക വാര്‍ഡുകളിലും നടക്കുന്നത്. തലയാഴം ഗ്രാമപ്പഞ്ചായത്തില്‍ തരിശുകിടക്കുന്ന പാടശേഖരങ്ങള്‍ കൃഷിയോഗ്യമാക്കാന്‍ പല നിര്‍ദേശങ്ങളും തൊഴിലുറപ്പു പദ്ധതിയിലൂടെ ഉയര്‍ന്നെങ്കിലും നടപടിയായിട്ടില്ല.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക