|    Jan 20 Fri, 2017 5:30 pm
FLASH NEWS

വൈക്കത്ത് തെരുവുനായ ശല്യം രൂക്ഷം

Published : 27th August 2016 | Posted By: SMR

വൈക്കം: തെരുവു നായ്ക്കളുടെ ശല്യം വൈക്കത്തെ ജനജീവിതത്തെ ദുരിതത്തിലാക്കുന്നു. നഗരത്തിലെ റോഡുകളിലും പോലിസ് സ്റ്റേഷനിലും ആശുപത്രി പരിസരങ്ങളിലും സത്യഗ്രഹ സ്മാരക മന്ദിരത്തിന്റെ കവാടത്തിനുള്ളിലുമെല്ലാം തെരുവ് നായ്ക്കള്‍ പെരുകുകയാണ്.
പോലിസ് സ്റ്റേഷനുമുന്നിലെ വെയ്റ്റിങ് ഷെഡ്ഡില്‍ തെരുവ് നായ്ക്കളുടെ ശല്യം വലിയ കുഴപ്പങ്ങളാണുണ്ടാക്കുന്നത്. കെഎസ്ആര്‍ടിസി ഡിപ്പോയ്ക്ക് സമീപം ഇരുള്‍ വീണാല്‍ 50ലധികം തെരുവ് നായ്ക്കളാണ് നിറയുന്നത്. സ്റ്റാന്‍ഡില്‍ തകരാറിലായി കിടന്ന ലോ ഫ്‌ളോര്‍ ബസ്സില്‍ പോലും തെരുവ് നായ്ക്കള്‍ പെറ്റുപെരുകി. പലപ്പോഴും യാത്രക്കാര്‍ തലനാരിഴയ്ക്കാണ് കടിയേല്‍ക്കാതെ രക്ഷപ്പെടുന്നത്. സന്ധ്യ മയങ്ങിയാല്‍ ഗ്രാമീണ മേഖലയിലെ റോഡുകളും തുറസായ സ്ഥലങ്ങളുമെല്ലാം തെരുവ് നായ്ക്കള്‍ കൈയടക്കും.
ചില സമയങ്ങളില്‍ ഇവയുടെ ആക്രമണരീതി സ്‌കൂള്‍ കുട്ടികള്‍ ഉള്‍പ്പെടെയുള്ളവരെ ഭീതിപ്പെടുത്തുന്നു. നഗരസഭ, തലയോലപ്പറമ്പ്, വെള്ളൂര്‍, തലയാഴം, മറവന്‍തുരുത്ത് പഞ്ചായത്തുകളിലാണ് തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷമായിട്ടുള്ളത്. വൈക്കം മഹാദേവ ക്ഷേത്രത്തില്‍ പുലര്‍ച്ചക്കും സന്ധ്യക്കും എത്തുന്ന വിശ്വാസികള്‍ക്ക് നേരെയും ഇവ ചീറിപ്പാഞ്ഞെത്താറുണ്ട്. മറവന്‍തുരുത്ത്, വെള്ളൂര്‍, തലയോലപ്പറമ്പ് പഞ്ചായത്തുകളില്‍ ഇരുചക്രവാഹന യാത്രക്കാര്‍ക്കും കാല്‍നട യാത്രക്കാര്‍ക്കുമാണ് തെരുവ് നായ്ക്കള്‍ കൂടുതല്‍ ബുദ്ധിമുട്ടുണ്ടാക്കുന്നത്.
അടിയം-വെട്ടിക്കാട്ട്മുക്ക്, വെള്ളൂര്‍-വെട്ടിക്കാട്ട്മുക്ക്, ഇറുമ്പയം-കല്ലുവേലി, മേവെള്ളൂര്‍-മടത്തേടം റോഡുകളെല്ലാം തെരവ് നായ്ക്കള്‍ കയ്യടക്കിയിരിക്കുകയാണ്.
തെരുവ് നായ്ക്കളുടെ പ്രശ്‌നം പഞ്ചായത്തുകളെ ഏറെ വലക്കുന്നുണ്ട്. പ്രശ്‌ന പരിഹാരം വൈകുന്നത് നാട്ടുകാരുടെ ഇടയില്‍ വലിയ പ്രതിഷേധത്തിന് ഇടയാക്കുന്നു.
ഇതിന് ശാശ്വത പരിഹാരം കണ്ടെത്താന്‍ സര്‍ക്കാര്‍ വന്ധ്യംകരണം ഉള്‍പ്പെടെ വിവിധ പദ്ധതികള്‍ കൊണ്ടുവന്നെങ്കിലും ഇവയൊക്കെ നടപ്പാക്കാന്‍ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് നിയമത്തിന്റെ വന്‍കടമ്പകള്‍ കടക്കേണ്ടിവരും. ഇതുതന്നെയാണ് തെരുവു നായ്ക്കളുടെ പ്രശ്‌നം പരിഹരിക്കാനുള്ള പ്രധാനതടസ്സം.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 45 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക