|    Oct 16 Tue, 2018 1:45 am
FLASH NEWS

വൈക്കത്ത് താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിലായി; മാലിന്യം റോഡിലൂടെ ഒഴുകി

Published : 19th September 2017 | Posted By: fsq

 

വൈക്കം: കഴിഞ്ഞ രണ്ടുദിവസമായി പെയ്യുന്ന മഴയില്‍ വൈക്കത്തെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിലായി. മണ്ഡലത്തിലെ വിവിധ റോഡുകളില്‍ വെള്ളം നിറഞ്ഞതോടെ കാല്‍നട യാത്ര പോലും ദുഷ്‌കരമായി. അതോടൊപ്പം വാഹനഗതാഗതവും സ്തംഭിച്ചു. വൈക്കം-ടിവി പുരം റോഡ്, കൊച്ചുകവല-ഹോസ്പിറ്റല്‍ റോഡ്, ഉള്‍നാടന്‍ റോഡുകള്‍ എന്നിവയും വെള്ളത്തില്‍ മുങ്ങി. താലൂക്ക് ആശുപത്രിയോടു ചേര്‍ന്ന് സ്വകാര്യ ബസ് സ്റ്റാന്റ് റോഡില്‍ മാലിന്യങ്ങള്‍ അടിഞ്ഞുകിടക്കുന്നത് മഴയത്ത് വെള്ളമെത്തിയതോടെ റോഡിലൂടെ ഒഴുകി നടക്കുന്ന അവസ്ഥയിലായതും യാത്രക്കാരെ ദുരിതത്തിലാഴ്ത്തി. ഇന്നലെ രാവിലെ മഴ കുറഞ്ഞെങ്കിലും കഴിഞ്ഞദിവസങ്ങളില്‍ പെയ്ത മഴയില്‍ മണ്ഡലത്തിലെ ഒട്ടുമിക്ക പ്രദേശങ്ങളും വെള്ളക്കെട്ടില്‍ തന്നെയാണ്.ഞായറാഴ്ച പുലര്‍ച്ചെയുണ്ടായ കനത്ത മഴയില്‍ വലിയമരം കടപുഴകി വീണ് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു. നഗരസഭ 26ാം വാര്‍ഡില്‍ മനയ്ക്കല്‍ചിറ ദേവയാനിയുടെ വീടാണ് തകര്‍ന്നത്. അപകടസമയത്ത് വീട്ടില്‍ ഉറങ്ങുകയായിരുന്ന കുടുംബാംഗങ്ങള്‍ പുറത്തേയ്ക്ക് ഓടി രക്ഷപ്പെട്ടു. വലിയ ശിഖരങ്ങള്‍ പതിച്ചതോടെ മേല്‍ക്കൂര പൂര്‍ണമായും തകര്‍ന്ന് വാസയോഗ്യമല്ലാതായി. വില്ലേജ് അധികൃതരെത്തി നാശനഷ്ടങ്ങള്‍ തിട്ടപ്പെടുത്തി. 50,000 രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്.കനത്ത മഴയില്‍ മണ്ണിടിഞ്ഞുവീണ് വീട് തകര്‍ന്നു. വീടിനുള്ളില്‍ അന്തിയുറങ്ങിയ നാലംഗകുടുംബം ദുരന്തത്തില്‍നിന്ന് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ഞായറാഴ്ച്ച രാത്രി 11.30ഓടെയുണ്ടായ മണ്ണിടിച്ചിലില്‍ വെള്ളൂര്‍ തോന്നല്ലൂര്‍ സ്രാങ്കുഴിയില്‍ സിജുമോന്റെ (32) വീടാണ് പൂര്‍ണമായും തകര്‍ന്നത്. കല്ലുകള്‍ വീണു കാലിനു പരിക്കേറ്റ സിജുമോന്‍ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സ തേടി. ആകെയുണ്ടായിരുന്ന ഷീറ്റിട്ട ചെറിയ വീടും തകര്‍ന്നതോടെ കൂലിപ്പണിക്കാരനായ സിജുവിന്റെ നിര്‍ധന കുടുംബത്തിനു തലചായ്ക്കാനിടമില്ലാത്ത സാഹചര്യമാണ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss