|    Oct 20 Sat, 2018 11:55 am
FLASH NEWS

വൈക്കത്ത് കഞ്ചാവ് മാഫിയയും ക്വട്ടേഷന്‍ സംഘങ്ങളും വിലസുന്നു

Published : 1st August 2016 | Posted By: SMR

വൈക്കം: കഞ്ചാവ് മാഫിയയും ക്വട്ടേഷന്‍ സംഘങ്ങളും മോഷ്ടാക്കളും നഗരത്തില്‍ അഴിഞ്ഞാടുമ്പോള്‍ വൈക്കത്തെ പോലിസിന് ശ്രദ്ധ വാഹന പരിശോധനയില്‍ മാത്രമെന്ന് ആക്ഷേപം.
ഹെല്‍മെറ്റ് ആണ് പ്രധാന ആയുധമെങ്കിലും ഇതു ധരിച്ചെത്തുന്ന ഇരുചക്ര വാഹനയാത്രക്കാരെ ലൈസന്‍സും മറ്റ് രേഖകളും ആവശ്യപ്പെട്ടു ബുദ്ധിമുട്ടിക്കുകയാണ്. ഇതെല്ലാം പരിശോധിച്ച ശേഷം അസഭ്യ വര്‍ഷവും ശകാരവും വേറെ. എഎസ്‌ഐ മുതല്‍ താഴെത്തട്ടിലുള്ള പോലിസുകാര്‍ക്കാണ് ഈ വിഷയത്തില്‍ കൂടുതല്‍ താല്‍പ്പര്യം. എറണാകുളം കവലയില്‍ നാലുവശവും വലിയ സന്നാഹമൊരുക്കി പോലിസുകാര്‍ യാത്രക്കാരെ ബുദ്ധിമുട്ടിക്കുകയാണ്. നഗരത്തിലൂടെ അമിത വേഗതയില്‍ ബൈക്കില്‍ പായുന്ന യുവാക്കളെ പോലിസ് കണ്ടില്ലെന്നു നടിക്കുന്നതായി ആക്ഷേപമുണ്ട്.
വാഹന വകുപ്പിന്റെ പരിശോധന സുതാര്യമാവുമ്പോള്‍ പോലിസുകാരുടെ പരിശോധനകള്‍ വലിയ പ്രതിഷേധമാണ് ഉണ്ടാക്കുന്നത്. പരിശോധന നടത്തുമ്പോള്‍ ആരെയും ഒന്നിന്റെയും പേരില്‍ ബുദ്ധിമുട്ടിക്കരുതെന്ന ഡിജിപിയുടെ നിര്‍ദേശത്തിനു വൈക്കത്തെ ജനമൈത്രി പോലിസ് പുല്ലുവിലയാണ് കല്‍പ്പിക്കുന്നത്. സിഐയും എസ്‌ഐയും ഈ വിഷയത്തില്‍ ഡിജിപിയുടെ നിര്‍ദേശത്തെ മാനിക്കുമ്പോള്‍ ചില പോലിസുകാര്‍ നടത്തുന്ന അതിക്രമങ്ങളാണ് പോലിസിന് ചീത്തപ്പേരുണ്ടാക്കുന്നത്.
എറണാകുളം കവലയിലും പോലിസ് സ്റ്റേഷനു മുന്നിലുമാണ് പരിശോധനയുടെ പേരില്‍ യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്നത്. പരിശോധനകള്‍ നടത്തുന്നതിനോട് ആര്‍ക്കും എതിര്‍പ്പില്ലെങ്കിലും പോലിസിന്റെ അപമര്യാദയായ പെരുമാറ്റം പ്രതിഷേധത്തിനിടയാക്കുന്നുണ്ട്. ഈ വിഷയത്തില്‍ ഡിവൈഎസ്പി അടിയന്തര ഇടപെടല്‍ നടത്തണമെന്നതാണ് യാത്രക്കാരുടെ ആവശ്യം.
അമിത വേഗതയ്ക്ക് അഞ്ചു തവണയിലധികം പോലിസും വാഹന വകുപ്പും കുടുക്കിയ ചില യുവാക്കള്‍ ഇപ്പോഴും നഗരത്തെ വിറപ്പിച്ച് പായുന്നത് സ്ഥിരം കാഴ്ചയാണ്.
പരിശോധന നടത്തുമ്പോള്‍ പോലിസുകാര്‍ കൈ കാണിച്ചാല്‍ പോലും ഇവര്‍ നിര്‍ത്താതെ പോവുന്നു. ഇതിനോടെല്ലാം മുഖം തിരിഞ്ഞുനില്‍ക്കുന്ന പോലിസാണ് എല്ലാ നിയമങ്ങളും അനുസരിക്കുന്ന സാധാരണക്കാരായ യാത്രക്കാരോട് മോശമായി പെരുമാറുന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss