|    Jul 19 Thu, 2018 3:29 pm
FLASH NEWS

വൈക്കത്തെ ട്രാഫിക് പരിഷ്‌കാരം ഗുണകരമല്ലെന്ന് ആക്ഷേപം

Published : 23rd September 2017 | Posted By: fsq

 

വൈക്കം: നഗരത്തിലെ ഗതാഗത പ്രശ്‌നങ്ങള്‍ക്കു പരിഹാരമായി നടപ്പാക്കിയ ട്രാഫിക് പരിഷ്‌കാരം ഗുണകരമല്ലെന്ന് ആരോപണം. പരിഷ്‌കാരം പടിഞ്ഞാറേനട മുതല്‍ ബോട്ട്‌ജെട്ടി വരെയുള്ള റോഡില്‍ യാതൊരു തരത്തിലുമുള്ള പ്രയോജനവുമുണ്ടാക്കുന്നില്ലെന്നു ആക്ഷേപമുയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ ദിവസം പോലിസ് സ്റ്റേഷനു മുന്നില്‍ അഞ്ചു മിനിട്ടോളം ബസ് ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ കുരുക്കില്‍പ്പെട്ടിരുന്നു. ദളവാക്കുളം ബസ് ടെര്‍മിനല്‍ പുതിയ പരിഷ്‌കാരം കൊണ്ട് ജനസാന്നിധ്യമുണ്ടാക്കിയപ്പോള്‍ വടക്കേനട വിജനമായി. ടൗണിലെ ഏറ്റവും പ്രധാന വിദ്യാലയമായ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഉള്‍പ്പെടെയുള്ള നിരവധി സര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്കു പോവുന്ന വിദ്യാര്‍ഥികളും ഉദ്യോഗസ്ഥരുമെല്ലാം വലിയ കഷ്ടപ്പാടിലാണ്. പരിഷ്‌കാരത്തിനെതിരേ കോണ്‍ഗ്രസ്സും സിപിഐയും സമരരംഗത്തുണ്ടെങ്കിലും ഇതൊന്നും ആരും ഗൗനിക്കുന്നില്ല. സിപിഐ സമരരംഗത്തില്ലെന്ന് ഒരു ഭാഗം ബാധിക്കുമ്പോള്‍ നഗരസഭയ്ക്കു മുന്നില്‍ ദിവസങ്ങള്‍ക്കു മുമ്പ് നടത്തിയ പ്രതിഷേധത്തില്‍ നിരവധി സിപിഐ നേതാക്കള്‍ പങ്കെടുത്തിരുന്നു. നഗരത്തിലെ കുരുക്കഴിക്കാന്‍ ദീര്‍ഘ വീക്ഷണമുള്ള പദ്ധതികള്‍ക്കാണു പ്രാധാന്യം നല്‍കേണ്ടത്. അല്ലാതെ ദളവാക്കുളത്തെ മാത്രം മുന്‍നിര്‍ത്തിയുള്ള പരിഷ്‌കാരം ഒരുതരത്തിലുമുള്ള പ്രയോജനവും ഉണ്ടാക്കുന്നില്ലെന്നാണ് ഇപ്പോഴത്തെ കാര്യങ്ങള്‍ സൂചിപ്പിക്കുന്നത്. ഇപ്പോഴത്തെ പരിഷ്‌കാരങ്ങളില്‍ നഗരസഭയ്ക്ക് ഒരു പ്രാധാന്യവും കല്‍പ്പിച്ചിട്ടില്ല. ഇവരറിയാതെയാണു ട്രാഫിക് പരിഷ്‌കാരം കൊണ്ടുവന്നതെന്നു പ്രതിപക്ഷം ആരോപിക്കുന്നു. അതുപോലെ നഗരത്തിലെ പ്രധാന വ്യാപാര കേന്ദ്രമായ കോവിലകത്തും കടവ് മാര്‍ക്കറ്റിനും ബുദ്ധിമുട്ടുകള്‍ ഉണ്ടായിട്ടുണ്ട്. പടിഞ്ഞാറേനട മുതല്‍ ഇപ്പോഴത്തെ സ്റ്റാന്‍ഡ് വരെ ബസ്സുകള്‍ ഇപ്പോഴും ഇഴഞ്ഞാണ് പോവുന്നത്. ഇതു രൂക്ഷമായ ഗതാഗതക്കുരുക്കാണ് ഉണ്ടാക്കുന്നത്. പോലിസ് സ്റ്റേഷന്‍ പോലും ഇതുമൂലം വലയുന്നു. വലിയ കവലയിലും ദീര്‍ഘനേരം ബസ്സുകള്‍ നിര്‍ത്തിയിടുന്നത് വലിയ ബ്ലോക്കാണ് സൃഷ്ടിക്കുന്നത്. ഗതാഗത നിയന്ത്രണത്തിനു നഗരത്തിന്റെ എല്ലാ പ്രധാന ഭാഗങ്ങളിലും ഹോം ഗാര്‍ഡുകളെ നിയമിച്ചിട്ടുണ്ടെങ്കിലും ഇവര്‍ക്കൊന്നും നിയന്ത്രിക്കാന്‍ പറ്റുന്ന കാര്യങ്ങളല്ല ഉള്ളത്. രാവിലെ സമയങ്ങളില്‍ കൊച്ചുകവല റോഡില്‍ അനുഭവപ്പെടുന്ന ഗതാഗതക്കുരുക്ക് വലിയ പ്രശ്‌നങ്ങളാണ് ഉണ്ടാക്കുന്നത്. സ്‌കൂള്‍ ബസ്സുകളും മറ്റ് വാഹനങ്ങളുമെല്ലാം നാലു ദിശകളില്‍ നിന്ന് ഒരുപോലെ എത്തുന്നതാണ് പ്രധാന പ്രശ്‌നം. അതുപോലെ പടിഞ്ഞാറെനട മുതല്‍ ബോട്ട്‌ജെട്ടി വരെയുള്ള റോഡില്‍ ജങ്കാറിലേക്കു പോവാന്‍ എത്തുന്ന ടിപ്പര്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങളും നഗരത്തെ വീര്‍പ്പുമുട്ടിക്കുന്നുണ്ട്. ഇതിനിടയില്‍ റോഡിലെ അനധികൃത പാര്‍ക്കിങ് കൂടി എത്തുന്നതോടെ നഗരത്തിലെത്തുന്ന കാല്‍നട യാത്രക്കാരുടെ അവസ്ഥ ദയനീയമാക്കുന്നു. സീബ്രാ ലൈനില്‍ കൂടി പോലും കാല്‍നട യാത്രക്കാര്‍ക്കു സഞ്ചരിക്കാന്‍ പറ്റാത്ത സാഹചര്യമാണ്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss