|    Oct 20 Fri, 2017 5:00 am

വൈക്കത്തെ കടത്തുകടവും വള്ളങ്ങളും തോണിക്കാരനും ഓര്‍മയാവുന്നു

Published : 9th August 2017 | Posted By: fsq

 

വൈക്കം: കടത്തുകടവും കടത്തുവള്ളങ്ങളും തോണിക്കാരനും ഓര്‍മയാവുന്നു. റോഡ് മാര്‍ഗവും വാഹന ഗതാഗതവും സുഗമമല്ലാത്ത ഒരു കാലത്ത് ജനങ്ങളുടെ പ്രധാന യാത്രാമാര്‍ഗമായിരുന്നു കടത്തു വള്ളങ്ങള്‍. കടത്തുകടവുകളുടെയും കടത്തുവള്ളങ്ങളുടെയും പ്രതാപം കുറയുമ്പോഴും ഇന്ന് ഒരു നൂറ്റാണ്ടിന്റെ കഥപറയുന്ന കടത്തുകടവുകള്‍ ഉണ്ട്. ചെമ്മനത്തുകര, ചെട്ടിമംഗലം, അക്കരപ്പാടം, തുരുത്തുമ്മേല്‍, മൂലേക്കടവ്, മണകുന്നം എന്നിവിടങ്ങളില്‍ പുഴയുടെ ഇരുവശങ്ങളിലുള്ളവരെ ഇന്നും അടുപ്പിക്കുന്നത് കടത്തുവള്ളങ്ങളാണ്. നിലവില്‍ കടത്തുവള്ളങ്ങളുള്ള സ്ഥലങ്ങളില്‍ പാലമോ, തൂക്കുപാലമോ വരണമെന്ന ആവശ്യം ശക്തമാണ്. എന്നാല്‍ ഇതിനുള്ള സാധ്യതകള്‍ വളരെ വിദൂരതയിലാണ്. അക്കരപ്പാടം കടത്തുകടവില്‍ പാലം വേണമെന്ന ആവശ്യത്തിനു ഒരു നൂറ്റാണ്ടിന്റെ പഴക്കമുണ്ട്. കടത്തുവള്ളങ്ങള്‍ക്കു പകരം പാലം വേണമെന്ന നാട്ടുകാരുടെ ആവശ്യം പ്രാധാന്യമുള്ളതു തന്നെയാണ്. എന്നാല്‍ എല്ലാ സ്ഥലങ്ങളിലും പാലവും തൂക്കുപാലവും യാഥാര്‍ഥ്യമാക്കാനുള്ള സാമ്പത്തിക ശേഷി കണ്ടെത്തുക പഞ്ചായത്തുകള്‍ക്കും സര്‍ക്കാരുകള്‍ക്കും വെല്ലുവിളിയാണ്. ഒരു നൂറ്റാണ്ടു കാലം ജനങ്ങളുടെ യാത്രാ മാര്‍ഗത്തില്‍ നിര്‍ണായക ശക്തിയായിരുന്ന കടത്തുകടവുകള്‍ ചരിത്ര സ്മാരകമായി നിലനിര്‍ത്തണമെന്ന ആവശ്യമാണ് ഇന്നു വിസ്മരിക്കപ്പെടുന്നത്. ഇതില്‍ ഏറ്റവും പ്രാധാന്യമേറിയ ചരിത്ര പശ്ചാത്തലമുള്ള കടത്തുകടവ് ഇതിഹാസ സാഹിത്യകാരന്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ നാട്ടിലുള്ള പാലാംകടവ് കടത്തുകടവാണ്.വര്‍ഷങ്ങള്‍ക്കു മുമ്പ് പാലാംകടവില്‍ പാലം യാഥാര്‍ഥ്യമായപ്പോള്‍ കടത്തുകടവിനെ എല്ലാവരും മറന്നു. കടത്തുകടവിനു മുന്നില്‍ ബഷീര്‍ സ്മാരകം ഉയര്‍ന്നപ്പോഴും ഈ കടത്തുകടവ് സംരക്ഷിക്കാന്‍ നടപടികള്‍ ഉണ്ടായില്ല. ഇപ്പോള്‍ കടത്തുകടവ് ഒരു കുളിക്കടവായി മാറിയിരിക്കുകയാണ്. കടത്തുവള്ളങ്ങള്‍ക്ക് പ്രാധാന്യമുള്ള കരിയാറിനു കുറുകെ കരിയാര്‍ സ്പില്‍വേയും, പൊട്ടന്‍ചിറ കടവില്‍ പാലവും വന്നു. വെള്ളൂര്‍ പഞ്ചായത്തിലെ ചെറുകരയിലും പാലം യാഥാര്‍ഥ്യമായി. അക്കരപ്പാടം, മൂലേക്കടവ്, ചെമ്പ് വാലേല്‍ എന്നിവിടങ്ങളില്‍ പാലം നിര്‍മാണത്തിനുള്ള നടപടികള്‍ അവസാന ഘട്ടത്തിലാണ്. ഇവിടങ്ങളില്‍കൂടി പാലം പൂര്‍ത്തിയാകുന്നതോടെ ഇവിടെയും കടത്തുവള്ളങ്ങള്‍ മണ്‍മറയും. പഴയകാലത്ത് കടത്തുവള്ളങ്ങളെ കരയിലേക്ക് ബന്ധിപ്പിക്കാന്‍ രാജഭരണ കാലത്ത് സ്ഥാപിച്ച കോണ്‍ക്രീറ്റ് സ്തൂപങ്ങള്‍ ഇന്നും വെട്ടിക്കാട്ടുമുക്ക് പാലത്തിനടിയില്‍ നിലകൊള്ളുന്നുണ്ട്. ഒരു നൂറ്റാണ്ടിന്റെ കഥപറയുന്ന കടത്തുകടവും വള്ളങ്ങളും തോണിക്കാരനും വരും തലമുറയ്ക്ക് ഒരു കാണാക്കാഴ്ചയായി മാറിയേക്കാം.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക