|    Mar 23 Fri, 2018 10:03 pm
FLASH NEWS

വൈക്കത്തെ അന്തിച്ചന്തകള്‍ ഓര്‍മയിലേക്ക്

Published : 7th August 2017 | Posted By: fsq

 

വൈക്കം: മണ്ണെണ്ണ വിളക്കിന്റെ തിരിനാളത്തില്‍ ആയിരങ്ങള്‍ ഒത്തുചേര്‍ന്നിരുന്ന വൈക്കത്തെ പ്രധാന വ്യാപാര കേന്ദ്രങ്ങളായിരുന്ന അന്തിച്ചന്തകള്‍ ഓര്‍മയിലേക്ക്. ഉദയനാപുരം ഗ്രാമപ്പഞ്ചായത്തിലെ പടിഞ്ഞാറേക്കര, നാനാടം, നഗരസഭയിലെ തോട്ടുവക്കം, വെള്ളൂര്‍ ഗ്രാമപ്പഞ്ചായത്തിലെ മേവെള്ളൂര്‍ മാര്‍ക്കറ്റ് എന്നീ അന്തിച്ചന്തകളാണ് ഇപ്പോള്‍ ഓര്‍മയായിരിക്കുന്നത്. വെള്ളൂരിലെയും പടിഞ്ഞാറെക്കരയിലെയും തോട്ടുവക്കത്തെയും മാര്‍ക്കറ്റ് പൂര്‍ണമായും നിലച്ചു. അന്തിച്ചന്തകള്‍ ഇപ്പോള്‍ നിലനില്‍ക്കുന്നത് തലയോലപ്പറമ്പ്, ഉല്ലല, അരയന്‍കാവ് ഭാഗങ്ങളിലാണ്. വൈക്കത്തു നിന്ന് കായല്‍ കടന്നു അക്കരയെത്തിയാല്‍ ചേര്‍ത്തലയുടെ വിവിധ പ്രദേശങ്ങളില്‍ ഇന്നും അന്തിച്ചന്തകള്‍ സജീവമാണ്. അന്തിച്ചന്തകളിലെ വ്യാപാരം നിലച്ചതോടെ വൈക്കത്തെ കാര്‍ഷിക മേഖലയിലും വലിയ കുഴപ്പങ്ങളാണ് ഉടലെടുത്തത്. പടിഞ്ഞാറെക്കര മാര്‍ക്കറ്റിന്റെ അവസ്ഥ ആരെയും ഈറനണിയിക്കുന്നതാണ്. ഇന്ന് മാര്‍ക്കറ്റിലേയ്ക്ക് എത്തിനോക്കിയാല്‍ അടഞ്ഞുകിടക്കുന്ന കടമുറികളും കാടുപിടിച്ച് കിടക്കുന്ന പരിസരവും നാടോടികളും തെരുവുനായ്ക്കളും വിഹരിക്കുന്ന കാഴ്ചയാണ്. നൂറ്റാണ്ടിന്റെ പഴക്കമുള്ള മാര്‍ക്കറ്റില്‍ ആദ്യകാലത്തൊക്കെ സന്ധ്യ മയങ്ങിയാല്‍ സാധനങ്ങള്‍ വാങ്ങാനെത്തുന്നവരുടേയും വില്‍പ്പന നടത്താന്‍ വരുന്നവരുടേയും വന്‍ തിരക്കായിരുന്നു. ചന്തയ്ക്കു സമീപം താമസിക്കുന്ന ആദ്യകാല കോണ്‍ഗ്രസ് നേതാവ് വൈക്കം ദേവരാജന് 85ാം വയസിലും പടിഞ്ഞാറെക്കരയുടെ അഭിമാനമായിരുന്ന അന്തിച്ചന്തയെ കുറിച്ച് പറയാന്‍ വാക്കുകള്‍ ഏറെയാണ്. മാര്‍ക്കറ്റിനു മരണമണി മുഴങ്ങിയതോടെ പടിഞ്ഞാറെക്കരയുടെ പ്രധാന്യവും നഷ്ടമായി. എറണാകുളം റോഡിലെ നാനാടത്ത് മാര്‍ക്കറ്റ് വന്നതോടെ പഞ്ചായത്തിനു മറ്റൊരു വരുമാന മാര്‍ഗമായി. ഇതോടെ പൂട്ടുവീണ പടിഞ്ഞാറേക്കര ചന്തയെ തള്ളാനും അധികാരികള്‍ക്ക് എളുപ്പമായി. ജലഗതാഗത സൗകര്യത്തിനു ഏറ്റവും അനുയോജ്യമായ സ്ഥലത്തു സ്ഥിതി ചെയ്തിരുന്ന ചേര്‍ത്തല, ആലപ്പുഴ, പള്ളിപ്പുറം, പൂത്തോട്ട, പറവൂര്‍ ഭാഗങ്ങളില്‍ നിന്ന് വള്ളത്തില്‍ കായല്‍, കടല്‍, പുഴ മല്‍സ്യങ്ങളുമായി നൂറുകണക്കിനു ആളുകളായിരുന്നു എത്തിയിരുന്നത്. അന്തിച്ചന്തയിലെ പ്രധാന കച്ചവടം മല്‍സ്യത്തിന്റേതായിരുന്നു. കയര്‍, തഴപ്പായ വിപണികളും സജീവമായിരുന്നു. ഇതിനു പുറമെ കപ്പ, പച്ചക്കറി, ഉണക്കമീന്‍, കുടംപുളി, പലചരക്ക്, നാടന്‍ ചായക്കടകള്‍ എന്നിവയെല്ലാം ചന്തയുടെ സവിശേഷതകളായിരുന്നു. കട്ടിയും ത്രാസിനും പകരം പങ്ക് കച്ചവടമായിരുന്നു ഇവിടെ കൂടുതലായി ഉണ്ടായിരുന്നത്. മാര്‍ക്കറ്റിന്റെ മധ്യഭാഗത്തു കൂടി കടന്നുപോയിരുന്ന വടയാര്‍ പാലമായിരുന്നു മാര്‍ക്കറ്റിലേയ്ക്കു പ്രധാനമായും ആളുകളെ എത്തിച്ചിരുന്നത്. പാലത്തില്‍ കൂടി വാഹനങ്ങളില്‍ പോവുന്നവരും കാല്‍നട യാത്ര ചെയ്യുന്നവരും മാര്‍ക്കറ്റില്‍ കയറാതെ പോവില്ലായിരുന്നു. എന്നാല്‍ കാലപ്പഴക്കത്താല്‍ ശോച്യാവസ്ഥയിലായ പാലത്തിനു പകരം പുതിയ പാലവും സമാന്തര റോഡും വന്നതോടെയാണ് ചന്തയുടെ പ്രാധാന്യം കുറയാന്‍ തുടങ്ങിയത്. മാര്‍ക്കറ്റില്‍ നിന്ന് ഉയരത്തില്‍ നിര്‍മിച്ച പാലത്തില്‍ കൂടി ഗതാഗതം ആരംഭിച്ചതോടെ ചന്തയുടെ പ്രധാന്യം നഷ്ടപ്പെട്ടു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss