|    Nov 21 Wed, 2018 9:22 pm
FLASH NEWS

വൈക്കം നഗരത്തിലെ ഗതാഗത പ്രശ്‌നങ്ങള്‍ക്ക് പരിഹാരം വൈകുന്നു

Published : 15th June 2017 | Posted By: fsq

 

വൈക്കം: നഗരത്തെ വീര്‍പ്പുമുട്ടിക്കുന്ന ഗതാഗത പ്രശ്‌നങ്ങള്‍ക്ക് പരിഹാരം വൈകുന്നു. നഗരസഭയുടെയും പോലിസിന്റെയും വാഹന വകുപ്പിന്റെയും പിടിപ്പുകേടാണ് വിലങ്ങുതടിയായിരിക്കുന്നത്. വാഹന വകുപ്പ് പദ്ധതി ആവിഷ്‌കരിച്ചാല്‍ തടസ്സമായി പോലിസ് എത്തും. അല്ലെങ്കില്‍ പ്രശ്‌നങ്ങള്‍ ഉന്നയിച്ച് നഗരസഭയും. കാരണം പ്രധാന റോഡുകള്‍ കടന്നുപോവുന്നതെല്ലാം ഓരോ വാര്‍ഡുകളിലൂടെയാണ്. വാര്‍ഡുകളിലെ ഗതാഗതക്കുരുക്കുകളില്‍ ഉത്തരവാദിത്തപ്പെട്ടവര്‍ ഇടപെട്ടാല്‍ അതാത് കൗണ്‍സിലര്‍മാര്‍ വീണ്ടും ജയിക്കണമെന്ന കാരണത്താല്‍ ഇതിനു തടയിടും. ഇതിനെല്ലാം മാറ്റമുണ്ടായാല്‍ മാത്രമേ വൈക്കത്തിന്റെ ഗതാഗത പ്രശ്‌നങ്ങള്‍ക്കു പരിഹാരമുണ്ടാവൂ. റീജ്യനല്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിട്ടി ഗതാഗത പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള പരിഷ്‌കാരങ്ങള്‍ക്ക് അനുമതി നല്‍കിയിരുന്നതായാണ് അറിയുന്നത്. ബസ് സ്റ്റോപ്പുകള്‍ പുനക്രമീകരിക്കുക, വണ്‍വേളകളിലും പാര്‍ക്കിങ്് നിരോധന മേഖലകളില്‍ ബോര്‍ഡുകള്‍ സ്ഥാപിക്കുക എന്നിവയെല്ലാം പരിഷ്‌കാരത്തിലുള്ളതാണ്. എന്നാല്‍ ഇതു സംബന്ധിച്ച് ഒരു നടപടിയും ഉണ്ടായില്ല. പരിഷ്‌കാരത്തിന്റെ ഭാഗമായുള്ള പ്രധാന നിര്‍ദേശം ദളവാക്കുളം ബസ് ടെര്‍മിനല്‍ പ്രവര്‍ത്തന ക്ഷമമാക്കുക എന്നതായിരുന്നു. എന്നാല്‍ ഇതു യാഥാര്‍ഥ്യമായിട്ടും ജനങ്ങളെ ബാധിക്കുന്ന ഗതാഗത പ്രശ്‌നങ്ങള്‍ക്ക് ഒരു മാറ്റമുണ്ടായിട്ടില്ല. നഗരത്തില്‍ സര്‍വീസ് തീരുന്ന ബസ്സുകള്‍ പടിഞ്ഞാറേനട, ബോട്ട്‌ജെട്ടി, പഴയ ബസ് സ്റ്റാന്‍ഡ് എന്നിവിടങ്ങളില്‍ യാത്രക്കാരെ ഇറക്കി ലിങ്ക് റോഡ് വഴി ദളവാക്കുളത്ത് എത്തണം. ദളവാക്കുളത്തു നിന്ന് സര്‍വീസ് തുടങ്ങുന്ന ബസ്സുകള്‍ തെക്കേനട, പടിഞ്ഞാറേനട, പഴയ സ്വകാര്യ ബസ് സ്റ്റാന്‍ഡ് വഴി പോവണം. ഒരു സ്റ്റോപ്പിലും അധികനേരം ബസ്സുകള്‍ പാര്‍ക്ക് ചെയ്യരുതെന്നും നിബന്ധനയുണ്ട്. എന്നാല്‍ ഇതു പ്രാവര്‍ത്തികമാക്കാന്‍ ഇതുവരെ വാഹന വകുപ്പിനും പോലിസിനും കഴിഞ്ഞിട്ടില്ല. പടിഞ്ഞാറേനട മുതല്‍ ഇപ്പോഴത്തെ സ്റ്റാന്‍ഡ് വരെ ബസ്സുകള്‍ ഇഴഞ്ഞാണ് പോവുന്നത്. ഇതു രൂക്ഷമായ ഗതാഗതക്കുരുക്കാണ് ഉണ്ടാക്കുന്നത്. പോലിസ് സ്റ്റേഷന്‍ പോലും ഇതുമൂലം വലയുന്നു. വലിയ കവലയിലും ദീര്‍ഘനേരം ബസ്സുകള്‍ നിര്‍ത്തിയിടുന്നത് വലിയ ബ്ലോക്കാണ് സൃഷ്ടിക്കുന്നത്. ഗതാഗത നിയന്ത്രണത്തിനു നഗരത്തിന്റെ എല്ലാ പ്രധാന ഭാഗങ്ങളിലും ഹോം ഗാര്‍ഡുകളെ നിയമിച്ചിട്ടുണ്ടെങ്കിലും ഇവര്‍ക്കും നിയന്ത്രിക്കാനാവാത്ത സ്ഥിതിയാണ്. വൈക്കത്തെ ഗതാഗതക്കുരുക്ക് സംബന്ധിച്ച് ജനങ്ങള്‍ നല്‍കിയ നിവേദനത്തിന്റെ അടിസ്ഥാനത്തില്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ വാഹന വകുപ്പിനു പരിഹാരമുണ്ടാക്കാന്‍ നിര്‍ദേശം നല്‍കിയെങ്കിലും ഒന്നും നടന്നില്ല. രാവിലെ സമയങ്ങളില്‍ കൊച്ചുകവല റോഡില്‍ അനുഭവപ്പെടുന്ന ഗതാഗതക്കുരുക്ക് വലിയ പ്രശ്‌നങ്ങളാണ് ഉണ്ടാക്കുന്നത്. സ്‌കൂള്‍ ബസ്സുകളും മറ്റ് വാഹനങ്ങളുമെല്ലാം നാല് ദിശകളില്‍ നിന്നും ഒരുപോലെയെത്തുന്നതാണു പ്രധാന പ്രശ്‌നം. ഇവിടെ ഹോംഗാര്‍ഡിനെ നിയോഗിച്ചിട്ടുണ്ടെങ്കിലും കുരുക്കില്‍ ഗാര്‍ഡ് പോലും വട്ടംകറങ്ങുന്ന അവസ്ഥയാണ്. ചില സമയങ്ങളില്‍ പോലിസ് വാഹനങ്ങളില്‍ ഇവിടെ എത്താറുണ്ടെങ്കിലും അവരുടെ ശ്രദ്ധ ഹെല്‍മെറ്റ് ഇല്ലാതെ പായുന്നവരുടെ മേലെയാണ്. ഇതുപോലുള്ള സമയങ്ങളില്‍ പോലിസ് ഉണരണമെന്നാണ് സ്‌കൂള്‍ അധികാരികളുടെ ആവശ്യം. അതുപോലെ പടിഞ്ഞാറേ നട മുതല്‍ ബോട്ട്‌ജെട്ടി വരെയുള്ള റോഡില്‍ ജങ്കാറിലേക്കു പോവാന്‍ എത്തുന്ന ടിപ്പര്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങളും നഗരത്തെ വീര്‍പ്പുമുട്ടിക്കുന്നുണ്ട്. ഇതിനിടയില്‍ റോഡിലെ അനധികൃത പാര്‍ക്കിങ് കൂടി എത്തുന്നതോടെ നഗരത്തിലെത്തുന്ന കാല്‍നട യാത്രക്കാരുടെ അവസ്ഥ ദയനീയമാക്കുന്നു. സീബ്രാ ലൈനില്‍ കൂടി പോലും കാല്‍നട യാത്രക്കാര്‍ക്കു സഞ്ചരിക്കാന്‍ പറ്റാത്ത സാഹചര്യമാണ്. സീബ്രാ ലൈനിലും ബസ് ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ നിര്‍ത്തിയിട്ട് ആളെ കയറ്റുന്നു. ഇവിടെയെല്ലാം ഉത്തരവാദിത്തപ്പെട്ട സംവിധാനങ്ങളുടെ അലംഭാവമാണ് തെളിയുന്നത്. നഗരസഭയ്ക്കു മുന്നിലുള്ള കച്ചവട സ്ഥാപനത്തിലേക്കെത്തുന്ന വാഹനങ്ങള്‍ ഇരുള്‍ വീണാല്‍ തോന്നുംപടിയാണ് കാര്യങ്ങള്‍ നടത്തുന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss