|    Jul 28 Fri, 2017 4:23 am
FLASH NEWS

വൈകി ഓടുന്ന ട്രെയിനുകള്‍ യാത്രകാര്‍ക്ക് ദുരിതമാവുന്നു

Published : 20th March 2017 | Posted By: fsq

 

കാഞ്ഞങ്ങാട്: ട്രെയിനുകള്‍ വൈകുന്നത് യാത്രക്കാര്‍ക്ക് ദുരിതമാകുന്നു. ജോലി ആവശ്യത്തിനും ബിസിനസ് ആവശ്യത്തിനും പഠനത്തിനുമായി ട്രെയിനിനെ ആശ്രയിക്കുന്ന യാത്രക്കാര്‍ക്കാണ് ട്രെയിനുകള്‍ വൈകുന്നത് കൊണ്ട് ഏറെ ദുരിതം.
മംഗളൂരു സെന്‍ട്രല്‍ സ്‌റ്റേഷനില്‍ ഡബിള്‍ ലൈന്‍ പണി, ചെറുവത്തൂര്‍ മുതല്‍ മംഗളൂരു വരെയുള്ള വൈദ്യുതീകരണം, ഷൊര്‍ണൂര്‍ ജങ്ഷനിപ്പുറം നടക്കുന്ന ആറ്റകുറ്റ പണികള്‍ എന്നിവയാണ് റെയില്‍വേ അധികൃതര്‍ ഇതിന് ഇതുവരെ കാരണം പറഞ്ഞിരുന്നത്. എന്നാല്‍ ചെറുവത്തൂര്‍ വൈദ്യുതീകരണം പൂര്‍ത്തിയായി പരീക്ഷണ ഓട്ടവും നടത്തികഴിഞ്ഞു. എന്നിട്ടും ട്രെയിനുകളുടെ വൈകിയോട്ടത്തിന് മാറ്റമൊന്നും വന്നിട്ടില്ല.
അതു പോലെ മംഗളൂരു സെന്‍ട്രലിലെ ലൈന്‍ വലി വൈകീട്ട് എഴുമണി കഴിഞ്ഞ് മാത്രമേ നടത്തുകയുള്ളൂ എന്നും അതിനാല്‍ രാത്രി ചെന്നൈയിലേക്കുള്ള വെസ്റ്റ്‌കോസ്റ്റ എക്‌സ്പ്രസ്, തിങ്കള്‍, ബുധന്‍, ശനി തുടങ്ങി മൂന്ന് ദിവസങ്ങളിലായി സെന്‍ട്രലില്‍ നിന്ന് പുറപ്പെടുന്ന കാച്ചെഗുഡെ, യശ്വന്ത്പുര എക്‌സ്പ്രസ് എന്നിവ മാത്രം അരമണിക്കൂര്‍ വൈകിയോടും എന്ന് മാത്രമാണ് അറിയിപ്പ് ഉണ്ടായിരുന്നത്. എന്നാല്‍ രാവിലെ തിരുവനന്തപുരത്ത് നിന്ന് മംഗളൂരു സെട്രലിലേക്ക് വരുന്ന മിക്കവാറും ദീര്‍ഘദുര ട്രെയിനുകളും കഴിഞ്ഞ കുറച്ചു മാസങ്ങളായി യാതൊരു സമയക്രമവും പാലിക്കാതെയാണ് സര്‍വീസ് നടത്തുന്നത്. തിരുവനന്തപുരം-മംഗളൂരു എക്‌സ്പ്രസ്, തിരുവനന്തപുരം-മംഗളൂരു മലബാര്‍ എക്‌സ്പ്രസ് തുടങ്ങിയ ട്രെയിനുകള്‍ സ്ഥിരം ഒന്നരമണിക്കൂറുകളോളം വൈകിയാണ് ഓടുന്നത്.
അന്വേഷിച്ചപ്പോള്‍ ഷൊര്‍ണ്ണൂറിനടുത്ത് ലൈന്‍ ആറ്റകുറ്റ പണി നടക്കുന്നതിനാലാണ് ട്രെയിനുകള്‍ വൈകുന്നതെന്ന മറുപടി ലഭിക്കുന്നത്. ഷൊര്‍ണൂരില്‍ ആറ്റകുറ്റപണി നടക്കുന്നതിന് കോഴിക്കോടും കണ്ണൂരും ഉള്ള യാത്രക്കാര്‍ എന്തു പിഴച്ചു എന്നാണ് യാത്രക്കാരുടെ ചോദ്യം.
ബൈന്ദൂരില്‍ നിന്ന് പുറപ്പെടുന്ന കണ്ണൂര്‍ ലോക്കലിന്റെ അവസ്ഥയും പരിതാപകരമാണ്. കണ്ണൂര്‍-മംഗളൂരു റൂട്ടിലോടുന്ന മിക്കവാറും ട്രെയിനുകളും വൈകുന്നതെന്തെന്ന് ചോദിച്ചപ്പോള്‍.
സിഗ്‌നല്‍ തകരാറാണ് എന്നാണ് റെയില്‍വേ സ്‌റ്റേഷനുകളില്‍ നിന്ന് ലഭിക്കുന്ന വിവരം. ട്രെയിനുകള്‍ വര്‍ധിച്ചുവെങ്കിലും സമയക്രമത്തില്‍ വലിയ മാറ്റങ്ങളൊന്നുമില്ലെന്ന് റെയില്‍വേ ജീവനക്കാര്‍ പറയുന്നു.
മറ്റു സാങ്കേതിക സംവിധാനങ്ങളും കുറവാണ്. മണിക്കൂറുകള്‍ വൈകിയുള്ള ട്രെയിനുകളുടെ ഓട്ടം നേരെയാക്കാന്‍ പാലക്കാട് റെയില്‍വേ ഡിവിഷന്‍ അടിയന്തിരമായി ഇടപെടണമെന്നാണ് യാത്രക്കാരുടെ ആവശ്യം.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക