|    Mar 26 Sun, 2017 1:25 am
FLASH NEWS

വൈകിവന്ന വിട

Published : 11th August 2016 | Posted By: SMR

ഫെര്‍ഡിനാന്‍ഡ് മാര്‍ക്കോസ് ഫിലിപ്പീന്‍സിലെ ഏകാധിപതിയായിരുന്നു. ദുര്‍ഭരണം സഹിക്കവയ്യാതെ ജനം കലാപം നടത്തിയതോടെ 1986ല്‍ കക്ഷിക്ക് നാടുവിട്ട് ഓടേണ്ടി വന്നു. നാട്ടില്‍ നിന്നു കടത്തിയ ദശലക്ഷത്തിലേറെ ഡോളര്‍ സമ്പാദ്യവും സ്വര്‍ണരത്‌ന ശേഖരവും ഒക്കെയായി ഹവായി ദ്വീപിലാണ് പിന്നീട് അദ്ദേഹം കഴിഞ്ഞുകൂടിയത്. മൂന്നു വര്‍ഷത്തിനു ശേഷം അവിടെ വച്ചു മരിക്കുകയും ചെയ്തു.
മാര്‍ക്കോസിന്റെ കുടുംബം അദ്ദേഹത്തെ ഫിലിപ്പീന്‍സിലെ ദേശീയ നേതാക്കളുടെയും യുദ്ധവീരന്‍മാരുടെയും സെമിത്തേരിയില്‍ സംസ്‌കരിക്കണമെന്ന് ആവശ്യപ്പെട്ടു. പക്ഷേ, രാജ്യത്ത് അദ്ദേഹത്തിന്റെ പീഡനം നേരിടേണ്ടിവന്ന ആയിരക്കണക്കിന് ആളുകളും അദ്ദേഹത്തിന്റെ പീഡന കേന്ദ്രങ്ങളില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങളും പ്രതിഷേധിച്ചതോടെ ആ പരിപാടി നടന്നില്ല. കുടുംബക്കാരാവട്ടെ അദ്ദേഹത്തെ വേറെ എവിടെയെങ്കിലും സംസ്‌കരിക്കാന്‍ തയ്യാറായതുമില്ല. 1993ല്‍ മൃതദേഹം ഫിലിപ്പീന്‍സിലേക്ക് തിരിച്ചു കൊണ്ടുവന്ന് മാനിലയ്ക്കു 500 കിലോമീറ്റര്‍ വടക്ക് ബടാക് എന്ന നഗരത്തില്‍ ഒരു മ്യൂസിയത്തില്‍ സൂക്ഷിക്കുകയായിരുന്നു.
അങ്ങനെ കഴിഞ്ഞ 27 വര്‍ഷമായി മാര്‍ക്കോസ് കിടക്കുകയാണ്; അന്ത്യവിശ്രമത്തിനു യുദ്ധ വീരന്മാരുടെ ഇടയില്‍ സ്ഥലം തേടി. ഈയിടെ അധികാരത്തിലെത്തിയ പുതിയ പ്രസിഡന്റ് റോഡ്രിേഗാ ദുതെര്‍തെ അദ്ദേഹത്തിന് അവിടെ ശവകുടീരം ഉണ്ടാക്കാമെന്ന് ഇപ്പോള്‍ സമ്മതിച്ചിരിക്കുകയാണ്. സപ്തംബര്‍ 18ന് അദ്ദേഹത്തെ ഔദ്യോഗിക ബഹുമതികളോടെ യാത്രയാക്കും.
രാജ്യത്തിന്റെ ഐക്യം കാത്തുസൂക്ഷിക്കാനാണ് ഏകാധിപതിയെ യാത്രയാക്കുന്നതെന്ന് പ്രസിഡന്റ് പറയുന്നു. പക്ഷേ, നാട്ടില്‍ മാര്‍ക്കോസിന്റെ പീഡനകാലത്തിന്റെ ഓര്‍മകള്‍ നിലനില്‍ക്കുകയാണ്.

(Visited 90 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക