|    Jan 24 Tue, 2017 12:56 pm
FLASH NEWS

വേളി മാലിന്യക്കൂമ്പാരമായി മാറുന്നു; അടിസ്ഥാനസൗകര്യങ്ങളും അപര്യാപ്തം

Published : 26th September 2016 | Posted By: SMR

തിരുവനന്തപുരം: തലസ്ഥാനത്തെ പ്രധാന വിനോദകേന്ദ്രങ്ങളിലൊന്നായ വേളി ടൂറിസ്റ്റ് വില്ലേജ് മാലിന്യക്കൂമ്പാരമായി മാറുന്നു. നഗരത്തിലെ കോഴിക്കടകളില്‍ നിന്നുള്ള മാലിന്യം തള്ളുന്നതു വേളി പാലത്തില്‍ നിന്നാണ്. ബോട്ടിങ് സ്ഥലങ്ങളില്‍ പോള അടിയുന്ന പ്രശ്‌നം കുറഞ്ഞപ്പോഴാണു കോഴിമാലിന്യവും പ്ലാസ്റ്റിക് മാലിന്യവും കൊണ്ട് മലിനീകരണം ഉണ്ടാവുന്നത്.
ബോട്ടിങും കടല്‍ക്കാറ്റും സാഹസിക വിനോദങ്ങളും കോര്‍ത്തിണക്കിയുള്ള വിനോദസഞ്ചാര വികസനത്തിന് ഇപ്പോള്‍ തടസ്സം മാലിന്യക്കൂമ്പാരമാണെന്നു ജീവനക്കാര്‍ സാക്ഷ്യപ്പെടുത്തുന്നു. നഗരത്തിലെ കോഴിക്കടകളില്‍ നിന്നുള്ള മാലിന്യം മുമ്പ് തള്ളിയിരുന്നത് ആക്കുളം പാലത്തിനു സമീപമായിരുന്നു. പുതിയ പാലത്തിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ രാത്രിയില്‍ അവിടെ ജോലിക്കാരുടെ സാന്നിധ്യമുണ്ട്. അതിനാലാണു കോഴിക്കട മാലിന്യങ്ങള്‍ നിക്ഷേപിക്കാന്‍ വേളി പാലത്തിന്റെ വശങ്ങള്‍ ഇവര്‍ തിരഞ്ഞെടുത്തത്. പാലത്തില്‍ നിന്നു താഴേക്കു തള്ളുന്ന മാലിന്യം വെള്ളമൊഴുക്കു കൂടുമ്പോള്‍ പൊഴിക്കരയിലേക്കും ബോട്ട് ലാന്‍ഡിങ് കേന്ദ്രങ്ങളിലേക്കും അടിയുന്നു. ഇതും പ്ലാസ്റ്റിക് കുപ്പികളും പെറുക്കി മാറ്റുകയാണു ജീവനക്കാരുടെ ഇപ്പോഴത്തെ പ്രധാന ജോലി.
ഗ്രീന്‍ കാര്‍പറ്റ് പദ്ധതിയില്‍പ്പെടുത്തി ജില്ലയിലെ ഒമ്പതു കേന്ദ്രങ്ങളിലെ വിനോദസഞ്ചാര സൗകര്യം വികസിപ്പിക്കാനുള്ള പട്ടികയില്‍ വേളിയും ഉള്‍പ്പെട്ടിട്ടുണ്ടെങ്കിലും ഇത് എങ്ങനെ പ്രാവര്‍ത്തികമാക്കാം എന്ന ആശങ്കയിലാണ് അധികൃതര്‍. വേളിയെ രാജ്യാന്തര ടൂറിസം മേഖലയാക്കാന്‍ 5,500 കോടിയുടെ പദ്ധതി നിര്‍ദേശമെല്ലാം മുന്‍ സര്‍ക്കാരിന്റെ കാലത്തു സമര്‍പ്പിച്ചിരുന്നെങ്കിലും ഭാരിച്ച ചെലവ് കാരണം അതെല്ലാം വെറും സ്വപ്‌നമായി അവശേഷിക്കുമെന്ന് അധികൃതര്‍ തന്നെ വ്യക്തമാക്കുന്നു.
വേളിക്കു പുറമെ, ആക്കുളം, നെയ്യാര്‍ ഡാം, അരുവിക്കര, കാപ്പില്‍, ശംഖുംമുഖം, കോവളം, പൊന്മുടി, കനകക്കുന്ന് കൊട്ടാരം എന്നീ കേന്ദ്രങ്ങളാണു ജില്ലയില്‍ ഗ്രീന്‍ കാര്‍പറ്റ് പദ്ധതിയില്‍പ്പെടുത്തിയത്. വിനോദസഞ്ചാര സീസണ്‍ തുടങ്ങും മുമ്പ് ഈ കേന്ദ്രങ്ങളിലെ അടിസ്ഥാനസൗകര്യങ്ങള്‍ വികസിപ്പിക്കുകയും സഞ്ചാരി സൗഹൃദമാക്കുകയുമാണു പദ്ധതിയുടെ ലക്ഷ്യം.
വേളിയില്‍ ഇപ്പോള്‍ പ്രാഥമികാവശ്യങ്ങള്‍ക്കും മികച്ച സൗകര്യമില്ല. വഴിവിളക്കുകളില്‍ ഒന്നിലും ബള്‍ബ് ഇല്ലാത്തതിനാല്‍ രാത്രിയില്‍ ഇരുട്ടുമൂടുന്ന നിലയിലാണ്. കായലിനോടു ചേര്‍ന്നു നടപ്പാതകള്‍ നിര്‍മിച്ചിട്ടുണ്ടെങ്കിലും ഇത് ഏറ്റവും അപകടമുണ്ടാക്കുന്നതാണെന്നു ജീവനക്കാര്‍ ചൂണ്ടിക്കാട്ടുന്നു. കൈവരികള്‍ നിര്‍മിക്കാത്തതാണ് അപകടകാരണമാവുന്നത്. ടൂറിസ്റ്റ് വില്ലേജില്‍ കുടിവെള്ള ലഭ്യതയും കുറവാണ്. കുപ്പിവെള്ളം നല്‍കുന്നുണ്ടെങ്കിലും ഉപയോഗിച്ച ശേഷം പ്ലാസ്റ്റിക് കുപ്പികള്‍ വലിച്ചെറിയുന്നതു പരിസ്ഥിതി പ്രശ്‌നങ്ങളുണ്ടാക്കുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 30 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക