|    May 29 Mon, 2017 9:01 pm
FLASH NEWS

വേളി പൊഴിയെ അഴിയാക്കും: 23.5 കോടിയുടെ പദ്ധതി

Published : 25th August 2016 | Posted By: SMR

തിരുവനന്തപുരം: പാര്‍വതീ പുത്തനാറില്‍ കെട്ടിക്കിടക്കുന്ന മാലിന്യങ്ങളെ കടലിലേക്ക് ഒഴുക്കിക്കളയുന്നതിനും തലസ്ഥാനത്തെ വെള്ളക്കെട്ടിനെ നിയന്ത്രിക്കാനും വേളി പൊഴിയെ അഴിയാക്കാന്‍ സര്‍ക്കാര്‍ തീരുമാനം. പരിസ്ഥിതി അനുമതി ലഭ്യമായതോടെയാണു പൊഴിമുഖം അഴിയാക്കുന്ന പദ്ധതിക്കു തുടക്കമാവുക.
അഴിമുഖം പൂര്‍ത്തിയാവുന്നതോടെ വേളി കായല്‍, പാര്‍വതീ പുത്തനാര്‍ എന്നിവയുടെ സ്വാഭാവികസ്ഥിതിക്ക് മാറ്റംവരുത്താനാവുമെന്നാണു പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത്. വേളി കായലിന്റെ അവസാന ഭാഗത്ത് കായല്‍ സന്ധിക്കുന്ന ഭാഗത്താണ് അഴിമുഖം നിര്‍മിക്കുക. 23.5 കോടി രൂപയ്ക്കാണു പദ്ധതി പൂര്‍ത്തിയാവുക. ദര്‍ഘാസ് നടപടികള്‍ പൂര്‍ത്തിയായാല്‍ അഴിമുഖത്തിന്റെ നിര്‍മാണം ആരംഭിക്കുമെന്നു തുറമുഖ വകുപ്പ് എന്‍ജിനീയറിങ് വിഭാഗം പറഞ്ഞു. കടലും വേളി കായലും സന്ധിക്കുന്ന ഭാഗത്ത് ഇരുവശങ്ങളിലുമായി 220 മീറ്റര്‍ നീളം വീതമുള്ള രണ്ടു പുലിമുട്ടുകള്‍ നിര്‍മിക്കും. വെള്ളത്തിന്റെ ഒഴുക്കു സുഗമമാക്കുന്ന തരത്തിലാണു പുലിമുട്ട് നിര്‍മിക്കുക.
ഓരോ സീസണിലും പൊഴിക്കര ഭാഗത്തു മണ്ണടിയുമ്പോള്‍ ഉണ്ടാവുന്ന മണല്‍ക്കൂനയെ ഇറിഗേഷന്‍ വിഭാഗത്തിന്റെ നേതൃത്വത്തിലാണു നീക്കുക. കായലിലെ വെള്ളം കടലിലേക്ക് ഒഴുകിപ്പോവാനാണ് ഇത്തരം സംവിധാനം ഒരുക്കുക. ഇതിന് ഒരു സ്ഥിരം സംവിധാനം നടപ്പാക്കുന്നതിനാണ് അഴിമുഖം നിര്‍മിക്കുക.
ഇതു സാധ്യമാവുന്നതോടെ കടലില്‍ നിന്ന് കായലിലേക്ക് ഉപ്പുവെള്ളം കയറുകയും ചെയ്തു. ഇതിലൂടെ ആറിലെ അമ്ലത്വം കുറയും. ഓക്‌സിജന്റെ അളവ് കൂടും. ഇത് മല്‍സ്യസമ്പത്തു വര്‍ധിപ്പിക്കാനും ഇടയാക്കുമെന്നാണു പഠനത്തി ല്‍ കണ്ടെത്തിയിരിക്കുന്നത്. വേളി പൊഴിയെ അഴിയാക്കുന്ന പദ്ധതി 2017 ഡിസംബറോടെ തുടങ്ങുമെന്നാണു സൂചന. ആക്കുളത്ത് നിന്നു വേളിയിലേക്ക് ബോട്ട് സര്‍വീസ് നടത്താനായി സര്‍ക്കാര്‍ തീരുമാനമുണ്ട്.
ഇതിന് ആക്കുളം കായലും വേളി കായലും ശുദ്ധീകരിക്കേണ്ടതുണ്ട്. അഴിമുഖം പദ്ധതി നടപ്പാവുന്നതോടെ വര്‍ഷത്തില്‍ മൂന്നുതവണ പൊഴി മുറിക്കുന്ന ചെലവ് ഇനി വേണ്ടിവരില്ല. വെള്ളത്തിന്റെ ഒഴുക്കു തടസ്സപ്പെടില്ല. എന്നാല്‍ പൊഴിക്കരയില്‍ നിന്നു കടലിലേക്കു രണ്ട് പുലിമുട്ടുകള്‍ നിര്‍മിക്കുമ്പോള്‍ പൊഴിയുടെ വടക്കു ഭാഗത്ത് തീരശോഷണം സംഭവിക്കാം. ഇതിന് പരിഹാരം കാണാനുള്ള പദ്ധതിയുമുണ്ടെന്ന് എന്‍ജിനീയറിങ് വിഭാഗം പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day