|    Apr 25 Wed, 2018 2:26 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

വേളത്ത് വീണ്ടും ലീഗ് ആക്രമണം; എസ്ഡിപിഐ നേതാവിന്റെ വീട് കത്തിച്ചു

Published : 18th July 2016 | Posted By: SMR

വടകര: വേളത്ത് വ്യക്തിവൈരാഗ്യത്തിന്റെ പേരില്‍ യൂത്ത്‌ലീഗ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ മൂന്നാം ദിവസവും മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍ ആക്രമണങ്ങള്‍ അഴിച്ചുവിട്ടു. ഇന്നലെ വൈകീട്ട് എസ്ഡിപിഐ വേളം പഞ്ചായത്ത് സെക്രട്ടറി മുഹമ്മദ് മുഹ്‌സിന്റെ വീടിന് ഒരു സംഘം തീയിട്ടു. ഇദ്ദേഹത്തിന്റെ ബൈക്ക് കഴിഞ്ഞ ദിവസം ലീഗ് പ്രവര്‍ത്തകര്‍ അഗ്നിക്കിരയാക്കിയിരുന്നു.
വേളം പെരുവയല്‍ എസ്ഡിപിഐ പ്രവര്‍ത്തകനായ ആറങ്ങാട് റഊഫിന്റെ വീടിനോട് ചേര്‍ന്ന വിറകുപുര ഇന്നലെ ഒരു സംഘം കത്തിച്ചു. പോപുലര്‍ ഫ്രണ്ട് ഏരിയാ പ്രസിഡന്റ് ഒ ടി റഹീമിന്റെ വസതിയില്‍ അതിക്രമിച്ചു കയറിയ 20ഓളം ലീഗ് പ്രവര്‍ത്തകര്‍ വീട്ടിലുണ്ടായിരുന്ന സ്ത്രീകളെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചതായി പരാതിയുണ്ട്. യുവാവിന്റെ മരണത്തില്‍ പ്രതിഷേധിച്ച് പ്രകടനം നടത്തിയ ലീഗ് പ്രവര്‍ത്തകര്‍ വേളത്തും പരിസരങ്ങളിലും പോപുലര്‍ ഫ്രണ്ടിന്റെയും എസ്ഡിപിഐയുടെയും പതാകകളും കൊടിമരങ്ങളും വ്യാപകമായി നശിപ്പിച്ചു.
അതിനിടെ യൂത്ത്‌ലീഗ് പ്രവര്‍ത്തകന്‍ നസീറുദ്ദീന്‍ കുത്തേറ്റുമരിച്ച കേസില്‍ അറസ്റ്റിലായ രണ്ടു പ്രതികളെ നാദാപുരം ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റിന്റെ വസതിയില്‍ ഹാജരാക്കി രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു. ഒന്നാം പ്രതി വേളം ഹയര്‍സെക്കന്‍ഡറി സ്‌കൂളിനു സമീപം താമസിക്കുന്ന കപ്പച്ചേരി ബഷീര്‍, രണ്ടാം പ്രതി വലകെട്ട് കൊല്ലിയില്‍ അന്ത്രു എന്നിവരെയാണ് ഇന്നലെ കോടതിയില്‍ ഹാജരാക്കിയത്.
പ്രതികളെ സംഭവസ്ഥലത്തു കൊണ്ടുപോയി ഇന്നലെ തെളിവെടുത്തു. കൊലയ്ക്കുപയോഗിച്ച ആയുധവും വസ്ത്രങ്ങളും കണ്ടെടുത്തതായി കുറ്റിയാടി സിഐ പറഞ്ഞു.
കപ്പച്ചേരി ബഷീറിനെ സസ്‌പെന്‍ഡ് ചെയ്തു
കോഴിക്കോട്: കുറ്റിയാടി വേളത്ത് നസീറുദ്ദീന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ആരോപണ വിധേയനായ കപ്പച്ചേരി ബഷീറിനെ അന്വേഷണ വിധേയമായി പാര്‍ട്ടിയില്‍ നിന്നു സസ്‌പെന്റ് ചെയ്തതായി എസ്ഡിപിഐ കോഴിക്കോട് ജില്ലാ പ്രസിഡന്റ് മുസ്തഫ കൊമ്മേരി അറിയിച്ചു.
വ്യക്തിപരമായ പ്രശ്‌നങ്ങളാണെങ്കിലും പ്രവര്‍ത്തകന്‍ എന്ന നിലയില്‍ പാര്‍ട്ടി ഉയര്‍ത്തിപ്പിടിക്കുന്ന ഉന്നത മൂല്യങ്ങള്‍ക്കും നയസമീപനങ്ങള്‍ക്കും കോട്ടം സംഭവിക്കും വിധം അത്യാഹിതം സംഭവിച്ചത് ദൗര്‍ഭാഗ്യകരമാണ്. യഥാര്‍ഥത്തില്‍ എന്താണ് സംഭവിച്ചതെന്ന് പോലിസ് അന്വേഷണം നടത്തി ജനങ്ങളെ ബോധ്യപ്പെടുത്തണം. സംഭവത്തില്‍ നിഷ്പക്ഷമായ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണം.
വ്യക്തിപരമായ പ്രശ്‌നങ്ങളെ ഒരു കാരണവശാലും രാഷ്ട്രീയവല്‍ക്കരിച്ച് അക്രമങ്ങള്‍ക്ക് പ്രോല്‍സാഹനമേകരുത്. നാടിന്റെ സമാധാനത്തിനും മനുഷ്യന്റെ ജീവനും സ്വത്തിനും ഹാനികരമാവുന്ന നിലപാട് എസ്ഡിപിഐ അംഗീകരിക്കുന്നില്ല. സംഭവത്തില്‍ തികച്ചും വ്യക്തിപരമായ പ്രശ്‌നത്തില്‍ എസ്ഡിപിഐക്ക് യാതൊരു പങ്കുമില്ല. ഈ സംഭവത്തിന്റെ മറവില്‍ പാര്‍ട്ടി ഓഫിസുകള്‍, വീടുകള്‍, വാഹനങ്ങള്‍, കടകള്‍ നശിപ്പിക്കുന്നത് ആവര്‍ത്തിക്കരുത്. പോലിസ് ജാഗ്രരൂകണമെന്നും എല്ലാവരും സംയമനം പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss