|    Sep 21 Fri, 2018 9:44 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

വേളത്തെ ലീഗു കേന്ദ്രത്തില്‍ വന്‍ ആയുധ വേട്ട : ആക്രമണക്കേസിലെ ആറു പ്രതികള്‍ പോലിസില്‍ കീഴടങ്ങി

Published : 14th May 2017 | Posted By: fsq

കുറ്റിയാടി: കോഴിക്കോട് ജില്ലയില്‍ വേളം പഞ്ചായത്തിലെ പൂമുഖത്ത് ലീഗുകേന്ദ്രമായ പുത്തലത്ത് വന്‍ ആയുധ ശേഖരം പിടികൂടി. ലീഗുകാര്‍ പോലിസിനെ ആക്രമിച്ച സംഭവത്തില്‍ അന്വേഷണം നടത്തുന്നതിനിടെയാണ് ആയുധങ്ങള്‍ പിടികൂടിയത്. ഈ മേഖലയില്‍  കഴിഞ്ഞദിവസവും ലീഗുകേന്ദ്രത്തില്‍ നിന്ന് ആയുധശേഖരം പിടികൂടിയിരുന്നു. ഒരു സ്വകാര്യവ്യക്തിയുടെ പറമ്പില്‍ ചാക്കില്‍ കെട്ടി സൂക്ഷിച്ച നിലയിലാണ് ആയുധങ്ങള്‍ കണ്ടെത്തിയത്. നൂറിലധികം വരുന്ന ഇരുമ്പ് പൈപ്പുകള്‍, നാടന്‍ ബോംബുകള്‍, പോലിസില്‍ നിന്നും തട്ടിയെടുത്ത മൊബൈല്‍ ഫോണുകള്‍, ലാത്തി, ഷീല്‍ഡ്, വയര്‍ലസ് തുടങ്ങിയവ ലീഗ് നിയന്ത്രണത്തിലുള്ള വായനശാലയ്ക്ക് സമീപം കഴിഞ്ഞദിവസം കണ്ടെത്തിയിരുന്നു. ഇതിനു പിന്നാലെ വീണ്ടും ആയുധം പിടികൂടിയത് നാട്ടില്‍ പരിഭ്രാന്തി സൃഷ്ടിച്ചിട്ടുണ്ട്്.   കഴിഞ്ഞമാസം 29നു പൂമുഖത്ത് ലീഗ് അക്രമിസംഘം എസ്‌ഐ ഉള്‍പ്പെടെ പതിമൂന്നിലധികം പോലിസുകാരെ മാരകമായി ആക്രമിച്ച് പരിക്കേല്‍പിച്ചിരുന്നു. കല്ലുകൊണ്ടും മറ്റ് ആയുധങ്ങള്‍ കൊണ്ടും പരിക്കേറ്റ പോലിസുകാര്‍ ഇപ്പോഴും ചികില്‍സയിലാണ്. സംഭവത്തിന്റെ ഭാഗമായി അന്വേഷണവും റെയിഡും നടക്കുന്നതിനിടെയാണു തുടര്‍ച്ചയായി ആയുധങ്ങള്‍ കണ്ടെത്തിയത്. അതിനിടെ മൂന്ന് ലീഗ് പ്രവര്‍ത്തകരെ കൂടി പോലിസ് അറസ്റ്റ് ചെയ്തു. പൂമുഖത്തെ മൗവഞ്ചേരി അബ്ദുല്‍ റാഷിദ് (23), ചോയ്യോര്‍ കുളങ്ങര നാസിം (51), ചെറിയവരപ്പുറത്ത് ഹമീദ് (55) എന്നിവരെയാണ് അന്വേഷണ ചുമതലയുള്ള  സിഐ എന്‍ സുനില്‍കുമാറും സംഘവും അറസ്റ്റ് ചെയ്തത്. പ്രതികളെ നാദാപുരം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു.     പോലിസുകാരെ ആക്രമിച്ച കേസില്‍ ആറു മുസ്‌ലിംലീഗ് പ്രവര്‍ത്തകര്‍ കുറ്റിയാടി പോലിസ് സ്റ്റേഷനില്‍ കീഴടങ്ങി. പൂമുഖം, ചേരാപുരം, കാക്കുനി സ്വദേശികളായ ചാലില്‍ നസീര്‍ (29), കേയത്ത് കുനി റൗഫ് (24), റംഷാദ് (21),  കിഴക്കേപറമ്പത്ത് ഇര്‍ഷാദ് (21), മൗവഞ്ചേരി  താഴെക്കുനി റംഷീദ് (23), വലിയ തയ്യുള്ളതില്‍ ഷംസീര്‍ (21) എന്നിവരാണു കീഴടങ്ങിയത്. പ്രതികളെ നാദാപുരം കോടതിയില്‍ ഹാജരാക്കി.കഴിഞ്ഞമാസം ഭീകര രാഷ്ട്രീയത്തിനെതിരേ ഐക്യപ്പെടുക എന്ന സന്ദേശമുയര്‍ത്തി എസ്ഡിപിഐ കുറ്റിയാടി മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച വാഹനപ്രചാരണ ജാഥയെ ആക്രമിക്കാനെത്തിയതായിരുന്നു 500ലധികം വരുന്ന ലീഗുകാര്‍. പലയിടത്തും ആക്രമം നടത്താനായി ലീഗുകാര്‍ സംഘടിച്ചിരിക്കുന്നു എന്ന വിവരം ലഭിച്ചതിനെ തുടര്‍ന്നാണു പോലിസുകാര്‍ പൂമുഖത്തെത്തിയത്. എസ്‌ഐയുടെ നേതൃത്വത്തില്‍ ലീഗ് പ്രവര്‍ത്തകരെ അനുനയിപ്പിച്ച് പിരിഞ്ഞുപോവാന്‍ ആവശ്യപ്പെടുന്നതിനിടെയായിരുന്നു ആക്രമണം. മേഖലയില്‍ നൂറിലധികം എസ്ഡിപിഐ പ്രവര്‍ത്തകരെ ആക്രമിച്ച കേസില്‍ ഇതുവരെയും ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss