|    Jan 24 Tue, 2017 6:45 pm
FLASH NEWS

വേലി വിളവുതിന്നുന്ന അവസ്ഥ അനുവദിക്കില്ല: മുഖ്യമന്ത്രി

Published : 15th October 2016 | Posted By: SMR

തിരുവനന്തപുരം: വേലിതന്നെ വിളവുതിന്നുന്ന അവസ്ഥ വച്ചുപൊറുപ്പിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജനങ്ങളോട് മര്യാദയോടെ പെരുമാറുന്ന, അഴിമതിക്ക് വശംവദരാവാത്ത പോലിസിനെയാണ് നാടിനാവശ്യമെന്നും അതിനുവിരുദ്ധമായി മൂന്നാംമുറയും അഴിമതിയും സംബന്ധിച്ച പരാതികളുണ്ടായാല്‍ കര്‍ശന നടപടി കൈക്കൊള്ളുമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി. പരിശീലനം പൂര്‍ത്തിയാക്കിയ റിക്രൂട്ട് പോലിസ് കോണ്‍സ്റ്റബിള്‍മാരുടെ പാസിങ്് ഔട്ട് പരേഡിന് അഭിവാദ്യം സ്വീകരിക്കുകയായിരുന്നു അദ്ദേഹം. സ്ത്രീകളും ദുര്‍ബലവിഭാഗങ്ങളുമുള്‍പ്പെടെ എല്ലാവരുടെയും ആവലാതികള്‍ക്ക് ആശ്വാസമേകുന്ന, അഴിമതിക്ക് വശംവദരാവാത്ത പോലിസാണ് നാടിനാവശ്യം. കൊളോണിയല്‍ കാലത്തെ മര്‍ദനശൈലിയല്ല പിന്തുടരേണ്ടത്. മര്‍ദനവും ഭീഷണിയുമാണ് പോലിസിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് അടിസ്ഥാനമെന്ന ധാരണയ്ക്ക് മാറ്റംവന്നിട്ടുണ്ട്. അതിനുവിരുദ്ധമായ പ്രവണതകള്‍ വച്ചുപൊറുപ്പിക്കില്ല. മൂന്നാംമുറ പോലെ തന്നെ അഴിമതിയും ഇല്ലാതാവണം. ഇന്ത്യയിലെ മികച്ച സേനകളില്‍ ഒന്നായി അറിയപ്പെടുമ്പോഴും കേരളാ പോലിസില്‍ അഴിമതിക്ക് വശംവദരാവുന്ന പരാതികള്‍ ഇടയ്ക്ക് ഉയരുന്നത് അവഗണിക്കാന്‍ കഴിയില്ല. അത്തരം പരാതികളില്‍ ശക്തമായ നടപടി കൈക്കൊള്ളാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സേനയില്‍ ആള്‍ശേഷി വര്‍ധിപ്പിക്കാനും അടിസ്ഥാനസൗകര്യങ്ങള്‍ മെച്ചപ്പെടുത്താനും നടപടികള്‍ കൈക്കൊള്ളും. വനിതാ പ്രാതിനിധ്യം വര്‍ധിപ്പിക്കും. കൂടുതല്‍  സ്‌റ്റേഷനുകള്‍ ആരംഭിക്കാനും നവീനസാങ്കേതികവിദ്യകള്‍ ഉപയോഗപ്പെടുത്താനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. തീര്‍പ്പാക്കാതെ കിടന്ന എസ്‌ഐ സീനിയോരിറ്റി ലിസ്റ്റ് അംഗീകരിച്ച് ഒഴിവുകള്‍ നികത്താനുള്ള നടപടികള്‍ കൈക്കൊണ്ടതും ഇതിന്റെ ഭാഗമായാണ്. ജനങ്ങള്‍ക്ക് മെച്ചപ്പെട്ട സുരക്ഷയും നാട്ടില്‍ സമാധാനവും ഒരുക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. ആധുനിക കാലത്ത് പോലിസിന്റെ ചുമതലാ നിര്‍വഹണം മുന്‍കാലത്തേക്കാള്‍ സങ്കീര്‍ണമാണ്.ഭൂമി, ലഹരി, ബ്ലേഡ്, ഗുണ്ടാ മാഫിയകളെയും അമര്‍ച്ചചെയ്യേണ്ടതുണ്ട്. പ്രായോഗികബുദ്ധിയും ശരിയായ കാഴ്ചപ്പാടും ഉണ്ടെങ്കിലേ പോലിസുകാര്‍ക്ക് വിജയിക്കാനാവൂ. നല്ല ഉദ്യോഗസ്ഥനാവാന്‍ കഴിവുമാത്രം പോര,  ജനസമൂഹത്തെ ആഴത്തിലറിയാനുള്ള മനസ്സും വേണം. ജനങ്ങളുടെ പിന്തുണയോടെ സുരക്ഷയും സമാധാനാന്തരീക്ഷവും ഉറപ്പാക്കാനാണ് ശ്രമിക്കേണ്ടതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. എസ്എപി, കെഎപി മൂന്ന്, കെഎപി അഞ്ച് ബറ്റാലിയനുകളിലെ പരിശീലനം പൂര്‍ത്തിയാക്കിയ 247 റിക്രൂട്ട് സേനാംഗങ്ങളുടെ പാസിങ് ഔട്ട് പരേഡാണ് എസ്എപി ഗ്രൗണ്ടില്‍ നടന്നത്. സംസ്ഥാന പോലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റ, ആംഡ് പോലിസ് ബറ്റാലിയന്‍ എഡിജിപി നിതിന്‍ അഗര്‍വാള്‍, മറ്റ് ഉന്നത ഉദ്യോഗസ്ഥര്‍ സംബന്ധിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 11 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക