|    Nov 21 Wed, 2018 5:54 am
FLASH NEWS
Home   >  Editpage  >  Lead Article  >  

വേലിയെ വിള തീറ്റിക്കുന്നതാര്

Published : 7th August 2018 | Posted By: kasim kzm

റഹീം നെട്ടൂര്‍

ഉരുട്ടിക്കൊലക്കേസില്‍ പോലിസുകാരെ വധശിക്ഷയ്ക്കു വിധിച്ചുകൊണ്ടുള്ള സിബിഐ കോടതി വിധി വന്ന ദിവസം കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത് വേലി തന്നെ വിള തിന്നുന്ന അവസ്ഥ അംഗീകരിക്കില്ലെന്നാണ്. അഭിമന്യു വധത്തിന്റെ മറവില്‍ പോലിസിന് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സമ്പൂര്‍ണ പിന്തുണ കൊടുക്കുന്ന മുഖ്യമന്ത്രിക്കുതന്നെയാണ് ഇതു പറയാന്‍ നൂറുശതമാനവും യോഗ്യത.
പോലിസിന് വിള തിന്നാന്‍ അവസരമൊരുക്കുന്നത് എപ്പോഴും ഭരണത്തിലിരിക്കുന്നവരാണ്. പോലിസിനെ സ്വന്തം താല്‍പര്യങ്ങള്‍ക്കനുസരിച്ച് എതിരാളികള്‍ക്കെതിരേ ഉപയോഗിക്കുന്നതില്‍ പലപ്പോഴും ഒരുപടി മുന്നില്‍നില്‍ക്കുന്നതാവട്ടെ, സിപിഎം സര്‍ക്കാരുകളും. സിപിഎം ഭരിച്ചിരുന്ന മറ്റ് സംസ്ഥാനങ്ങളിലേതുപോലെ തന്നെ കേരളത്തിലെ മാര്‍ക്‌സിസ്റ്റ് ഭരണത്തിനു കീഴിലുള്ള പോലിസും എതിര്‍പക്ഷത്തു നില്‍ക്കുന്നവരെ നേരിടാന്‍ സകല തെമ്മാടിത്ത ങ്ങളും ചെയ്യാന്‍ എപ്പോഴും തയ്യാറാണ്.
തങ്ങളുടെ അധികാരം എങ്ങനെ ദുര്‍വിനിയോഗം ചെയ്യാമെന്നു ഗവേഷണം നടത്തുകയാണ് പിണറായിയുടെ പോലിസ്. അഭിമന്യു വധത്തിനുശേഷം കിട്ടിയ സന്ദര്‍ഭം നോക്കി പോലിസിനെ അഴിച്ചുവിട്ടിരിക്കുന്നു ഭരണകൂടം. എസ്ഡിപിഐ എന്ന രാഷ്ട്രീയപ്പാര്‍ട്ടിയെ ലക്ഷ്യമിട്ടാണ് പോലിസിന്റെ നീക്കങ്ങള്‍. മുസ്‌ലിം-അമുസ്‌ലിം വ്യത്യാസമില്ലാതെ എല്ലാ പ്രവര്‍ത്തകരുടെയും വീടുകള്‍ രാപകല്‍ഭേദമെന്യേ കയറിയിറങ്ങി പ്രവര്‍ത്തകരെയും കുടുംബങ്ങളെയും ഭീഷണിപ്പെടുത്തുന്ന പരിപാടി നിര്‍ബാധം തുടരുന്നു.
ഒരു എംഎല്‍എയോ എംപിയോപോലുമില്ലാത്ത രാഷ്ട്രീയപ്പാര്‍ട്ടിയെ വേട്ടയാടുന്ന സിപിഎം, തങ്ങള്‍ക്കെതിരായ ചെറിയ ശബ്ദങ്ങള്‍ പോലും അനുവദിക്കില്ലെന്ന സന്ദേശമാണ് ഇതിലൂടെ നല്‍കുന്നത്. എന്നാല്‍, പ്രതിയോഗികളെ നേരിടാന്‍ പോലിസിനെ കയറൂരിവിടുമ്പോള്‍ തെറ്റായ പുതിയ കീഴ്‌വഴക്കങ്ങളാണ് സേനയില്‍ രൂപപ്പെടുന്നതെന്ന കാര്യം മുഖ്യമന്ത്രിയും കൂട്ടരും അറിയാതെ പോകുന്നതാവാന്‍ വഴിയില്ല. ഇപ്പോഴത്തെ കാര്യലാഭത്തിനായി അതു സൗകര്യപൂര്‍വം മറക്കുന്നതാവാനേ തരമുള്ളൂ.
സേനയെ തങ്ങളുടെ ഇംഗിതത്തിന് ഉപയോഗിക്കുന്ന പാര്‍ട്ടിക്കാര്‍ യഥാര്‍ഥത്തില്‍ സ്വന്തം കുഴി തോണ്ടുന്നതിനാണ് തുടക്കമിടുന്നത്. കഴിഞ്ഞ ഇടതുപക്ഷ ഭരണകാലത്ത് കോടിയേരി ബാലകൃഷ്ണന്‍ ആഭ്യന്തരമന്ത്രിയായിരിക്കെയാണ് കേരളത്തില്‍ ആദ്യമായി കരിനിയമമായ യുഎപിഎ പ്രയോഗിക്കുന്നത്. ഇത് യുഎപിഎ ചുമത്തുന്നതിന് പോലിസിന് ഒരു തുടക്കംകൊടുക്കലായിരുന്നു. പിന്നീട് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനെതിരേ സിബിഐ യുഎപിഎയുമായി വന്നപ്പോഴാണ് സിപിഎം യുഎപിഎ കരിനിയമമാണെന്നൊക്കെ പറയാന്‍ തുടങ്ങിയത്.
അധികാരമുണ്ടായിരുന്നപ്പോള്‍ ബംഗാളിലും ത്രിപുരയിലും പോലിസ് സേനയെ ഉപയോഗിച്ചു നടത്തിയ നരനായാട്ടിന് ഇപ്പോള്‍ അവിടെ സിപിഎം പ്രവര്‍ത്തകര്‍ കനത്ത വില നല്‍കിക്കൊണ്ടിരിക്കുകയാണ്. ബംഗാളില്‍ 1977ല്‍ അധികാരത്തില്‍ കയറുന്നതും പിന്നീട് ഭരണത്തില്‍ അള്ളിപ്പിടിച്ചിരുന്നതും പോലിസിനെ ഉപയോഗിച്ച് എതിരാളികളെ ഉന്‍മൂലനം ചെയ്തതിലൂടെയാണ്. നേരത്തേ എതിരാളികളെ കൊന്നുതള്ളുന്നതിന് പോലിസിനൊപ്പം അരയും തലയും മുറുക്കിയിറങ്ങിയ മാര്‍ക്‌സിസ്റ്റുകള്‍ ഇന്ന് അതേ പോലിസ് സംവിധാനം നോക്കിനില്‍ക്കെ കൊല്ലപ്പെട്ടുകൊണ്ടിരിക്കുന്നു ഇവിടങ്ങളില്‍. മാര്‍ക്‌സിസ്റ്റ് സര്‍ക്കാരുകള്‍ അനുവദിച്ചുകൊടുത്ത പീഡനമുറകളും ഉന്‍മൂലനതന്ത്രങ്ങളുമെല്ലാം ഇപ്പോള്‍ തങ്ങളുടെ പ്രവര്‍ത്തകര്‍ക്കെതിരേ പോലിസ് പ്രയോഗിക്കുമ്പോള്‍ വിരല്‍ കടിച്ചുനോക്കി നില്‍ക്കാന്‍ മാത്രമേ സിപിഎം നേതൃത്വത്തിനാവുന്നുള്ളൂ.
രാഷ്ട്രീയ എതിരാളികളുടെ വീടുകള്‍ കയറിയിറങ്ങി അവരെ ഭയപ്പെടുത്താനും അവര്‍ ഏതെങ്കിലും പരിപാടികള്‍ പ്രഖ്യാപിക്കുമ്പോള്‍ തലേദിവസം തന്നെ മുഴുവന്‍ പ്രവര്‍ത്തകരെയും പിടികൂടി കസ്റ്റഡിയില്‍ വയ്ക്കാനും പോലിസിന് ധൈര്യം കൊടുത്തിരിക്കുകയാണ് സര്‍ക്കാര്‍. കേരളത്തില്‍ ഇതിനു മുമ്പില്ലാത്തവിധമുള്ള തെറ്റായ രീതികളാണ് പോലിസിനെ കോടിയേരി പഠിപ്പിച്ചതും പിണറായി ഇപ്പോള്‍ പഠിപ്പിച്ചുകൊണ്ടിരിക്കുന്നതും.
പോലിസ് സേനയെ യാതൊരുവിധ മയവുമില്ലാതെ എടുത്തു പ്രയോഗിക്കാന്‍ മടിയില്ലാത്ത ഫാഷിസ്റ്റ് പാര്‍ട്ടികള്‍ സജീവമായിക്കൊണ്ടിരിക്കുന്ന കാലത്തും കേരളത്തില്‍ എന്നും തങ്ങള്‍ക്കു മാറിമാറി ഭരണത്തില്‍ കയറാമെന്ന തെറ്റായ ധാരണയിലാണ് സിപിഎം ഇന്നും കഴിയുന്നത്. ബംഗാളിലും ത്രിപുരയിലും അധികാരം വിട്ടിറങ്ങിയ അന്നു മുതല്‍ തങ്ങള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന പോലിസ് പീഡനങ്ങളില്‍ നിന്ന് കേരളത്തിലെ സിപിഎം പാഠം ഉള്‍ക്കൊള്ളേണ്ടതുണ്ട്. എതിരാളികളെ ഒതുക്കാന്‍ തങ്ങള്‍ പാല്‍ കൊടുത്തുവളര്‍ത്തുന്ന വിഷപ്പാമ്പ് ഒരിക്കല്‍ തങ്ങളെ തന്നെ തിരിഞ്ഞുകൊത്തുമെന്ന ബോധ്യം സിപിഎമ്മിന് ഇല്ലാത്തിടത്തോളം കേരളത്തില്‍ ഇത്തരം പോലിസ്‌രാജ് തുടരുക തന്നെ ചെയ്യും.
നിയമവിരുദ്ധമായി, രോഗികളെയും വൃദ്ധരെയും സ്ത്രീകളെയും അടക്കം കസ്റ്റഡിയിലെടുത്തു കൊണ്ടുപോവുന്ന പോലിസ് രീതി കസ്റ്റഡിമരണങ്ങള്‍ സൃഷ്ടിക്കുക തന്നെ ചെയ്യും. അന്നും അധികാരക്കസേരയിലിരുന്ന് പിണറായി വിളിച്ചുപറയണം, വേലി തന്നെ വിളവു തിന്നുന്നത് അവസാനിപ്പിക്കണമെന്ന്. ി

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss